എനിക്ക് പ്രിയപ്പെട്ട വാക്യങ്ങൾ – മറ്റൊരു മീരയായ് Part 2
അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം
ഒരു കൂടിക്കാഴ്ചക്ക് കൂടി ആ കടൽത്തീരവും മറ്റൊരു സായാഹ്നവും സാക്ഷികളായി.
അവളുടെ കണ്ണുകളിൽ അന്ന് തിളങ്ങികണ്ട ആത്മാർഥത…..എന്നാൽ തീർത്തും ജലരേഖ പോലെയായിരുന്നു അവളുടെ വാഗ്‌ദാനം.
ആദ്യം കാണുന്ന ഊഷ്മളതയൊന്നും ഒരു ബന്ധത്തിനും പിന്നീടുണ്ടാവില്ല എന്ന് പറയുന്നത് സത്യമാണോ?
മനുഷ്യന്റെ സ്വഭാവം എത്ര പെട്ടെന്നാണ് മാറുന്നത്, നദി ഗതി മാറി ഒഴുകും പോലെ.
എന്നാലിന്നോ, മറിച്ചു കഴിഞ്ഞ പല താളുകളിലെ മാഞ്ഞുപോയ ഒരു അക്ഷരം മാത്രം!
നിന്നോട് പറയാനായി ഞാൻ ഒരുപാട് കാര്യങ്ങൾ കരുതിവച്ചിട്ടുണ്ട്. പൂർത്തിയാകാത്ത ഒരു ചിത്രംപോലെ വീർപ്പുമുട്ടുകയാണ് എന്റെ മനസ്സിപ്പോൾ
തെറ്റായി ചെയ്തുകൂട്ടിയ കാര്യങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടി, സാരമില്ല.
അവൾ ചിന്തകൾക്ക് വിശ്രമം നൽകി.
ബന്ധങ്ങൾ ഉടലെടുക്കാനും നശിക്കാനും എത്ര നേരം, ജലകുമിളകൾ പോലെ! ഭൂമിയേ ശാശ്വതമല്ല, പിന്നെയല്ലേ അതിൽ ഉടലെടുക്കുന്ന ബന്ധങ്ങൾ!
അദ്ധ്യായം 6 – യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ചില അപരിചിതർ
ആവണിമാസത്തിന്റെ സുഗന്ധമുള്ള ഒരു തെന്നൽ തന്നെ തഴുകി കടന്നു പോയോ?
ചിലപ്പോഴൊക്കെ അങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി പറയാൻ മനസ്സിന് കഴിയാറില്ല.
അവൾ ബാക്കി സാധനങ്ങളെല്ലാം തിരിച്ച് ബാഗിനകത്താക്കി മെല്ലെ പടിയിറങ്ങി. അപ്പോൾ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു.
രണ്ട് മൂന്നു് നാൾ അവളറിയാതെ ഏതോ ഒരു ഭാരം കൂടി അവളുടെ മനസ്സ് താങ്ങി.
അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി
ഏകാകിയാണ് താനിപ്പോൾ എന്നവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. തന്നെപോലെ ഏകാകിനിയല്ലേ ഈ മഴയും?
വിങ്ങിനിൽക്കും ആകാശത്തിന്റെ നൊമ്പരതുള്ളുകൾ, നൊമ്പരപ്പൊട്ടുകൾ – പെയ്തൊഴിയുന്ന ഓരോ മഴത്തുള്ളിയും…..
നീറി നിൽക്കും ആത്മാവുകൾക്ക് കുളിരായി പ്രകൃതി നൽകും സാന്ത്വന സംഗീതം – മഴ
സൂര്യദേവന്റെ ശാപമേറ്റുവാങ്ങി ഭൂമീദേവി വിങ്ങിപൊട്ടുമ്പോൾ വരുണദേവന്റെ കൃപാകടാക്ഷമെന്നപോൽ മഴദേവത ഭൂമിയിൽ വർഷിക്കുമ്പോൾ എരിഞ്ഞുതീരുന്ന ജ്വാലാമുഖികൾ……
മഴയുടെ പുതിയ നിർവ്വചനങ്ങൾ കണ്ടെത്താൻ ശ്രമിക്കവേ, വീണ്ടും അവളുടെ മനസ്സ് കുട്ടിക്കാലത്തിന്റെ പുൽമേടുകളിൽ അലഞ്ഞുതുടങ്ങി.
