കാസർഗോഡിലെ പ്രേതകല്യാണം – മരിച്ച കുട്ടികളുടെ വിവാഹം
മരിച്ച കുട്ടികളുടെ വിവാഹം കുടുംബത്തിലെ ജീവനുള്ള അംഗങ്ങൾക്ക് ഐശ്വര്യം വരുത്താൻ സഹായിക്കുമോ? സാങ്കേതികമായി മുന്നേറുകയും അന്ധവിശ്വാസങ്ങളിൽ ശ്രദ്ധ കുറയുകയും ചെയ്ത ഈ നവയുഗത്തിൽ നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള വിചിത്ര ആചാരങ്ങൾ ഇപ്പോഴും നിലനില്ക്കുന്നുണ്ടോ? ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കാണുന്ന ചില ആചാരങ്ങൾ ഉണ്ട് എന്ന് തന്നെ പറയാം. അടുത്തകാലത്ത്, ബോളിവുഡ് സിനിമകളിൽ മരവുമായുള്ള വിവാഹം (Phillauri), പശുവും ആയുള്ള വിവാഹം (Toilet: Ek Prem Katha) പോലുള്ള വിചിത്ര ആചാരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഐതിഹ്യമാലയിൽ അങ്ങനെ പല കഥകൾ പറയുന്നുണ്ടെങ്കിലും, ഒരുകാലത്ത് അവയൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും കേരളത്തിലും ഇത്തരം ആചാരങ്ങൾ നിലവിലുണ്ടോ? ഉണ്ട് എന്ന് തന്നെ പറയേണ്ടതായി വരും. കാസർഗോഡിന്റെ അതിർത്തിയിൽ, നൽകടയ, മൊഗേയർ, മാവിലൻ എന്നീ സമുദായങ്ങളുടെ ഇടയിൽ പ്രേതകല്യാണം എന്ന വിചിത്ര ആചാരം തുടരുന്നു. ‘പ്രേതം’ എന്നത് ആത്മാവിനെയോ മരിച്ചവരൊന്നയോ സൂചിപ്പിക്കുന്നതിനാൽ ‘പ്രേതകല്യാണം’ എന്നത് അർത്ഥമാക്കുന്നത് മരിച്ചവരുടെ വിവാഹം എന്നാണ്. കേൾക്കുന്നവർക്ക് വിചിത്രം എന്നോ വെറുമൊരു തമാശയായോ തോന്നാമെങ്കിലും, കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയാൽ നമ്മളുടെ ചിന്തകൾ തന്നെ മാറിപ്പോകും. കാരണം അവർ ഇന്നും ആചരിക്കുന്ന ഈ ആചാരങ്ങൾ, ഒരുകാലത്ത് പ്രിയരായിരുന്ന നഷ്ടപ്പെട്ടുപോയ ആത്മാക്കൾക്കായുള്ള ഒരു അർപ്പണമാണ്, അതും സ്വന്തം മക്കൾക്ക്; കർക്കിടക വാവിന് ഹിന്ദുക്കൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതുപോലെ. ഇനി പറയൂ, വെറും തമാശയാണോ അത്?
മൊഗേയർ സമുദായത്തിലെ ഒരു പ്രസിദ്ധ പ്രേതകല്യാണം
2017 ഒക്ടോബർ 29-ന് കാസർഗോഡ് ബെഡിയടുക്ക പഞ്ചായത്തിൽ മൊഗേയർ സമുദായത്തിലെ ഒരു പ്രേതകല്യാണം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഉമ്മേശ് (സോമൻ-ശാന്ത ദമ്പതികളുടെ മകൻ) സുകന്യ (പള്ളത്തടുക്ക കൃഷ്ണൻ-സുന്ദരി ദമ്പതികളുടെ മകൾ) എന്നിവരുടെ വിവാഹം വധുവിന്റെ വീട്ടിൽ വലിയ ആഘോഷത്തോടെ നടന്നു. എന്നാൽ ഈ വിവാഹം സാധാരണ വിവാഹങ്ങൾക്കു തികച്ചും വ്യത്യസ്തമായിരുന്നു. കാരണം, വധുവും വരനും ഇരുപതു വർഷങ്ങൾക്ക് മുമ്പ് കുട്ടിക്കാലത്തുതന്നെ മരിച്ചവരാണ്. ഉമ്മേശ് 26 വർഷം മുമ്പ് രണ്ടാം വയസ്സിലും സുകന്യ 20 വർഷം മുമ്പ് 1.5 വയസ്സിലും മരിച്ചവരാണ്. അവരുടെ വിവാഹമാണ് ബന്ധുക്കൾ ആർഭാടമായി നടത്തിയത്.
