ട്വിറ്ററിൽ കുറിച്ച ചില വാക്കുകൾ…. കുറെ ചിന്തകൾ category ആക്കിയിട്ടുണ്ട്. അല്ലാതെ ഉള്ള കുറച്ച് ട്വീറ്റുകൾ . handle name: സന്ധ്യാ രാഗം @meerasandhya
 
Relationship Wall
 
“സന്തോഷത്തിനും കഴിയും, ദുഖത്തിനും
നിദ്രാവിഹീന രാത്രികൾ സമ്മാനിക്കുവാൻ….. 
ഭാവസാന്ദ്രമായ കണ്ണുനീർ പൊഴിക്കാൻ…..
രണ്ടിനും സാക്ഷി ഈ രണ്ടു കണ്ണുകൾ “ 

“ഭാഗ്യം കൂടെ നിന്നാൽ ആഗ്രഹിക്കുന്ന എന്തും കൈപ്പിടിയിലൊതുക്കാം ചെറു പ്രയത്‌നങ്ങളിലൂടെ – പണമോ, പൊന്നോ സ്നേഹമോ ആഗ്രഹിക്കുന്ന എന്തും…… “

“ചിലതൊക്കെ കാലം മായ്ച് പുതിയ ചിത്രങ്ങൾ എഴുതാൻ ശ്രമിക്കുമ്പോൾ അതിനുള്ള മഷി നമ്മൾ നിറച്ചു കൊടുക്കണം”

“വേദനകളിൽ ഏതോ നിഗൂഢ ആനന്ദം നിറയുന്നതുകൊണ്ടാണ് ചില അപ്രിയ നിമിഷങ്ങൾ ഓർത്തെടുക്കാൻ മനസ്സ് ശ്രമിക്കാറുള്ളത് “

“ഒരിക്കൽ പോലും സന്ധ്യ ഉഷസ്സിനെ കണ്ടിട്ടില്ല, പ്രതീക്ഷകൾ നൽകിയിട്ടില്ല. പിന്നെന്തിനാ രാവിൻ മാറിൽ അവൾ ചായുമ്പോൾ ഉഷസ് അവളെ വഞ്ചകീ എന്നുവിളിച്ച് അധിക്ഷേപിക്കുന്നത്?”

“നിരാശ ചിലപ്പോഴെങ്കിലും മറ്റൊരു പ്രതീക്ഷയുടെ സൃഷ്ടാവ് ആകാറുണ്ട്…..”

“ഒരു ചോറിന്റെ വേവനുസരിച്ച് മുഴുവൻ ചോറിന്റെയും വേവറിയാൻ കഴിയും. എന്നാൽ ഒരു പെണ്ണിന്റെ സ്വഭാവം പെൺവർഗ്ഗത്തിന്റെ അളവുകോൽ ആക്കാമോ?”

“‘എനിക്ക് വിശ്വാസമാണ് എന്റെ കുഞ്ഞിനെ’ എന്നൊരമ്മ ഉറപ്പിച്ച് പറഞ്ഞാൽ ആ വിശ്വാസത്തിന്റെ രേഖ ഒരു കുഞ്ഞും ലംഘിച്ച് പോവില്ല. അമ്മയുടെ വിശ്വാസം. അതിനോളം വരില്ല മറ്റൊന്നും…….ഒരു കുഞ്ഞിന് അതുമതി”

“പലപ്പോഴും ഏതു വഴിയ്ക്ക് തിരിയണം എന്ന ആശയക്കുഴപ്പത്തിൽ രണ്ട് വള്ളത്തിൽ ഒരുമിച്ച് സഞ്ചരിക്കാറുണ്ട്. ക്ഷണികമെങ്കിലും ഒന്നും ഇതുവരെ നഷ്ടപെട്ടിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ “

OR

“പലപ്പോഴും ഏതു വഴിയ്ക്ക്തിരിയണം എന്ന ചിന്തയിൽ രണ്ട് വള്ളങ്ങൾ ഒരുമിച്ച് തുഴയാറുണ്ട്. ക്ഷണികമെങ്കിലും ഒന്നും ഇതുവരെ നഷ്ടപെട്ടിട്ടില്ലല്ലോ”

“പ്രതീക്ഷയുടെ നേരിയ ഒരു നനവ്
യാഥാർഥ്യമല്ല എന്നാവർത്തിച്ച് പറയപ്പെടുമ്പോഴും
ഒന്നും ഇതുവരെ നഷ്ടപെട്ടിട്ടില്ല എന്ന തോന്നൽ
അതൊക്കെയല്ലേ നമ്മുടെ കണ്ണുകളെ സ്വപ്‌നങ്ങൾ കാട്ടുന്നത്?
നമ്മുടെ സ്വപ്നവർണങ്ങൾക്ക് ചായം തേയ്ക്കുന്നത്? “

“ഒരാൾ ഒരിക്കലും മറ്റൊരാൾക്ക് പകരമാവില്ല. പക്ഷെ തുടർകഥ ആകാൻ കഴിഞ്ഞേക്കാം……”

“മിഴികൾ മീട്ടും ഈണങ്ങൾക്ക് താളംപകരാൻ
മൊഴികൾ നൽകും അധരങ്ങളും
കാണാതെ നടിച്ചകലുന്ന വാക്കുകൾക്കരികിലെത്താൻ
കൊതിക്കും മിഴികൾതൻ നിസ്സഹായതതയും”

“അഗാധതയിൽ ഒളിച്ച കണ്ണുനീർതുള്ളുകൾക്കുമുണ്ട് പറയാൻ
ഒരായിരം സ്വപ്നങ്ങളുടെ കഥ
പുനർജന്മമില്ലാത്ത ഒടുങ്ങിയ വർണാഭിരാമായ
ആയിരം മാരിവില്ലുകളുടെ കഥ”

“കാലത്തിന് തലോടലുകളും
ജീവിതത്തിൻ സ്പന്ദനങ്ങളും
മാറ്റിയെന്നെ ഒരുപാട്….
എൻ ജീവിതഗതി മാറ്റി ഒരു നൂറു വട്ടം……   “

“ചില ഇന്നലെകൾ ഒരിക്കലും നാളെകൾ ആയി തിരിച്ചെത്തില്ല എന്നറിയാം
എന്നാലും ആ ഇന്നലെകളെ കുഴിച്ചുമൂടാൻ മനസ്സെപ്പോഴും മടിച്ചു തന്നെ നിൽക്കും….”

“പെയ്തൊഴിഞ്ഞ ഓരോ നിമിഷവും ജീവിച്ചുവോ എന്ന കാലത്തിന്റെ ചോദ്യത്തിന് ഒരു ഓർമ്മപ്പെടുത്തൽ മാത്രം ഓരോ പിറന്നാൾ ദിനവും”

“ഭാവസാന്ദ്രമായ ശോകത്തിന്‌ ഒരീണമുണ്ട്
അത് പലരും ഇഷ്ടപെടുന്നു”

“ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യമുണ്ടോ? ബാല്യത്തിന്റെ കുട്ടികളിയും നിഷ്കളങ്കതയും ‘പക്വത’യുടെ പേരിൽ ബലികൊടുക്കരുത് യൗവനം എത്തുമ്പോൾ…..”