മഴയൊന്നുറച്ച് പെയ്തു തോർന്നാൽ കടലാസ്സു തോണികളുമായ് വെള്ളത്തിലിറങ്ങുന്നതും നീർക്കുമിളകളെ നോക്കിയിരിക്കുന്നതും ഇഷ്ടവിനോദങ്ങളിൽ ഒന്ന്.
എല്ലാം ഇന്നലെ എന്ന പോലെ ഓർക്കുന്നു, ഒന്നും മറവിയിലേക്ക് മാഞ്ഞുപോയിട്ടില്ല.
ഒരിക്കൽ ആലിപ്പഴങ്ങൾ ആകാശത്തു നിന്നും പെയ്തിറങ്ങിയപ്പോൾ അവ മത്സരിച്ച് പെറുക്കിയെടുത്തത് കുട്ടികാലത്തെ ചിതലരിക്കാത്ത മികച്ച ഓർമകളിലൊന്ന്.
മഴ വരുമ്പോഴും മിന്നല്പിണരുകളെ കാണുമ്പോഴും ആദ്യം ഓർത്തെടുക്കുക, കുട്ടികാലത്തെ കടലാസ്സു തോണികളെകുറിച്ചാണ്.
ദുഃഖത്തിനുമുണ്ടോ ഒരു സംഗീതം? വിഷാദമാണോ അതിനു താളമിടുന്നത്? അത് ശ്രവിക്കാൻ നാം ശ്രമിക്കേണ്ട, സ്വയം നമ്മുടെ അരികിലെത്തിയേക്കാം.
താൻ ആ വീണയുടെ പുനർജനിക്കുന്നതായി അവൾക്ക് തോന്നി.
അദ്ധ്യായം 8 – സ്നേഹത്തിൽ വിശ്വാസമില്ലാത്ത മീര
ഈ ലോകത്ത് യാഥ്യാർത്ഥമായ് എന്തെങ്കിലും നിലനിൽക്കുന്നുണ്ടോ, ജനന മരണങ്ങൾ, ഉദയാസ്തമയങ്ങൾ ഒഴികെ?
നാം കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുന്നിടത്തോളം കാലം മാത്രമേ നാം അതിന് ശാശ്വതയുടെ നിരസിച്ചാർത്ത് അണിയാറുള്ളു.
പലപ്പോഴും, നാം വളരെ ഉറപ്പുള്ളത് എന്ന് കരുതാറുള്ള സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും തകരുന്നത് ചെറിയ ഒരു അവിശ്വാസം മൂലമാകാം.
അവിശ്വാസത്തിന്റെ ചെറിയ ഒരു കണികാ പോരെ സ്നേഹബന്ധങ്ങളുടെ മാറ്റ് കുറയ്ക്കാൻ? ചിലപ്പോൾ കാരണങ്ങൾ വേണമെന്ന് തന്നെയില്ല.
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്?
നാം ഇഷ്ടപ്പെടുന്നവ, വേണമെന്ന് ആഗ്രഹിക്കുന്നവ, അവയെല്ലാം സത്യമെന്നു പറയാനാവുമോ?
സത്യമൊരിക്കലും പിടിയിലൊതുങ്ങാറില്ല, നാം അങ്ങനെയൊക്കെ ചിന്തിച്ചുറപ്പിച്ചാലും. നിഴൽ പോലെ അത് മാഞ്ഞുപോകും.
