കടലാസുതോണി
അടുക്കും ചിട്ടയുമില്ലാതെ
പെറുക്കിവച്ച ചില അദ്ധ്യായങ്ങൾ
എന്റെ ജീവിതം….
ആരോടും പറയാത്ത കഥകൾ
പലകുറി പറഞ്ഞ കഥകൾ
ഉത്തരമില്ലാ കടംകഥകൾ
വായിക്കാൻ കഴിയാത്തവ
വായിച്ചാലും മനസ്സിലാകാത്തവ
വർണങ്ങൾ തെളിയാത്തവ
വിചിത്രമായവ
അവിശ്വസനീയമായവ
കടുംവർണങ്ങൾ ഉള്ളവ
നിറമില്ലാത്തവ
നിശാഗന്ധിയുടെ നൈർമല്യമുള്ളവ
കൊഴിഞ്ഞ പൂവിൻ ഗന്ധമുള്ളവ…
നീ തിരഞ്ഞെടുത്തു
അതിൽ നിന്നും കുറച്ചു താളുകൾ
ചില വാക്കുകൾ
ചില വരികൾ
ചിന്തിച്ചു തിരഞ്ഞെടുത്ത –
ചില വർണങ്ങൾ
എനിക്കായ് നീ സമ്മാനിച്ചു
അവ കൊണ്ടൊരു കടലാസുതോണി
എനിക്ക് ഒഴുകി നടക്കുവാൻ
ആഴമേറിയ കടൽപ്പരപ്പിലൂടെ
നീന്തി നടക്കുവാൻ
പേടിയില്ലാതെ
സ്വാതന്ത്ര്യത്തോടെ
നീലാകാശത്തിനും നക്ഷത്രത്തിനും താഴെ
ആരും സഞ്ചരിക്കാത്ത പാതകളിലൂടെ
ഒരു യാത്ര….
ഞാനൊരിക്കലും തുടങ്ങുവാൻ പോലും –
ധൈര്യപ്പെടാത്ത ഒരു യാത്ര.
ഞാനിതാ പുറപ്പെടുകയായ് ……
Image source: Pixabay
Recent Comments