“സ്വയം അറിഞ്ഞുകൊണ്ട് കൈവിടുന്ന ജീവിതത്തിലെ വലിയൊരു സമ്പാദ്യമാണ് ബാല്യത്തിന്റെ നിഷ്കളങ്കത, ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ദൂരത്തിൽ അത് പറന്നു പോകും….. “

“ആഗ്രഹിക്കുന്നതെല്ലാം നേടിയെടുത്തിട്ടേ ജീവിച്ചു തുടങ്ങൂ എന്ന് വാശിപിടിക്കുന്നവരുണ്ട് ഈ ലോകത്തിൽ. എന്റെ അഭിപ്രായത്തിൽ അവരാണ് ശരിക്കുള്ള മണ്ടന്മാർ “

“ചിലർക്ക് നമ്മളുടെ മനസ്സ് നമ്മളെക്കാൾ നന്നായി വായിച്ചെടുക്കാൻ പറ്റും, നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തികൊണ്ട്  “

“മഞ്ഞുകണങ്ങൾ പറ്റിയിരുന്നോരാ ദളങ്ങളിൽ
ഇന്ന് കാണുന്നത് നേർത്ത വേദന തൻ കണ്ണുനീർപാടുകളോ?”

“വാക്കാൽ കൊടുക്കുന്നത് മാത്രമാണോ വാഗ്ദാനങ്ങൾ? അക്ഷരങ്ങൾ കോർത്തൊരുക്കുന്ന വെറുമൊരു കൂട്ടം/മുത്തുമാല മാത്രമല്ലേ ഈ വാക്കുകൾ?”

“വാക്കുകൾ വേണ്ട Soulmate-മായ് സംസാരിക്കാൻ, ആർക്കും മനസിലാകാത്ത ഒരു പുതിയ ഭാഷ അവർ ഉണ്ടാക്കി എടുക്കുന്നു. പക്ഷെ ആ ആശയവിനിമയത്തെ തടസ്സപ്പെടുത്താൻ ഒരു ബാഹ്യശക്‌തിക്ക് കഴിയും.ചിലപ്പോൾ എന്നെന്നേയ്ക്കുമായി മുറിച്ചെറിയുവാൻ.”

“ഭയം കൊണ്ടും നാം ഒരു വ്യക്തിയെ ബഹുമാനിക്കാം. പക്ഷെ അതിലും എത്രയോ മഹത്തരം ആണ് ഒരാൾ നമ്മുടെ ബഹുമാനം സ്നേഹവും സ്വന്തം പ്രവർത്തിയും കൊണ്ട് പിടിച്ചവാങ്ങുമ്പോൾ”

“കൊളുത്ത് കൃത്യമായ് ഇട്ടിലെങ്കിലും താലിയിൽ കോർക്കുന്ന കുഞ്ഞു സ്വപ്നങ്ങൾക്ക് പോലും അൽപ്പായുസ്സ് “

“ചില കാര്യങ്ങൾ നമ്മൾ മോഹിക്കും ഇങ്ങനെ ആയിരുന്നെങ്കിൽ അങ്ങനെ ആയിരുന്നെങ്കിൽ ഒന്നൊക്കെ. ഒന്നും ആലോചിച്ചുറപ്പിക്കാതെ ജഗദീശ്വരൻ അങ്ങെനെയൊക്കെ സൃഷ്ടിച്ചിട്ടുണ്ടാവില്ല എന്നോർത്തു സമാധാനിക്കുക”

“സഫലമാകാത്ത പ്രണയം ഒരു മഞ്ചാടിക്കുരുപോലെ സൂക്ഷിച്ചിരുന്നവരുടെ കാലം കഴിഞ്ഞപോലെ. പലർക്കും അത് പുതിയ ബന്ധങ്ങൾ കണ്ടെത്താൻ ഒരു മാർക്കറ്റിങ് തന്ത്രം മാത്രം…..”

“പഴങ്കഥയായി പരിണമിച്ച ഒരു പ്രണയകഥ കേട്ടാൽ മാത്രം ഇളകാൻ പാകത്തിലാണോ  മനുഷ്യ മനസ്സ് സൃഷ്ഠിച്ചിട്ടുള്ളത്‍???”

“ചെറിയ ഒരു മോഹമുണ്ടെനിക്ക്. രണ്ട് നക്ഷത്ര ചില്ലകളിൽ ഒരു ഊഞ്ഞാൽ കെട്ടി ഈ ലോകം മുഴുവൻ ആടി കാണണം. നടക്കുമോ എന്നറിയില്ല.”

