ദ്വാരകനാഥ് കോട്നിസ് – ഭാരതത്തിനു പുറത്ത് മനുഷ്യഹൃദയങ്ങളിൽ ഇടം നേടിയ ഡോക്ടർ
ഇന്ന് ഡോക്ടർസ് ഡെ – ആതുര ശുശ്രൂഷാ രംഗത്ത് ഡോക്ടർമാർ കൊടുത്തിട്ടുള്ള സംഭാവനകൾ ഓർക്കാനൊരു ദിനം. ഞാൻ ഇന്നും ആരാധനയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ. ദ്വാരകനാഥ് കോട്നിസ്. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് വായിക്കുന്നത്, ഇന്നും അദ്ദേഹത്തിന്റെ ത്യാഗങ്ങൾ മായാതെ എന്റെ മനസിലുണ്ട്. പരിക്ക് പറ്റിയ സൈനികരെ വിശ്രമമില്ലാതെ പരിചരിച്ച് ഒടുവിൽ സ്വയം വിധിക്ക് കീഴടങ്ങിയ ഒരു മഹാനായ ഡോക്ടർ, അതും വെറും മുപ്പത്തിരണ്ടാം വയസ്സിൽ.
ഹൃദയത്തിൽ തങ്ങിനിൽക്കുന്നകഥയാണ് ദ്വാരകനാഥ് കോട്നിസ് എന്ന ഡോക്ടറുടെ. ചൈനക്കാരുടെ ഹൃദയത്തിൽ ഒരു ഇന്ത്യൻഡോക്ടർക്ക് ഇടം നേടാൻ കഴിയണമെങ്കിൽ, കാലങ്ങൾക്കിപ്പുറവും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കിൽ ആ വ്യക്തി എത്ര മഹാനായിരിക്കും!!
1938ൽ ചൈന-ജപ്പാൻ യുദ്ധസമയത്ത് ചൈനയെ സഹായിക്കാൻ ഇന്ത്യയിൽ നിന്നും പോയ അഞ്ചു ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു ദ്വാരകനാഥ് കോട്നിസ്. യുദ്ധകാലത്ത് ഡോക്ടറുടെ ആത്മാർഥമായ പ്രവർത്തികൾ അവിടുത്തെ ജനങ്ങളുടെ മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിക്കൊടുത്തു. യുദ്ധത്തിൽ പരിക്കുപറ്റിയ ചൈനീസ് സൈന്യകരെ മൊബൈൽ ക്ലിനിക്കുകളിൽ അഞ്ചു വർഷമാണ് പരിചരിച്ചത്, ദ്വാരകാനാഥിന്റെ മരണം വരെ.
വിശ്രമമില്ലാത്ത പരിചരണം കാരണം തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ കോട്നിസ് മരിക്കുമ്പോൾ മകന് വെറും മൂന്നു മാസം പ്രായം. സൈനികരെ ശുശ്രൂഷിക്കാനായി ചൈനയിൽ എത്തിയ അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങാൻ കഴിഞ്ഞുമില്ല. കഷ്ടിച്ച് ഒരു വർഷം മുമ്പ് ഒരു ചൈനീസ് നഴ്സിനെയാണ് ദ്വാരകനാഥ് പ്രണയിച്ച് വിവാഹംകഴിച്ചത് . വിവാഹം കഴിച്ചത് 1941 ഡിസംബറിൽ (നവംബറിൽ എന്നും പറയുന്നുണ്ട്). അടുത്ത ഡിസംബറിൽ അദ്ദേഹം മരിച്ചു.
ഇന്ത്യ-ചൈനീസ് സൗഹൃദം ഓർമ്മിപ്പിക്കാൻ “യിൻഹുവ” എന്ന പേരാണ് മകന് അദ്ദേഹം നൽകിയത്. ഇന്ന് ഈ അയൽരാജ്യങ്ങൾ തമ്മിലടിക്കുമ്പോൾ ദ്വാരകനാഥിനെ ഓർത്തുപോവുന്നു, മറ്റൊരു രാഷ്ട്രത്തിനു വേണ്ടി അദ്ദേഹത്തിന്റെ ത്യാഗവും. വിധവ ആയ ഗുയോ ക്വിൻഗ്ലാൻ ഏഴു വർഷങ്ങൾക്ക് ശേഷം പുനർവിവാഹം കഴിച്ചു. മകൻ യിൻഹുവ അച്ഛന്റെ മാർഗം തന്നെ തിരഞ്ഞെടുത്തു. പക്ഷെ ബിരുദധാരി ആകുന്നതിനു തൊട്ടുമുമ്പ് തന്റെ 24-ആം വയസ്സിൽ മരിക്കുകയായിരുന്നു, മെഡിക്കൽ അനാസ്ഥ കാരണം. ഗുയോ ക്വിൻഗ്ലാൻ 2006ഇൽ ഇന്ത്യ കാണാൻ വന്നിരുന്നു തന്റെ തൊണ്ണൂറാം വയസ്സിൽ. ആറു വർഷങ്ങൾക്ക് ശേഷം അവർ അന്തരിച്ചു.
വി ശാന്താറാമിന്റെ പ്രശസ്തമായ ഡോ. കോട്നിസ് കി അമർ കഹാനി (1946) എന്ന ബോളിവുഡ് മൂവി ദ്വാരകനാഥ് കോട്നിന്റെ കഥ ആയിരുന്നു.
Recent Comments