മൊഗേയർ പ്രേതകല്യാണം അല്ലെങ്കിൽ ‘മധുമേയ്’
കേരള-കർണാടക അതിർത്തിയിലുള്ള തുളു സമുദായങ്ങൾ കുറയുകയാണെങ്കിലും, മൊഗേയർ സമുദായം ഇപ്പോഴും തങ്ങളുടെ പാരമ്പര്യ ആചാരങ്ങൾ പാലിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ പ്രേതകല്യാണം എന്നത് മരിച്ചവരുമായി ബന്ധിപ്പിച്ചുള്ള ഒരു ആചാരമാണ്. ‘മധുമേയ്’ എന്നത് തുളു ഭാഷയിൽ ‘വിവാഹം’ എന്നാണർത്ഥം. അവരുടെയിടയിൽ മരിച്ച കുട്ടികൾ അവരുടെ ലോകത്തിൽ വളർന്ന് പ്രായപൂർത്തിയാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം, അവരുടെ ആത്മാക്കൾക്ക് അനുയോജ്യമായ പങ്കാളികളെ കണ്ടെത്തി വിവാഹം നടത്തുന്നു. ജാതക പൊരുത്തം പോലും നോക്കി വിവാഹം നിശ്ചയിക്കുകയും സാധാരണ വിവാഹങ്ങൾ പോലെ എല്ലാ ചടങ്ങുകളും പരിപാലിച്ച് ആഡംബരമായി തന്നെ അവരുടെ വിവാഹം നടത്തുന്നു, അതും പൂജാരിയുടെയും ബന്ധുക്കളുടെയും സ്വന്തക്കാരുടെയും സാന്നിധ്യത്തിൽ. Also read the topic in English.
പ്രേതകല്യാണം എങ്ങനെയാണ് നടത്തുന്നത്?
വരനും വധുവുമെന്ന നിലയിൽ മരിച്ച കുട്ടികളുടെ രൂപങ്ങൾ തടി, വൈക്കോൽ അല്ലെങ്കിൽ വെള്ളി ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. അവയ്‌ക്ക് വിവാഹ വസ്ത്രങ്ങൾ അണിയിക്കുകയും, അവരുടെയെല്ലാം ആത്മാക്കളെ അതിലേക്ക് ആഹ്വാനിക്കുകയും ചെയ്യുന്നു. ഇത് ഒരു കളിയല്ല, മറിച്ച് വളരെ ഗൗരവത്തോടെ അനുഷ്ഠിക്കപ്പെടുന്ന ഒരു ആചാരമാണ്.
വരന്റെ പ്രതിമയിൽ മുണ്ടും ജുബ്ബയും തൊപ്പിയും അണിയിക്കും. വധുവിന് കാഞ്ചീപുരം സാരി, ആഭരണങ്ങൾ, പൂക്കൾ എന്നിവ അണിയിച്ചുകൊടുക്കും. കളിപ്പാട്ടങ്ങൾ പോലെ അണിയിച്ചൊരുക്കുന്നു എന്ന് പറയാം. വിവാഹ ദിവസം, വരന്റെ കുടുംബം വധുവിന്റെ വീട്ടിലേക്ക് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുകയും ആചാരങ്ങൾ നിർവ്വഹിക്കുകയും ചെയ്യും. രണ്ടു കുടുംബങ്ങളുടെയും അനുവാദത്തോടെയും ആശിർവാദങ്ങളോടും കൂടിയാണ് വിവാഹ കർമ്മങ്ങൾ പൂർത്തിയാക്കുന്നത്.
