പ്രണയ ചിന്തുകൾ

“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു
മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി
അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം
മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ
ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും
കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു
ഞാൻ നിന്നിലും, നീ എന്നിലും
യുഗങ്ങൾക്ക് മുമ്പേ പിറവിയെടുത്തവരാണെന്ന്
നാമിരുവരും പറഞ്ഞത് ഒരു കഥയായെന്നും”
 
“കുളിർക്കാറ്റെന്നളകങ്ങളെ മാടിയൊതുക്കുമ്പോൾ,
നിൻ സാമീപ്യമരുളാൻ മാത്രമായ്
എന്നിലേക്ക് വന്നലയ്ക്കുന്ന നിൻ സൗരഭ്യം
എന്റെ ഹൃദയമിടിപ്പ് കൂട്ടാറുണ്ട് പലപ്പോഴും💓🌪️”
 
“നിനക്ക് വേണ്ടി എഴുതിയ എല്ലാ കഥകളിലും ഞാനുണ്ടായിരുന്നു
കൂടാതെ ഞാൻ ചിലതു നിനക്ക് വായിച്ചു തന്നതിലും”
“കാലം തെറ്റി വന്ന മഴപോലെയാണ്
നീ എന്നരികിൽ ആദ്യമായ് വന്നത്.
വസന്തമായ് പുഷ്പിച്ചതും
തുലാവർഷമായ് ചൊരിഞ്ഞും
വേനലായ് കോപിച്ചും
എന്നെ ചുറ്റിപറ്റി നിന്നു നീയെപ്പോഴും✨💫”
 
“കാലത്തിൻ വിസ്‌മൃതിയിലാണ്ടുപോയെങ്കിലും
ഹൃദയത്തിൽനിന്നും അടർന്നുവീഴാത്തൊരു ശരത്കാലം
തിരിച്ചണയുമെന്ന പ്രതീക്ഷയിൽ
കാത്തിരിക്കുന്ന ഒരു കുഞ്ഞിളംപൂവ്”
 
“നിന്നോട് പറഞ്ഞ കഥയൊന്ന്
ശരിക്കുള്ള കഥ മറ്റൊന്ന്.
ഇത് രണ്ടിനുമിടയിൽ
വാക്കുകളില്ലാതെ പറഞ്ഞ കഥ വേറൊന്ന്”
 
“അളന്നുമുറിച്ചെഴുതാൻ അറിയാതെയല്ല.
കടലായ് പടരുമ്പോൾ
തിരയായ് നിന്നരികിൽ എത്തുമെന്ന –
പ്രതീക്ഷ!!”
 
“അസ്തമയ സന്ധ്യയുടെ സിന്ദൂരച്ചൊപ്പിൽ,
ഇങ്ങനെ കൈകോർത്തിരുന്ന്
സംസാരിച്ചു തുടങ്ങണം.
അമ്പിളി വാനിൽ ഉദിച്ചുവരുമ്പോഴും
ഞാൻ നിന്നെ പോകാനനുവദിക്കില്ല.
കണ്ണുകൾ പരസ്പരം കോർത്ത്
നക്ഷത്രങ്ങളുടെ കണക്കെടുത്ത്,
എല്ലാ മൗനനൊമ്പരങ്ങളും
വാക്കുകളിൽ അലിയിപ്പിച്ച്
ഒരു രാവങ്ങനെ കഴിച്ചുകൂട്ടണം🌈💫🌪️❣️❣️”
 
“എത്ര കാതം എനിക്ക് അകന്നുപോവാനാവും?
അകന്നുപോവുന്ന തിരകൾപോലെ
ഒരു നാൾ
തീരത്തേക്ക് മടങ്ങേണ്ടി വരില്ലേ?”
 
“നിന്നെകുറിച്ചുമാത്രം എഴുതണമെന്ന് ശാഠ്യം പിടിക്കരുത്
ചിലപ്പോഴെങ്കിലും എന്നെകുറിച്ച് ഞാൻ ചിന്തിച്ചോട്ടേ”
 
“വീണ്ടും വീണ്ടും എന്നിൽ
നിറഞ്ഞു തുളുമ്പുന്ന വർണങ്ങൾക്ക്
ഞാൻ എന്ത് പേര് നൽകണം?
നിന്റെ പേര് നൽകിക്കോട്ടെ 🧡🧡💫🌈🦋”
 
“ഇഷ്ടം കൂടുംതോറും അവിശ്വസിക്കുക പ്രയാസമാകും”
 
