പ്രിയസഖി
പ്രാണന്റെ പ്രാണനാമെൻ പ്രിയസഖി…
നിന്നെകുറിച്ച് പറയുവാനെനിക്കേറെ
എന്നാലും ഒതുക്കീടുന്നു ഞാനവയെ
ഒരു മണിമുത്തുപോലൊരു ചിപ്പിക്കുള്ളിൽ
നേർത്തമോഹമെല്ലാം തേങ്ങലായ നിമിഷം
കടന്നുവന്നു സന്തതസഹചാരിയായി നീ
എൻ ശ്രുതികൾക്കെല്ലാം നീ താളമിട്ടു
എൻ മനസ്സാം വീണ നീ തൊട്ടറിഞ്ഞു
പിന്നെ, ഞാൻ പോലുമറിയാതെയതിനുറക്കമേകി.
നീ സഹിക്കും വേദനയുമീ ദീർഘനിശ്വാസങ്ങളും
എനിക്കും നിനക്കും ഒരുപോലെ സ്വന്തം.
മനുഷ്യമനസ്സിനനിർവചനീയമാം നിന്നെ
ഇഷ്ടപ്പെടുന്നവർ ഏറെ ചുരുക്കം,
എന്നാൽ നീ എനിക്കെന്നുമെന്റെ കളികൂട്ടുകാരി.
നീ എന്നിൽ നിന്നും പിരിഞ്ഞ നിമിഷമുണ്ടോ?
നിന്റെ സാമീപ്യം താങ്ങാനാവുന്നില്ലാ എങ്കിലും
നീ അകന്നിടും നിമിഷങ്ങൾ അർത്ഥശൂന്യമല്ലയോ,
കാരണം നീ എന്നിലെ ചൈതന്യമാകുന്നു.
നിന്നെ സഖിയാക്കിയ എനിക്ക് ഭ്രാന്തെന്ന് പുലമ്പാം
നിന്നെ അകറ്റാൻ ശ്രമിക്കുമീ നശ്വരലോകവും.
എന്നാലും, ഇഷ്ടമാണെനിക്കൊരുപാട്
നിന്നെയും നീ പകർന്നു തരുമാ ഏകാന്തനിമിഷങ്ങളും,
പിന്നെ, ഒരുപിടി ചാരമായ ആ സ്‌മൃതികളും.
അതിനൊപ്പം എരിഞ്ഞടങ്ങും എനിക്ക്
നിശ്ശേഷമില്ല പരാതി ഒന്നിനോടും.
പകരം നൽകാനെന്റെ പക്കളൊന്നുമില്ലായെങ്കിലു-
മെപ്പോഴും നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നുമാത്രം
വികാരത്തിൽ പൊതിഞ്ഞ കുറച്ച്-
കണ്ണുനീരിൻ നറുതേൻ മുത്തുകൾ.
എന്നാൽ, എന്നെ ചൊല്ലി പിടയും നിന്നുടെ ഹൃദയം
എനിക്കിതുവരെയവ നൽകാത്തതെന്തേ?
നിദ്രയെ പുൽകുമെൻ മനസ്സിനെ ഉണർത്താത്തതെന്തേ?
എന്നോടുള്ള സ്നേഹാധിക്യം കൊണ്ടോ,
അതോ പലതും നിർവ്വചിക്കാനാവാത്തതുകൊണ്ടോ?
സഖിയിൽ കവിഞ്ഞ് മറ്റെന്തൊക്കെയോ –
അല്ലേ നീയെനിക്കിന്ന്
എന്തെല്ലാമോതിതരുന്നു നീ പലകുറി.
ഒരിക്കലും പിരിയാത്തൊരെൻ പ്രിയസഖീ
നിന്നെ ഞാൻ എന്ത് പേർ ചൊല്ലി വിളിച്ചീടേണം?
ദുഃഖമെന്ന് വിളിച്ചോട്ടെ……
അതോ മറ്റെന്തെങ്കിലുമെന്നോ…….?
Originally dated: 20/6/2001
Image source: Pixabay
Recent Comments