ആത്മാക്കളിൽ വിശ്വസിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇന്നും നമ്മൾക്കിടയിൽ ഉണ്ട് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് പ്രേത കല്യാണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ട് ലോകങ്ങൾ തമ്മിലുള്ള, അല്ലെങ്കിൽ രണ്ട് ലോകങ്ങളിൽ ജീവിക്കുന്ന ആളുകൾ തമ്മിലുള്ള ഒരു ആശയവിനിമയം, അർപ്പണബോധത്തോടെ ചെയ്യുന്ന പ്രശ്നപരിഹാരം – അതാണ് പ്രേത കല്യാണം. മരണാനന്തര പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് ഈ ചടങ്ങ് വളരെ പ്രധാനപ്പെട്ടതാണ്.
വിവാഹദിനത്തിൽ ചന്ദന തിലകം പൂശി ശോഭയോടെ അലങ്കരിച്ച വരനെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗമനത്തിൽ വധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. വിവാഹം നടത്തിപ്പിക്കാൻ ഒരു മതപണ്ഡിതൻ, വരൻറെ അച്ഛൻ, മാതുലൻ തുടങ്ങിയ ബന്ധുക്കളും ഈ സംഘം ഉൾക്കൊള്ളും. വധുവിന്റെ വീട് ലളിതമായി അലങ്കരിക്കുകയും അതിഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. വിവാഹ ചടങ്ങുകൾക്ക് ശേഷം അതിഥികൾക്ക് സദ്യ ഒരുക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു.
വരൻറെ സംഘം വധുവിന്റെ വീട്ടിൽ എത്തുമ്പോൾ, അവരെ സ്നേഹത്തോടെ വരവേൽക്കുന്നു. വിവാഹ ചടങ്ങ് നടക്കേണ്ട പന്തൽ പ്രതിനിധീകരിക്കുന്നതിന്റെ ഭാഗമായി പാലം മരത്തിൻറെ തണ്ട് മണ്ണിൽ നാട്ടും. നിലം വിശുദ്ധമാക്കുന്നതിനായി പശുവിന്റെ ചാണകദ്രാവകം ഉപയോഗിക്കും. അതിന് ശേഷം രണ്ടുഭാഗങ്ങളിലായാണ് രണ്ടുകുടുംബങ്ങളും വിവാഹ നിശ്ചയത്തിനായി ഇരിക്കുന്നത്. വരൻറെ ബന്ധുക്കൾ അടയ്ക്ക, വെറ്റില, പണം എന്നിവ ഒരു പഴഞ്ചൻ വാഴയില കീറിൽ വച്ച് വധുവിന്റെ കുടുംബത്തിന് നൽകും. ഇതിന് ശേഷം, അവർ അവിടെയെത്തിയതിന്റെ കാരണം വ്യക്തമാക്കും.
എല്ലാ ചടങ്ങുകളും ഒരേ ദിവസം പൂർത്തിയാക്കുന്നതിനാൽ, വിവാഹനിശ്ചയം അന്നുതന്നെ നടക്കും. എല്ലാ ആശയവിനിമയവും തുളു ഭാഷയിലാണ് നടക്കുന്നത്. കുട്ടിക്കാലത്ത് മരിച്ചു പോയ ഈ ആത്മാക്കൾ അദൃശ്യലോകത്തിൽ വളർന്ന് യുവാക്കളായിരിക്കുമെന്ന വിശ്വാസത്തോടെയാണ് ഇവർ വിവാഹം നടത്തുന്നത്. അതിനാൽ, അവരെ സന്തോഷകരമായി ദാമ്പത്യ ജീവിതത്തിലേക്ക് കടത്തിവിടണമെന്ന് ഇരുകുടുംബങ്ങളും തീരുമാനിക്കുന്നു. തുളു ഭാഷയിൽ ഭർത്താവിനെ “ഗന്ദാനി” എന്നും ഭാര്യയെ “ഭദുതി” എന്നും വിളിക്കുന്നു.
