ഷഹനയ്ക്ക് ഒരു കുറിപ്പ്
ഒരാളിലേക്ക് നമ്മുടെ ലോകം ചുരുങ്ങുമ്പോൾ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു അത്ഭുതലോകമുണ്ട്. ഏറ്റവും വിശ്വസിക്കുന്ന ആൾക്കൊപ്പം ഒരു ആയുഷ്കാലം ജീവിച്ചുതീർക്കാൻ നെയ്തുകൂട്ടുന്ന ഒരായിരം സ്വപ്നങ്ങളുണ്ട്. ഏതു കാരണം പറഞ്ഞിട്ടാണെങ്കിലും പറയാതെയാണെങ്കിലും അയാൾ പോവുമ്പോൾ ഉണ്ടാവുന്ന ശൂന്യതയ്ക്ക് പകരംവയ്ക്കാൻ ചിലപ്പോൾ ഒന്നുമുണ്ടായി എന്നുവരില്ല. അവിടെ തകരുന്നത് ഒരാളുടെ വിശ്വാസമാണ്, ജീവിതമാണ്…. എല്ലാത്തിനുമുപരി ഹൃദയത്തിന്റെ ഒരു ഭാഗം തന്നെയാണ്.
നമ്മൾ ഡോക്ടറാവാൻ പഠിച്ചാലും എൻജിനീയർ ആവാൻ പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ നമ്മളെല്ലാവരും പച്ചയായ മനുഷ്യരാണ്. കണ്ണീരും പരിഭവങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യർ. അവിടെ പഠിച്ച ഡിഗ്രിക്കോ ബുദ്ധിക്കോ പണത്തിനോ സൗന്ദര്യത്തിനോ സാമൂഹിക സ്ഥിതിക്കോ ഒന്നിനും സ്ഥാനമില്ല. ആ കുറവ് നികത്താൻ കഴിയണമെന്നില്ല.
ഇന്ന് സമൂഹം ഏറ്റവും കുറച്ചു ചർച്ച ചെയ്യുന്ന ഒരുകാര്യമാണ് മാനസികാരോഗ്യം, അഥവാ മെന്റൽ ഹെൽത്ത്. എന്തിന്! സ്വന്തം വീട്ടുകാർ പോലും മനസ്സിലാക്കണമെന്നില്ല. ശരിയാണ് നമ്മളോരോരുത്തരും ചിന്തിക്കാം, അവൻ ഇല്ലെങ്കിലെന്താ, അവളുടെ വില മനസ്സിലാക്കാൻ കഴിയാത്തവനോട് പോവാൻ പറ എന്നൊക്കെ. പക്ഷെ പലപ്പോഴും നമ്മൾ വിട്ടുപോവുന്നത് ഈ മാനസികാരോഗ്യത്തിന്റെ കണ്ണി തന്നെയാണ്. നമ്മളുടെ കൂടെ നടക്കുന്നവരുടെ മനസ്സ്‌പോലും നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല.
ആ കുട്ടിയുടെ കാര്യം തന്നെ എടുത്താൽ, ഏറ്റവും വിശ്വസിച്ചതും ജീവിതകാലം മൊത്തം കൂടെയുണ്ടാവും എന്ന് വാഗ്ദാനങ്ങളും നൽകിയ വ്യക്‌തിയാണ് അവളുടെ മുഖത്തുനോക്കി പറഞ്ഞത്, നിന്നെക്കാളും എനിക്ക് വലുത് പണം ആണെന്ന്. തേച്ചിട്ടുപോയി എന്നൊക്കെ എത്ര നിസ്സാരമായിട്ടല്ലേ നമ്മൾ പറയാറ് പലപ്പോഴും, തമാശരൂപേണ! പക്ഷെ വിശ്വാസം നഷ്ടപെടുന്നിടത്തു എല്ലാം നഷ്ടപ്പെടും എന്നത് സത്യമാണ്. ജീവിതം തന്നെ താറുമാറാകും, വിശ്വാസത്തിനും സ്നേഹത്തിനും ആഴംകൂടുംതോറും! അവിടെ മറ്റൊരു ഘടകവും വർക്ക് ചെയ്യില്ല.
ആ കുട്ടി രണ്ടാഴ്ച ലീവ് എടുത്തുപോയി എന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ടു. മടങ്ങി വന്ന ശേഷം പതുക്കെ മറ്റുള്ളവരോട് സംസാരിച്ചു തുടങ്ങി. മരിക്കുന്നതിന് തലേദിവസം കൂട്ടുകാരോടൊത്തു ഒരു ഫങ്ക്ഷന് പോയി. ഇപ്പോഴും കല്യാണത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഇവിടെയാണ് പലപ്പോഴും നമ്മൾ ഒരു വ്യക്‌തിയെ മനസ്സിലാക്കാതെ പോവുന്നത്. ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നിപ്പിച്ചിട്ട് എല്ലാരേയും ഞെട്ടിച്ച് ജീവനൊടുക്കുന്നു.
ഇതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്. ഒരുപക്ഷെ അവൾ വീണ്ടും ശ്രമിച്ചിട്ടുണ്ടാവാം അവനെ തിരിച്ചുകൊണ്ടു വരാൻ, അവളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടാവാം അവനെ നഷ്ടപ്പെടാതിരിക്കാൻ. ആ നിമിഷവും അവൻ അവളെ മനസിലാക്കാതെ പോയി! അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോൾ ആയിരിക്കാം ഒരുപക്ഷെ അവൾ….. !
ആരെന്തൊക്കെ പറഞ്ഞാലും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെല്ലാം ഇങ്ങനെ ആണല്ലേ, മറ്റുള്ളവർക്ക് ബാലിശമായ് തോന്നിയാലും! ഓരോന്ന് അനുഭവിക്കുന്നവർക്കല്ലേ അതിന്റെ വേദന മനസ്സിലാവൂ.
ചങ്ങമ്പുഴയുടെ വരികൾ ഓർമവരികയാണ്,
“ഈ കപടലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണ് എന്റെ തെറ്റ്!”
നല്ല മനസ്സുള്ളവർക്ക് ഈ ലോകമില്ല എന്നത് ഒരു സത്യമാണ്, അവരാണ് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നത്!
എന്റെ കുഞ്ഞനുജത്തിക്ക് വേണ്ടി മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇത്രയെങ്കിലും എഴുതണമെന്നു തോന്നി. പണത്തേക്കാളും വിലപ്പെട്ട പലതും ഈ ലോകത്തുണ്ട് എന്ന് ഓർമിപ്പിക്കുന്നു. നിർത്തട്ടെ.
Image source: Pixabay
Recent Comments