“മനസിന്റെ ശരികളെ സമൂഹത്തിന്റെ തെറ്റുകളുമായ് താരതമ്യം ചെയ്യരുത്,
അളക്കാൻ ശ്രമിക്കരുത് . ഒരുപക്ഷെ നിങ്ങളായിരിക്കാം ശരിയായ പാതയിൽ “

“ശരികൾ ആയി നാം കരുതുന്ന പല ശരികളിലും തെറ്റുണ്ട്, അതിനു അതീതമായ ശരികളും. കൂടുതൽപേർ അനുകൂലിക്കുന്നതുകൊണ്ടുമാത്രം നിലനിന്നുപോകുന്ന പല ശരികൾ…”

” വാർധ്യക്യം ഒന്ന് നോക്കിയാൽ ശൈശവത്തിന്റെ പുനർജന്മമല്ലേ….”

“ഒന്നുനോക്കിയാൽ കള്ളന്മാരും ഫ്രാഡുകളും ആവശ്യത്തിൽ കൂടുതൽ  ബുദ്ധിയുള്ളവർ ആണല്ലേ. പക്ഷെ ബുദ്ധി ഉപയോഗിക്കുന്നത് വേണ്ടാത്ത കാര്യങ്ങൾക്കാണെന്നു മാത്രം”

“ഒന്നുനോക്കിയാൽ ലോകത്തു ഏറ്റവും കൂടുതൽ ആൾക്കാർ അടിമയാവുന്നത് ഈ സ്നേഹത്തിനു മുന്നിൽ ആണ്……”

“മനപ്പൂർവം സൂക്ഷിച്ചു വയ്ക്കുന്ന ഓർമ്മകൾ ഇന്നലെയുടെയും ഇന്നിന്റേയും ഇടയിലുള്ള ദൂരത്തിന്റെ ആഴം കുറയ്ക്കും. അത് വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം”

“ഒരാൾ നമ്മളെ ഒരു പുതിയലോകത്തേക്ക് നയിക്കുമ്പോൾ ആ കണ്ണുകളിലൂടെയാവാം പുതിയ കാഴ്ചകൾ കാണുക. അതുകൊണ്ടാണ് പല നേർകാഴ്ചകളും നാം കാണാതെ പോവുക”

“എത്ര മിടുക്കനായ കള്ളനോ ആയിക്കോട്ടെ. അവൻ പിഴവുകൾ വരുത്തിയില്ലെങ്കിലും ഒരു മൂന്നാം കണ്ണ് അവനെ കാണുന്നുണ്ട്, തെളിവുകൾ തരുകയും ചെയ്യും അവൻ പോലുമറിയാതെ”

“വിശ്വസ്തനായ ഒരാളുടെ വിശ്വാസം നമ്മുടെ പ്രവർത്തി കാരണം നഷ്ടപ്പെടുത്തുക  – ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം “

“വിജയങ്ങൾ പരാജയങ്ങളായി മാറും…. തോൽക്കുന്നത് സ്നേഹത്തിൽ നമ്മെ തോൽപ്പിച്ചവരെങ്കിൽ…….”

“സ്വന്തം അമ്മയെ ആദരിക്കാൻ കഴിയാത്ത ആണിന് ലോകത്തെ ഒരു പെണ്ണിനേയും ബഹുമാനിക്കാൻ കഴിയില്ല”

“നേർത്ത മോഹങ്ങളെല്ലാം തേങ്ങലായ നിമിഷം
കടന്നു വന്നു സന്തത സഹചാരിയായി നീ  ” #ദുഃഖം

“എൻ ശ്രുതികൾക്കെല്ലാം നീ താളമിട്ടു
എൻ മനസ്സാം വീണ നീ തൊട്ടറിഞ്ഞു
പിന്നെ, ഞാൻ പോലുമറിയാതെ
അതിനുറക്കമേകി ” #ദുഃഖം