വിവാഹ ചടങ്ങ് ആരംഭിക്കുമുൻപ്, ദേവതകളെ തൃപ്തിപ്പെടുത്തുന്നതിനായി മദ്യം അർപ്പിക്കും. മദ്യം തളിച്ച് കലശങ്ങളിൽ വെക്കുന്നതും ഇതിന്റേതു ഭാഗമാണ്. അലങ്കരിച്ച മണവാട്ടിയുടെ പ്രതിമ മണവാളന്റെ അടുത്തായി വെക്കും. അവൾ വിവാഹസാരി, വളകൾ, മാലകൾ, മിന്നുമാല, മല്ലിപ്പൂക്കളും ധരിച്ചിരിക്കും. തുടർന്ന്, പുഷ്പമാലാ മാറ്റം, താലി കെട്ടൽ എന്നിവയും നടക്കും. ഈ ചടങ്ങുകൾ നടത്തുന്നത് മരിച്ചവരുടെ സഹോദരന്മാരോ അടുത്ത ബന്ധുക്കളോ ആകും. ഇതിൽ, പരസ്പരം മാല അണിയിക്കൽ, മംഗല്യസൂത്രം അണിയിക്കൽ, സിന്ദൂരം വധുവിന്റെ നെറ്റിയിൽ തൊടുക എന്നിവയും ഉൾപ്പെടുന്നു.
സാധാരണ വിവാഹങ്ങളിലെ പോലെ സഹോദരങ്ങളും ബന്ധുജനങ്ങളും തെച്ചിപ്പൂവും അരിയും എറിഞ്ഞ് വധൂവരന്മാരെ ആശിർവദിക്കും. തുടർന്ന്, പരമ്പരാഗതമായ സദ്യ വാഴയിലയിൽ കഴിച്ചശേഷം, വിടവാങ്ങൽ ചടങ്ങ് ആചരിക്കപ്പെടുന്നു. വിടവാങ്ങൽ ചടങ്ങിനുശേഷം, വധുവിന്റെ പ്രതിമ വരൻറെ കുടുംബം വീട്ടിലേക്ക് കൊണ്ടുപോകും. ഇത് സാധാരണ വിവാഹങ്ങളിൽ വധു ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് സമാനമാണ്.
കുടിയിരുത്തൽ ചടങ്ങ്
മണവാളന്റെ വീട്ടിൽ അർദ്ധരാത്രിയിൽ “കുടിയിരുത്തൽ” എന്ന പ്രധാന ചടങ്ങ് നടത്തും. മോഗേയർ സമുദായത്തിൽ, വിവാഹം കഴിഞ്ഞ വധുവും വരനും പാലമരം പോലെയുള്ള കറയുണ്ടാക്കുന്ന (milk-yielding tree) ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഇരുത്തും. ഈ സ്ഥലം ശുദ്ധീകരിച്ച ശേഷമേ ചടങ്ങ് നടത്തൂ. വിവാഹിതരായ ദമ്പതികളുടെ പ്രതിമകൾ അവിടെ സ്ഥാപിക്കുകയും കുടുംബാംഗങ്ങൾ അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും. തുടർന്ന്, ബന്ധുക്കൾ പ്രാർത്ഥിച്ച ശേഷം തിരിച്ച് പോകും.
പ്രേത കല്യാണം എന്തിന് നടത്തുന്നു?