സ്നേഹം തുടങ്ങുന്നത് എവിടെ നിന്നാണെന്നു പറയാമോ?……
നമ്മളോടൊരാൾക്ക് ഇഷ്ടമുണ്ടെന്ന് തോന്നുമ്പോൾ……….ഒറ്റക്ക് നിലനിൽപ്പില്ല എന്ന സത്യത്തിൽ നിന്ന്………
നാം ഒരാൾക്ക് ഒരുപകാരം ചെയ്യുമ്പോൾ അവിടെ ഒരു കടം സൃഷ്ടിക്കപ്പെടുന്നു, നാം പോലുമറിയാതെ!
എനിക്ക് സ്നേഹത്തിലെന്നല്ല ഒരു കാര്യത്തിലും വിശ്വാസമില്ല. സ്നേഹത്തിലാണ് ഒട്ടുമേ ഇല്ലാത്തത്. ഒരാൾക്ക് സ്നേഹമാണെന്ന് പറഞ്ഞാൽ തന്നെ അത് വിശ്വസിക്കാൻ പലവട്ടം ചിന്തിക്കേണ്ടിവരും.
താഴെയുള്ള ലെവലിൽ നിന്നുകൊണ്ട് ഒരേ രീതിയിൽ മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കുക. അതിനെന്നും ശാശ്വതമായൊരു നിലനിൽപ്പുണ്ട്. കൂടുകയുമില്ല, കുറയുകയുമില്ല.
ഒരാൾ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഒരു ഉപകാരം ചെയ്യുമ്പോൾ പെട്ടെന്ന് തോന്നുന്ന സ്നേഹത്തിന് സ്ഥായിയായ നിലനിൽപ്പില്ല. കുറച്ചു കഴിയുമ്പോൾ പഴയപടി ആവും.
കണ്ടുമുട്ടലുകൾക്കെല്ലാം ഒടുവിലൊരു വേർപാടുണ്ട്. എന്നാൽ വീണ്ടുമൊരു കൂടിക്കാഴ്ചയുടെ ശുഭപ്രതീക്ഷ ഉണ്ടവിടെ.
മനുഷ്യന്റെ സ്വഭാവം അങ്ങനെയാ. എപ്പോഴാ മാറുന്നതെന്ന് ആർക്കും പറയാനാവില്ല. നവരസങ്ങൾ പിന്നെ എന്തിനാ?
സുഖദുഃഖങ്ങൾ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ. അവ പരസ്പര വിരുദ്ധമാണ്. എന്നാൽ പരസ്പര പൂരണങ്ങളും. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പുണ്ടോ?
പലപ്പോഴും സത്യമാണെന്നു പൂർണബോധ്യമല്ലെങ്കിൽകൂടി, സത്യമെന്നു നാം മനസ്സിനെ പറഞ്ഞു ബോധിപ്പിക്കുന്നു, വിശ്വസിപ്പിക്കുന്നു. എന്തിന്? ചെറിയ ഒരു ആശ്വാസത്തിന് മാത്രം.
സത്യങ്ങൾ പലതും കണ്ടെത്തിയില്ലാ എങ്കിലും, ഉള്ള അസത്യങ്ങളിലെ സത്യങ്ങൾ നാം ദർശിക്കുന്നു. അതുപോലെ അപൂർണതയിലെ പൂർണതയും.’നതിങ് ഈസ് പെർഫെക്റ്റ്’. ആ ഒരു വിശ്വാസത്തിൽ തന്നെയാണ് ഇന്ന് ഈ ലോകം നിലനിൽക്കുന്നതും.
എനിക്ക് ഒരു സത്യവും പൂർണരൂപത്തിൽ ഉൾക്കൊള്ളാനാവുന്നില്ല. ഒരുപക്ഷെ ജീവിതം പഠിപ്പിച്ചുതന്ന വലിയ അദ്ധ്യായങ്ങളിൽ ഒന്നായിരിക്കാം.
എത്ര നേരമായ് ശ്രമിക്കുന്നു ഒന്ന് ഉറങ്ങുവാൻ. എന്നാൽ ഒന്ന് എത്തിനോക്കാൻ പോലും ശ്രമിക്കാതെ അവൾ എവിടെയോ കടന്നു കളഞ്ഞു. തന്റെ കണ്ണുകളുമായി പിണക്കത്തിലാണെന്നു തോന്നുന്നു.