“ഇന്ന് നീ സഹിക്കും വേദനയുമീ ദീർഘ നിശ്വാസങ്ങളും
എനിക്കും നിനക്കും ഒരുപോലെ സ്വന്തം” #ദുഃഖം

“നിൻ സാമീപ്യം താങ്ങാനാവുന്നില്ലാ എങ്കിലും
നീ അകന്നിടും നിമിഷങ്ങൾ അർത്ഥശൂന്യമല്ലയോ “
#ദുഃഖം #പ്രിയസഖി

“നിന്നെ സഖിയാക്കിയ എനിക്ക് ഭ്രാന്തെന്ന് പുലമ്പാൻ
നിന്നെ അകറ്റാൻ ശ്രമിക്കുമീ നശ്വര ലോകവും
എന്നാലും ഇഷ്ടമാണെനിക്കൊരുപാട്
നിന്നെയും നീ പകർന്നുതരുമാ ഏകാന്തനിമിഷങ്ങളും “
#ദുഃഖം #പ്രിയസഖി

“ആശയമുകുളങ്ങൾ ഞെരിഞ്ഞമരുന്നു
സർവവും ഉൾകൊള്ളുമാ ചിത്തത്തിൻ ചിതയിൽ തന്നെ “

“നിൻ തലോടലുകൾ പകരുന്നു വേദനകൾ
നിൻ സാമീപ്യമോ അകറ്റുന്നു എല്ലാവരെയും” #മരണം

“കാതോർക്കുന്നില്ലാരും നിൻ കാൽവെയ്പുകളെ
ആഗ്രഹിക്കുന്നില്ലാരും നിൻ ആഗമനത്തിനായി ” #മരണം

“നോവിച്ചിടുന്നു നീ നിനക്ക് പ്രിയമായവരെ പോലും
ഉറ്റവർക്കായ് നല്കുന്നതോ കണ്ണുനീർ തുള്ളികൾ” #മരണം

“സ്നേഹത്താൽ ഓടിയടുക്കുന്നവരെ പോലും
നീ നീറ്റുന്നു അഗാധ വേദന തൻ തീച്ചുഴിയിൽ” #മരണം

“ഒരു വലിയ മാറ്റത്തിന് ചിലപ്പോൾ ഒരു നിമിഷം മതിയാവും
എന്നാൽ ആയിരം യുഗങ്ങൾ കടമെടുത്താലും
ചില മാറ്റങ്ങളെ തിരുത്തിയെഴുതാൻ കഴിയില്ല   “

“ഒരു വ്യക്തിയുടെ ഒരു ചെറിയ മാറ്റത്തിന് വലിയ വിധികൾ എഴുതരുത്
ആർക്കറിയാം അയാളുടെ ഉള്ളിൽ ഒരു നീലസാഗരം ഇരമ്പുന്നുണ്ടാവാം ആ നിമിഷം”

“ചില മാറ്റങ്ങൾ തിരിച്ചറിയാൻ ഒരുപാട് കാലങ്ങൾ സഞ്ചരിക്കേണ്ടി വന്നേക്കാം  “

“കാലത്തിന്റെ മുന്നിൽ സഞ്ചരിച്ചവരെയെല്ലാം
ഭ്രാന്തൻ എന്ന് ലോകം മുദ്ര കുത്തി
പിൽക്കാലത്ത് അവരെ പ്രതിഭകളായ് വാഴ്ത്തുന്നതും
യാഥാർഥ്യങ്ങളിൽ ഭ്രാന്ത് കണ്ടെത്തിയ അതേ ലോകം തന്നെ”

“ചില പരാജയങ്ങളിൽ വിജയങ്ങൾ ഒളിച്ചു കിടപ്പുണ്ട്, അത് കണ്ടെത്തണമെന്ന് മാത്രം “

“ബന്ധങ്ങൾ പിറക്കാനും മറക്കാനും ഒരു നിമിഷം മതി “

“പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നവരുടെ പിണക്കം തീർക്കാൻ മൂന്നാമന്റെ ആവശ്യമില്ല.”