“നീ അറിഞ്ഞുവോ അറിഞ്ഞില്ലയോ എന്ന്
എനിക്ക് തന്നെ നിശ്ചയമില്ലാത്ത കഥകൾ ഒരായിരം ഉണ്ട് “
 
“ഒരിക്കലും കൊഴിയാത്ത ഒരു ശരത്കാലം
വസന്തമായ് തങ്ങിനിൽപ്പുണ്ട് ഹൃദയത്തിലെവിടെയോ”
 
“നഷ്ടപെട്ട ആത്മാക്കളും കണ്ടെത്തുമായിരിക്കും എവിടെയെങ്കിലും
നഷ്ടപെട്ട നീലാംബരികൾ പോലെ 💙💙💙”

“ചിലർ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങൾ ഉണ്ട്. അതിനവർ നേരിട്ട് വരണമെന്നുപോലുമില്ല. വരുന്നത് വെറുമൊരു തോന്നലായ് മാത്രമാവാം, യാഥാർഥ്യമോ സ്വപ്നമോ എന്നുപോലും തിരിച്ചറിയാനാവാത്ത തോന്നൽ, ഒരു കുളിർതെന്നൽ പോലെ”

“നിനയാത്ത നേരങ്ങളിൽ
ഒരായിരം വർണങ്ങളായ്
എന്നിൽ പെയ്തിറങ്ങുന്ന
മാരിവില്ലാണ് നീ🌈🌈🦋🦋”
 
“മഞ്ഞുതുള്ളിപോൽ ബാഷ്പീകരിച്ചുപോകാത്ത ചിലതുണ്ട് ഹൃദയത്തിന്നുള്ളറകളിൽ”
 
“ഒരിക്കൽപോലും പരസ്പരം കണ്ടുമുട്ടിയിട്ടില്ലെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളിൽ വേര് പതിപ്പിച്ച് ആഴ്ന്നിറങ്ങി ചെല്ലുന്നവർ. അവരുടെ സുഗന്ധം ഒരിക്കലും കൊഴിയുന്നില്ല, അവർ കടപുഴുകി വീഴുന്നില്ല. നിത്യവസന്തമായ് ഹൃദയമെന്ന ആരാമത്തിൽ പൂത്തുലഞ്ഞു നിൽക്കും എന്നുമെന്നും”
 
“ഒന്നുമില്ല ഈ പാരിൽ നേടുവാൻ,
ഒന്നുമില്ല നഷ്ടപെടുവാനും ….
നീ അല്ലാതെ💓”
 
“നമ്മുടെ ഇടങ്ങളിൽ
സന്തോഷവും വേദനയും ഇടകലർന്നാണ്
ഇപ്പോൾ സഹവസിക്കുന്നത്,
വേർതിരിക്കാനാവാതെ”
 
“ചില ശരത്കാലങ്ങൾക്ക്
വസന്തങ്ങളെക്കാൾ ഭംഗിയുണ്ട്.
അവ പോയ്മറഞ്ഞ ചില വസന്തകാലങ്ങളെ
അപ്രതീക്ഷിതമായ് തിരികെ കൊണ്ടുവരും”
 
“മരണത്തിൽ നിന്നും രക്ഷിക്കാൻ ഈ ഭൂമിയിൽ ഒന്നും അവശേഷിക്കുന്നില്ല എങ്കിൽ, പ്രണയം നിന്നെ ജീവിതത്തിൽ നിന്നും രക്ഷിക്കട്ടെ♥️”
#Neruda #Quote #Favourite 🌹
 
“അത് സ്വപ്നമല്ലെന്നു തിരിച്ചറിയാൻ ഒരുപാട് നേരമെടുത്തു.
തീർത്തും യാദൃശ്ചികമായ് വാക്കുകൾ-
മൗനമായ് കൊഴിഞ്ഞ നിമിഷം
സ്വപ്‌നങ്ങൾ മഴവില്ലായ് പൂത്ത നിമിഷം
പരിഭവങ്ങൾ പൊടുന്നനെ അലിഞ്ഞില്ലാതായ നിമിഷം.
അന്നത്തെ രാവിന് അനേകം വർണങ്ങൾ ഉണ്ടായിരുന്നു
അന്നുവരെ നാമിരുവരും ഒളിപ്പിച്ചുപിടിച്ച-
ഒരായിരം കിനാവുകൾ കവിതയായ് വിരിഞ്ഞ നിമിഷം
വർഷങ്ങൾ പലതും കൊഴിഞ്ഞുപോയെങ്കിലും
നാമിന്നും മൗനത്തിൽ ഇരുകരകളിൽ നിൽപ്പുണ്ട്
നില്ക്കാതലയും രണ്ടു തിരമാലകൾപോലെ,
തുളുമ്പാൻ കൊതിക്കും വാക്കുകൾക്ക് കാവലായ്!”
 