നിദ്രയെ കാത്തുള്ള ഇരിപ്പ്
ആകാശ സാഗരം നീന്തിക്കടക്കാൻ കൊതിക്കും ചന്ദ്രനും അവനെ തടയാൻ ശ്രമിക്കുന്ന കുഞ്ഞുമേഘങ്ങളും. എന്നാൽ അവയുടെ ആധിപത്യം എത്ര നേരം?
മേഘങ്ങളോ, അവർ ക്ഷണനേരത്തേക്കെങ്കിലും ആനന്ദിക്കുന്നുണ്ടാവാം, ഒരു നിമിഷമെങ്കിലും ചന്ദ്രനെ തടയാൻ കഴിഞ്ഞതിന്, പൊരുതി തോക്കാൻ ധൈര്യം കാണിച്ചതിന്.
ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് മേഘങ്ങൾ ചന്ദ്രന് വഴിമാറികൊടുക്കുമ്പോൾ ചന്ദ്രന് കഴിയുമോ പൂർണരൂപത്തിൽ സന്തോഷിക്കാൻ?
വഴിമാറികൊടുക്കുന്ന മേഘങ്ങൾക്കറിയാം, പിന്നിൽ നിന്നും അടുത്ത സംഘം വരുന്നുണ്ട് ചന്ദ്രനോട് പൊരുതുവാൻ എന്ന്, മാമാങ്കത്തിൽ സ്വയം കുരുതികൊടുക്കാൻ വരുന്ന ചാവേർപട പോലെ.
മേഘപാളികളെയൊക്കെ അടർത്തിമാറ്റി സ്വതന്ത്രനായ ചന്ദ്രൻ വിജയശ്രീലാളിതനായി എന്നെ നോക്കി ചിരിക്കുന്നു.
തന്റെ ലക്ഷ്യത്തിൽ നിന്നുമകന്നു പോകുന്നതവൾക്ക് അറിയാമായിരുന്നിട്ടും, ഒട്ടും കരയാതെ, തളരാതെ, എല്ലാം ഉള്ളിലൊതുക്കി ഒന്നുമില്ലാത്തതുപോലെ നടിച്ചു നടന്നു.
നഷ്ടസ്വപ്നങ്ങളുടെ തിരയൊഴിയാ സാഗരം ഒരു പ്രേതത്തെപോലെ അവളെ പിടികൂടിയിരുന്നു.
എത്രയും പെട്ടെന്ന് എണീൽക്കണം,അടുത്തെത്തുന്നവരുടെയൊപ്പം യാത്ര തുടരണം. അല്ലെങ്കിൽ ചവിട്ടിമെതിച്ചുകൊണ്ട് കുറെ പേർ കൂടെ കടന്നുപോകും.
ഇനി താൻ സഞ്ചരിക്കേണ്ടത് പഴയ സഹയാത്രികരോടല്ല, തീർത്തും അപരിചിതരായ പുതിയ യാത്രികരൊപ്പം.
അമിത സന്തോഷം എപ്പോഴും അമിത ദുഃഖത്തിന്റെ ഉണർത്തുപാട്ടാണോ?
നിദ്ര ദേവത പതുക്കെ തന്റെ കൺപോളകളെ തലോടുന്നതായി അവൾക്ക് തോന്നി.
അദ്ധ്യായം 10 – മാറ്റമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ
അവളെ ചുറ്റിപറ്റി നിന്ന ഉറക്കം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി മറഞ്ഞു.
മാറ്റമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ…..
ടൈംടേബിൾ പോലെ തീർത്തും യാന്ത്രികമായ ആ ജീവിതത്തെ അവൾ വെറുത്തു തുടങ്ങിയിരുന്നു.