“ആഗ്രഹങ്ങളെപ്പോഴും മനസ്സിൽ കുഴിച്ചുമൂടുന്നവരുണ്ട്, അർഹരല്ല എന്നോർത്ത്. എന്തെങ്കിലും ഒന്നിനോട് അടങ്ങാത്ത ഇഷ്ടം തോന്നിപ്പോയാൽ നേടണോ കൈവിടണോ എന്ന ആശയക്കുഴപ്പത്തിൽ ആയിരിക്കും ഇവർ”

“ഈ നിമിഷം മുന്നിൽ കാണുന്നത് മാത്രമാണ് ബന്ധങ്ങൾ എന്ന് ചിന്തിക്കുന്നവരുണ്ട് ചിലർ. ശരിയായിരിക്കാം….അവരുടെ കണ്ണുകളിൽ കൂടി മാത്രം നോക്കി കാണുകയെങ്കിൽ.”

“ചില ഓർമ്മകൾ മറന്നു വരുമ്പോൾ അവർ തന്നെ പുതിയ ഓർമ്മകൾ ഉണ്ടാക്കി തരും “

“നിഗൂഢതകൾ പേറുന്ന മനുഷ്യ ജീവിതങ്ങൾ ജീവിച്ച് തീർക്കുന്നത് ശരിക്കും ഒരു ത്രില്ല് തന്നെ ആണ്, ഒരു സാഹസിക യാത്രപോലെ….. “

“മനുഷ്യന്റെ സ്വാർത്ഥതക്ക് പച്ചപ്പിനെ കുരുതി കൊടുക്കുമ്പോൾ നാളേയ്ക്ക് കരുതാനായി ഒന്നുമില്ലെന്നോർമ വേണം.”

“പ്രതികരണം ഭയന്ന് കുഴിച്ചുമൂടപ്പെടുന്ന അനേകായിരം ആശയങ്ങളും സത്യങ്ങളും”

“കൂടെ നടക്കുന്നവരെക്കാൾ ചിലപ്പോൾ വിശ്വസിക്കാനാവുന്നത് നമ്മെ കടന്നുപോവുന്ന ചില അപരിചിതർ …… തോന്നിയിട്ടുണ്ട് പലപ്പോഴും
എതിരെ നടന്നു വന്ന് ഒരു പുഞ്ചിരിയിൽ എല്ലാം സമ്മാനിച്ച് കടന്നുപോകുന്നവർ”

“എന്റെ വരികളിൽ എന്റെ ആത്മാവുണ്ട്, അത് കണ്ട കാഴ്ചകളും  “

“കഴിവ് വേണമെന്നില്ല, കൂടെ നിൽക്കാനൊരു മനസ് മതി. യുദ്ധം പാതി ജയിച്ചു കഴിഞ്ഞു.  “

“വട്ടില്ലാത്ത മനുഷ്യരുണ്ടോ? മനസിന്റെ എല്ലാ ഭാവങ്ങളും നിറഭേദങ്ങളും മനുഷ്യന്റെ ഭാവനയ്‌ക്കൊത്ത സൃഷ്ടികളല്ലേ?”

“കാണാത്ത കാഴ്ചകളെ ……. നിങ്ങൾക്ക് നന്ദി!!!! “

“ചിന്താശക്തി അൽപ്പം കൂടിപോയതുകൊണ്ടു മാത്രം താനാണ് കേമൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ. യാതൊരു മുൻവിധിയുമില്ലാതെ പ്രകൃതിയുമായി ഇഴുകിച്ചേർന്നു ജീവിക്കുന്ന ജീവജാലങ്ങളെ നോക്കി അവൻ നാണിക്കണം. എത്ര മുൻകരുതൽ എടുത്താലും മനുഷ്യർക്ക് പെരുകിവരുന്ന രോഗങ്ങളാണ് ഉത്തമ ഉദാഹരണം. “

“ചുവരുകൾക്ക് ചായം പൂശുംപോലെയാണ് ബന്ധങ്ങൾ
ചില വർണങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുതിയ ചായങ്ങൾ തേയ്ക്കാറുണ്ട്
പുതിയ ചായങ്ങളുടെ വിസ്മയകാഴ്ചകളിൽ
മനം മയങ്ങി നിൽക്കുമ്പോൾ
പുതിയ വർണങ്ങൾ പഴയ ചായങ്ങളുടെ
മാറ്റുകുറയ്ക്കാതെ നോക്കേണം”
 
“‘നന്ദികാണിക്കുന്നവരെയും ഒരു വിളിപ്പാടകലെയുള്ളവരെയും മനുഷ്യനെപ്പോഴും പുച്ഛമാണ്. അതാവാം നന്ദിയുള്ള നായക്ക്പോലും മനുഷ്യന്റെ കണ്ണിൽ വിലയില്ലാത്തത്”
 
“ഏതു പ്രൊഫഷണൽ ഫീൽഡ് വേണോ ആയിക്കോട്ടെ, സ്വന്തമായ് എന്തെങ്കിലും കൈവരിക്കാൻ ആയാൽ അതൊരു നേട്ടം തന്നെയാണ്. നിഴലുകളെ പിന്തുടരാതിരിക്കുക. മറ്റൊരു നിഴലായ് മറയേണ്ടി വരും “
 
“എല്ലാ പണികളും ഒപ്പിച്ചുവച്ചവൻ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ട്
പക്ഷെ എനിക്ക് നന്ദി ഉണ്ട് ആ വ്യക്തിയോട്
സൗഹൃദങ്ങളിലെ പൊള്ളത്തരങ്ങൾ കാട്ടിത്തന്നതിന്”
 
“ദുഷ്ടന്മാർ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഉറ്റവരെക്കാൾ ഉപകാരം ചെയ്യുന്ന അവസ്ഥകൾ ഉണ്ടാവാം. വിചിത്രം, പക്ഷെ സത്യം”
 
“എത്ര നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും അതിൽ നിന്നും ഒരു പോസിറ്റീവ് അർത്ഥം ചികഞ്ഞെടുത്ത് മുന്നോട്ട് നീങ്ങുന്നവനേ ജീവിത വിജയം ഉണ്ടാവൂ”
 
“എന്റെ ഉറ്റവർ എന്റെ വാക്കുകൾ വിശ്വസിക്കണം എന്ന കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ട് , കാരണം വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. “
 
“വേനൽ കാടുകളെ പുഷ്പിക്കാൻ ഒരു മഴമേഘത്തിനു കഴിയും
തളിരുകൾ കൊഴിഞ്ഞൊരു മനസിനെ ഉണർത്താൻ ഒരു പുഞ്ചിരിക്കും…. “
 
“ഇന്ന് ചീറിയണഞ്ഞ കാറ്റിനൊപ്പം പറന്നു കളിക്കാനും മത്സരിക്കാനും
എണ്ണമറ്റ അപ്പൂപ്പൻ താടികൾ….
കാറ്റ് കരിയിലകളെ പറത്തികൊണ്ടുപോവാൻ ശ്രമിക്കുമ്പോഴും…
എന്നെ കണ്ണുകൾ പതിഞ്ഞത്
കുട്ടിക്കാലത്തിന്റെ മാസ്മരികത ഒളിച്ചുപിടിക്കാൻ ശ്രമിക്കുന്ന –
അപ്പൂപ്പൻ താടികളിലായിരുന്നു”
 
“ഇന്നും പാറിക്കളിക്കുന്ന അപ്പൂപ്പൻ താടികളെ കാണുമ്പോൾ
സർവവും മറന്ന് ഒരു കുട്ടി ആവാറുണ്ട്…”
 
Image Source: Pixabay
 
(Visited 373 times, 1 visits today)