“നീയറിയാതെയെന്നെ എന്റെ പുഞ്ചിരിയിൽ ഒളിപ്പിക്കുമ്പോഴും
നീപോലുമറിയാതെ ഒന്നുരണ്ടു കണ്ണുനീർത്തുള്ളികൾ പൊഴിയുന്നുണ്ട്
കണ്ണുകൾക്ക് ചുറ്റും ഒരു കാർമേഘംപോൽ അവ പടർന്നുനിൽക്കുമ്പോഴും
അങ്ങകലെ ആൽമരച്ചില്ലകളിൽ സ്വപ്‌നങ്ങൾ കൂടുകൂട്ടുന്നുണ്ട്.
അത് നിനക്കറിയാം”
 
“പറയാതെ ഞാൻ നിന്നോട് പറഞ്ഞ ഒരായിരം വാക്കുകൾ
എഴുതിവയ്ക്കാൻ നൂറു പുറങ്ങൾ പോരാ”
 
“എന്നിലെ വസന്തകാലം കൊഴിയുംമുമ്പ്
നീ തിരികെ അണയുമോ”
 
“നിദ്രാവിഹീനയായ്
രാത്രിയുടെ അന്ധ്യയാമങ്ങളിൽ
നിനക്കായ് മിഴിവാർക്കാൻ
ഞാനല്ലാതെ മറ്റാരുണ്ട് നിനക്ക്”
 
“ഋതുഭേദങ്ങളുടെ ചതുർവർണ്ണമാണ് നിനക്ക്🌈☔️🦋
എനിക്ക് എല്ലാം ഒരുപോലെ പ്രിയം ✨💫🌪️🤗❣️❣️”
 
“നീ അരികിലുള്ളപ്പോൾ എനിക്ക് നിറഭേദങ്ങളൊരായിരം
അണയാറായ സൂര്യനെ മായ്ചുകളയും സിന്ദൂരച്ചോപ്പ് പോലെ”
 
“പ്രണയം പറയാതെ പറഞ്ഞു വയ്ക്കുന്ന ചില കുഞ്ഞു കാര്യങ്ങൾ ഉണ്ട്”
 
“കാർമേഘക്കൂട്ടങ്ങൾക്ക് നിന്റെ വർണമാണ് എപ്പോഴും”
 
“ചിലർ ആഴമുള്ള മുറിവ് തന്നാലും
പുഞ്ചിരിയോടെയാണ് നാം അവരെ ഓർക്കാറ്.
ഒരുപക്ഷെ ആ മുറിവുകൾക്ക്
മാധുര്യം കൂടിയതിനാലാവാം🦋🌈🌸 “
 
“നിനക്കായി നക്ഷത്രങ്ങൾ പെറുക്കിവയ്ക്കുന്നുണ്ട്
ഓരോ രാത്രിയും
എന്നിട്ടവ കോർത്തുവയ്ക്കുകയാണ്
നമ്മളൊരുമിച്ചു സഞ്ചരിച്ച നിമിഷങ്ങളുടെ
പാതയിലോരൊന്നായി.”
 
“കാത്തിരിക്കാം കാലമെത്ര കൊഴിഞ്ഞാലും
കാത്തിരിക്കാം ഋതുചക്രം എത്രമാറിവന്നാലും
പക്ഷെ, നീ തിരിച്ചണയുമെന്ന ഉറപ്പ് എനിക്ക് വേണം
കടങ്കഥകൾക്ക് കാത്തിരിക്കാൻ ഇനിയും ശക്തി പോരാ”
 
“ഹൃദയത്തിൽ സ്ഥാനം നഷ്ടപെട്ടു എങ്കിലും
മനസ്സിൽ സ്ഥാനം നൽകിയ ചിലർ💜”
 
“നിന്റെ സന്തോഷത്തിലാണ് പലപ്പോഴും
ഞാൻ എന്നെ തന്നെ മറന്നു പോവുന്നത്”
 
“കുങ്കുമചോപ്പിൻ നിറമാണ് നിനക്കെപ്പോഴും ❤️❤️
കോപം ചൂടുമ്പോഴും 😏😌
വാകപൂവായ്‌ കൊഴിയുമ്പോഴും💫✨,
എന്നരികിൽ തീയായ് നിൽക്കുമ്പോഴും…… എല്ലാം ♾♾💥🔥🌪️”
 
(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: