പ്രൗഢിയിൽ ക്ഷേത്രഗോപുരം ഒരുങ്ങി ചോച്ചേരിക്കുന്നിലെ പഴനിയിൽ
പളനിയുടേത് പോലെ ഒരു ക്ഷേത്രം പണിയുക. നിരവധി ചവിട്ടു പടികളും ഉയരത്തിലുള്ള ക്ഷേത്ര ഗോപുരവും നിർമ്മിച്ചു തികച്ചും തമിഴ് സംസ്കാര ശൈലിയും ആചാരവും ഉൾക്കൊള്ളുന്ന അതിമനോഹരമായ ക്ഷേത്രം. നാടിൻറെ ആഗ്രഹം പൂവണിയുകയാണ്. ഒരു വ്യാഴവട്ടം നീണ്ട കഠിന പ്രയത്നത്തിന് ഒടുവിൽ തമിഴ്നാട്ടിലെ സുബ്രഹ്മണ്യ സങ്കേതങ്ങളുടെ മാതൃകയിലും രൂപസദൃശ്യത്തിലും പുത്തൂർ ചോച്ചേരിക്കുന്നിൽ കേരള പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.
സുബ്രഹ്മണ്യനായി പളനി പോലെ ഒരു ക്ഷേത്രം
പഴനി ക്ഷേത്രത്തിന് സമാനമായ ആചാരാനുഷ്ഠാനങ്ങൾ ഇവിടെയും പിന്തുടരുന്നുണ്ട്. എങ്കിലും അമ്പലത്തിന്റെ പഴക്കം കൃത്യമായി വ്യക്തമല്ല. കാലപ്പഴക്കത്താൽ ജീർണിച്ചടിഞ്ഞ ഈ മുരുക ക്ഷേത്രത്തിൽ പിന്നീട് ചിന്മയാനന്ദ സ്വാമികൾ പ്രതിഷ്ഠ നടത്തുകയുണ്ടായി. അതിനുശേഷം കാര്യങ്ങളുടെ സ്ഥിതി ഗതികൾ മാറിമറിഞ്ഞു. പുറം ലോകം ഈ അമ്പലത്തിൽ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങി, ഭക്തർ എത്തിത്തുടങ്ങി.
ഗോപുരം നിർമ്മിക്കാൻ രണ്ടുവർഷം
ഏഴു നിലകളിലായി 45 അടിയോളം ഉയരത്തിലുള്ള ക്ഷേത്രഗോപുരം നിർമ്മിക്കാൻ ഏകദേശം രണ്ടു വർഷമെടുത്തു. മധുരയിലെ ശില്പികളെ ഗോപുര നിർമ്മാണത്തിനായി ഇവിടെ കൊണ്ടുവന്നു. ഏകദേശം പണികൾ കഴിഞ്ഞു എങ്കിലും കുറച്ചു പണികൾ ബാക്കിയുണ്ട്. ഗോപുരത്തിന് മുകളിലായി 9 താഴിക കുടങ്ങൾ സ്ഥാപിക്കണം. രണ്ടു വശത്തിലും ശില്പങ്ങൾ സ്ഥാപിക്കണം. കേരള പളനി എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ചുറ്റും പച്ചപ്പും കുന്നുകളും നിറഞ്ഞ അമ്പലം കാഴ്ചക്കാർക്ക് വേറിട്ട ഒരു അനുഭവം കാഴ്ചവയ്ക്കുന്നു.
നേരിട്ട് കയറാൻ 239 പടികൾ
കുന്നിൻ മുകളിലാണ് അമ്പലം. താഴെ നിന്ന് 2000 അടി ഉയരമുള്ള കുന്നിൻറെ നെറുകയിലെ ക്ഷേത്രത്തിലേക്ക് നേരിട്ട് കയറാൻ 239 പടികൾ നിർമ്മിച്ചിട്ടുണ്ട്. കുന്നിന് ചുറ്റും നിർമ്മിച്ചതോടെ എല്ലാവർക്കും കയറാൻ സൗകര്യമായി. വാഹനങ്ങൾക്കും എത്താം. തീർത്ഥാടകരുടെ ഇഷ്ടപ്രകാരം ഏതു മാർഗ്ഗവും സ്വീകരിക്കാം.
രാവിലെയും വൈകുന്നേരവും ആണ് കൂടുതൽ വിശ്വാസികൾ എത്തുന്നത്. എല്ലാ മതസ്ഥർക്കും അമ്പലത്തിൽ പ്രവേശിക്കാം. വേൽമുരുകനാണ് മുഖ്യപ്രതിഷ്ഠ. മയിൽ വാഹനനായ യോദ്ധാവാണ് മുരുകൻ ഇവിടെ. മറ്റു 8 ദേവന്മാരും പ്രതിഷ്ഠയുണ്ട്. ശിവൻ, പാർവതി, ഗണപതി, അയ്യപ്പൻ, ശ്രീരാമൻ, ഹനുമാൻ പിന്നെ നാഗദൈവങ്ങളും. താഴെ അടിവാരത്ത് ഗണപതികോവിൽ ഉണ്ട്. കുംഭത്തിലെ പൂയം നാളിലാണ് പ്രധാന ഉത്സവം.
Read same article in English. Click here.
Recent Comments