ചെറുപ്പത്തിൽ മരിച്ച കുട്ടികളുടെ ആത്മാക്കൾ കുടുംബത്തിനും പ്രത്യേകിച്ച് സഹോദരങ്ങൾക്കുമാണ് ദോഷം ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവർക്ക് വിവാഹം നടക്കാതി രിക്കുന്നത്, ജീവിതത്തിൽ ചില തടസ്സങ്ങൾ, വിവാഹ തകരാർ, സന്താനലാഭം ഉണ്ടാകാത്തത് തുടങ്ങിയ പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാകാമെന്ന് കരുതപ്പെടുന്നു.
കുടുംബത്തിൽ ചെറിയ കുട്ടികൾ മരിച്ച ശേഷം ദുരന്തങ്ങൾ, അപകടങ്ങൾ പോലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ, അവരുടെ കുടുംബാംഗങ്ങൾ ഇതിന്റെ കാരണം അറിയാനായി ജോത്സ്യരെ ആശ്രയിക്കാറുണ്ട്. ജ്യോതിഷി ഈ ദോഷങ്ങൾ നീക്കുന്നതിനും കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും പ്രേതകല്യാണം നടത്താൻ നിർദ്ദേശിക്കാം. വിശ്വാസപ്രകാരം, യുവത്വത്തിലെത്തിയ ഈ വിഹംഗാത്മാക്കൾ വിവാഹിതരാകുമ്പോൾ കുടുംബത്തിൽ സംഭവിക്കുന്ന ദുഃഖകരമായ സംഭവങ്ങൾ കുറയുമെന്ന് കരുതുന്നു.
ഇതിനായി കുടുംബാംഗങ്ങൾ അനുയോജ്യമായ വരനും വധുവിനും വേണ്ടി തിരയുകയും ജാതക പൊരുത്തം പരിശോധിക്കുകയും ചെയ്യും. വധു അവരുടെ തന്നെ സമുദായത്തിൽപ്പെട്ടവളായിരിക്കണം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മധുമേയ് (ഭൂത വിവാഹം) എന്നറിയപ്പെടുന്ന ഈ ചടങ്ങിൽ പങ്കെടുക്കും.
നൽകടയ, മോഗേയർ, മാവിലൻ സമുദായങ്ങൾ ആചരിക്കുന്ന മധുമേയ് ആചാരത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. മരണത്തിന് ശേഷമുള്ള ജീവിതമുണ്ട് എന്ന പഴയ വിശ്വാസത്തിന്റെ തുടർച്ചയാണിത്. മരണം എന്ന അതിഗംഭീരമായ അതിരിനെ മറികടക്കാനും അതിന്റെ രഹസ്യങ്ങളെ തരണം ചെയ്യാനുമുള്ള ഒരു ആചാരമായി ഇതിനെ കാണാം. ആധുനിക കാലത്ത് പൊതുജനങ്ങളുടെ അറിവോടെ നടത്തുന്ന ഇത്തരം കല്യാണങ്ങളുടെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പുതുതലമുറയ്ക്ക് ഇത്തരം വിശ്വാസങ്ങളോട് അടുപ്പും തോന്നാത്തത് ആവാം കാരണം. പുതിയ തലമുറ ഈ ആചാരങ്ങളെ അന്ധവിശ്വാസമായി കാണുമ്പോഴും, ഇന്നും ചിലർ ഈ പാരമ്പര്യങ്ങൾ ശക്തമായി വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നു.
പൂർവികരെ ബഹുമാനിക്കുന്ന ഒരു സംസ്കാര പാരമ്പര്യം ഉണ്ട് ഭാരത ജനതയ്ക്ക്. അവരെ സന്തോഷിപ്പിക്കാൻ ബലിതർപ്പണങ്ങൾ നൽകാറുമുണ്ട്. എല്ലാ അവസരങ്ങളിലും സുഖദുഃഖങ്ങളിലും നമ്മൾ അവരെ ഓർക്കാറുണ്ട്. പ്രേത കല്യാണം അത്തരം പല അധ്യായങ്ങളിൽ ഒരു അധ്യായം മാത്രം!
Recent Comments