എന്നും ഒരേ സ്റ്റോപ്പിൽ നിന്നും ബസ് കയറുന്നു, വൈകുന്നേരം അവിടെ തന്നെയിറങ്ങുന്നു. അതിനു പോലുമില്ല ഒരു മാറ്റം.
കുറെ യന്ത്രങ്ങൾ…. തലച്ചോറ് ഉണ്ടായിരുന്നിട്ടും അത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കാത്ത യന്ത്രങ്ങൾ. ഒന്നുനോക്കിയാൽ എല്ലാവരും ഇങ്ങനെ തന്നെയല്ലേ?
ചിലർ പരസ്പരം കൂട്ടിമുട്ടുന്നു, ചിലർ വീഴുന്നു. അവരെ എണീൽപ്പിക്കാൻപോലും ശ്രമിക്കാത്തവർ യാത്ര തുടരുന്നു. എല്ലാരും തിരക്കിലാണ്!!!!
എല്ലാരും തിരക്കിലാണ്!!!! പണത്തിനു പിന്നാലെയുള്ള ഓട്ടം. സുഖസൗകര്യങ്ങൾക്കായുള്ള ഓട്ടം.
മനുഷ്യത്വത്തിനൊന്നും വില കല്പിക്കപ്പെടുന്നില്ല പഴയതുപോലെ. അത് വെറുമൊരു കള്ളനാണയമാണെന്ന് പലരും തിരിച്ചറിയുന്നു.
അല്ലെങ്കിലും യന്ത്രങ്ങൾക്കെവിടെയാ ഓരോന്ന് തിരിച്ചറിയാനുള്ള കഴിവ്? എല്ലാം ഇടകലർന്ന ഒറ്റ വികാരമല്ലേ ഉള്ളൂ.
ആവശ്യാനുസാരം പെട്രോൾ പോലെ ഇന്ധനം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു, തുരുമ്പെടുത്ത് നശിക്കും വരെ അതങ്ങനെ സഞ്ചരിച്ച വഴികളിലൂടെ ഓടിക്കൊണ്ടേയിരിക്കും, ഒരു ടൈംടേബിൾ പോലെ.
ഒന്നിനും ഇല്ലൊരു മാറ്റം.
പകലുകൾ
രാത്രികൾ
സന്ധ്യകൾ
ശീലങ്ങൾ
ദിനചര്യകൾ
എന്നും കാണുന്ന മനുഷ്യർ
എന്നും ഒരേ സ്റ്റോപ്പിൽ നിന്നും ബസ് കയറുന്നു,
വൈകുന്നേരം അവിടെ തന്നെയിറങ്ങുന്നു.
അതിനു പോലുമില്ല ഒരു മാറ്റം.
ജീവിതത്തോട് ഇഷ്ടമില്ല എന്ന് പറയാറുണ്ട് മിക്കവരും. എന്നാൽ പെട്ടെന്ന് മരണം മുന്നിൽ വന്നു നിന്നാൽ…… ജീവിക്കണം എന്ന ആഗ്രഹം ചെറുതായെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നവരാണ് എല്ലാവരും.
മരിക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ഒരു മനുഷ്യനുമുണ്ടാവില്ല ഈ ഭൂവിൽ.
മരണം സൃഷ്ടിച്ചത് ഈശ്വരനാണ്, മരണഭയവും. മരണത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിൽ ഒരുപക്ഷെ, ഈ ഭൂമുഖത്ത് ഈശ്വരസൃഷ്ടികൾ ഒന്നും തന്നെ ബാക്കി കാണില്ലായിരുന്നു.
മനുഷ്യരാശി നിലനിർത്താൻ ഈശ്വരൻ തീർത്ത ലീലയാണ് മരണഭയവും മരണ വേദനയും!!!
മരിക്കണമെന്ന നിഗൂഢമോഹവും മനസ്സിൽ പേറി, അതിനുള്ള ധൈര്യം ഇല്ലാതെ, അസംതൃപ്തരായി സന്തോഷമില്ലാതെ നമ്മൾക്കിടയിൽ ജീവിക്കുന്ന എത്രയോപേർ ഉണ്ടാകാം!
പല കണ്ടുപിടുത്തങ്ങളും മനുഷ്യൻ നടത്തുന്നുണ്ട്. എന്നാൽപോലും അവന്റെ നിലനില്പിനെക്കുറിച്ചുള്ള പല നിസ്സാര സത്യങ്ങളും മനസ്സിലാക്കാതെ പോകുന്നു.
അല്ലെങ്കിലും, അറിയുന്ന സത്യങ്ങളെക്കാൾ എത്രയോ കൂടുതലാണ് അറിയാതെ പോകുന്നവ.
ചെറിയ ചെറിയ സത്യങ്ങൾ നാം കാണുന്നു, വിശ്വസിക്കുന്നു. പലപ്പൊഴും അവയ്ക്ക് പിന്നിൽ ഒളിച്ചു കിടക്കുന്ന വലിയ സത്യങ്ങൾ കാണാതെ പോകുന്നു.
സ്വന്തം കണ്ണിനെ മാത്രമേ നമ്മൾ വിശ്വസിക്കൂ. അതിന് കാണാൻ കഴിയാതെ പോകുന്ന കാഴ്ചകൾ അസത്യമെന്നേ മനസ്സ് ചിന്തിക്കൂ.
പലപ്പോഴും അങ്ങനെയാ. മരണം പോലും വെറുമൊരു സ്വപ്നമായ് തീരുന്നു.
ഋതുഭേദങ്ങൾക്കൊപ്പം നിറം മാറും നെൽപ്പാടങ്ങൾ. മനുഷ്യരും അങ്ങനെയാണല്ലോ!
മാനത്ത് പാറി കളിക്കുന്ന കുഞ്ഞിമേഘങ്ങൾ. തെളിമാനത്ത് ചിത്രം വരയ്ക്കുകയാണോ എന്ന് തോന്നിപോകും അവയുടെ വികൃതികൾ കണ്ടാൽ.
സന്ധ്യാകാശത്ത് കുസൃതിമേഘങ്ങൾ പല ചായങ്ങളും തട്ടിത്തെറിപ്പിച്ചിട്ടുണ്ട്.
ഏതോ വികൃതി ബാലൻ ഓടിവന്ന് ഒരു സിന്ദൂരച്ചെപ്പ് തട്ടിമറിച്ചിട്ടപോലെയുണ്ട് ആകാശത്തെയിപ്പോൾ കാണാൻ. എന്തോ ഒരു പ്രത്യേക ഭംഗി.
ഇപ്പോൾ സന്ധ്യ പൂർണമായും അസ്തമിച്ചു കഴിഞ്ഞു. നക്ഷത്രങ്ങളും ചന്ദ്രനും ഇപ്പോൾ ആകാശത്തെ പൂർണമായി കീഴടക്കിയ സന്തോഷത്തിലാണ്.
പൊഴിയുന്ന നക്ഷത്രങ്ങളെ കണ്ടാൽ കഷ്ടകാലമെന്നാണ് പഴമക്കാർ പറയാറ്. എന്നാൽ, ചോദിക്കുന്നതെന്തും അത് നൽകുമെന്നൊരു വിശ്വാസം ഉത്തരേന്ത്യയിലും.
രാത്രിനക്ഷത്രങ്ങൾ പോലെ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി.
നല്ലൊരു സൗഹൃദം കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞുപോയീ എങ്കിലും ഓർമ്മകൾ മരിക്കുന്നില്ലല്ലോ.
ശുഭാബ്ധി വിശ്വാസത്തോടെ, തിരഞ്ഞെടുക്കുന്ന വഴിയെ പഴിക്കാതെ മുന്നോട്ട് നീങ്ങുക. കാലതാമസമുണ്ടായാലും എത്തിച്ചേരേണ്ട ഇടത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.
Also read: എനിക്ക് പ്രിയപ്പെട്ട വാക്യങ്ങൾ – മറ്റൊരു മീരയായ് Part 1
Recent Comments