“ചില നഷ്ടങ്ങൾ ചിലർക്ക് മാത്രം എപ്പോഴും വിധിച്ചിട്ടുള്ളത് , ചില നേട്ടങ്ങളും….. “

“എനിക്ക് പലരെയും നഷ്ടമായി
പലകുറി പലവിധം
പക്ഷെ ആർക്കും എന്നെ നഷ്ടമായില്ല”

നഷ്ടങ്ങൾനഷ്ടങ്ങൾ

“ചില വ്യക്തികൾക്ക് നമ്മുടെ ജീവിതത്തിൽ പകരക്കാറില്ല. അതുകൊണ്ട് അവരെ നമ്മൾ പിടിച്ചുവയ്ക്കാൻ ശ്രമിക്കും”

നഷ്ടമായി തുടങ്ങിയിട്ടുണ്ട് എന്റെ ചിന്തകളിൽ …. നിന്റെ സുഗന്ധം”

“സ്നേഹത്തിന്റെ വില ഏറ്റവും നന്നായി മനസ്സിലാക്കുന്നത്
അത് ഒരു തവണയെങ്കിലും നഷ്ടപെട്ടവനായിരിക്കും “
 
“ചിലർക്ക് നഷ്ടങ്ങൾ മാത്രമാണ് എപ്പോഴും വിധിക്കപ്പെട്ടിട്ടുള്ളത്
അതിനവർ ഉത്തരവാദികൾ അല്ലെങ്കിലും”
 
“എൻ വാക്കുകൾക്കിടയിലെ മൗനനിശ്വാസങ്ങളെ
നീ എപ്പോഴെങ്കിലും വായിച്ചെടുത്തിട്ടുണ്ടോ?
ഞാൻ ഒളിപ്പിച്ചുവയ്ക്കുന്ന മൗനനൊമ്പരങ്ങളെ
നിൻ ശ്രുതികളിൽ കോർക്കാൻ കൊതിച്ചിട്ടുണ്ടോ?
വാക്കുകളിൽ പറയുന്ന കടംകവിതകൾ
വാക്കുകളിൽ തുളുമ്പുന്ന സ്നേഹവായ്പുകൾ
നിന്നിൽ രാത്രിമഴയായ് പെയ്തിറങ്ങുന്നുവോ-
എന്നറിയാൻപോലും കഴിയുന്ന ഒരു ഭാഷ
എവിടെയോ നഷ്ടമായില്ലേ, നമുക്കിരുവർക്കുമിടയിൽ?”
 
“ആഴം കൂടുമ്പോളാണ് സ്നേഹം അറിയപ്പെടാതെ പോകുന്നത് എന്നൊരു തോന്നൽ!!! അത് എന്റേതുമാത്രമോ? സ്നേഹം കൂടുമ്പോൾ പ്രകടനങ്ങൾ കുറയും, അതാണ് കാര്യം…..
നഷ്ടപ്പെടും എന്ന് ഉള്ളിൽ പേടി തോന്നുന്നവരെയാണ് നാം പിടിച്ചു നിർത്താറ്, പ്രകടനങ്ങളിലൂടെ”
 
“എന്റെ മനസ്സിൽ നീയുണ്ടാവും
ഉടയാത്തൊരു രൂപമായി എന്നുമെന്നും
നീ അകലെയെങ്കിലും ചാരെയാണെങ്കിലും…….
നീയായിട്ട് അത് നഷ്ടപ്പെടുത്താതിരുന്നാൽ മതി”
 
“മോഹിപ്പിച്ച് പറന്നകന്നൊരാ മോഹപ്പക്ഷികൾ”
 
“നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടിയിട്ടില്ല
ഇനിയൊരു ജന്മമുണ്ടെങ്കിൽ കിട്ടുമായിരിക്കും”
 
“പിടിച്ചു വാങ്ങുന്ന സ്നേഹം സ്ഥായി അല്ല. അത് നഷ്ടപ്പെടുക തന്നെ ചെയ്യും”
 
“പിരിഞ്ഞു പോകുന്നവർക്കാണ് നഷ്ടം, എനിക്കല്ല എന്ന് ചിന്തിക്കാൻ കഴിയണം.
ഞാൻ എന്ന വ്യക്തിത്വത്തെ സ്വയം അംഗീകരിക്കുന്നതിന് തുല്യമാണത്”
 
“മുഖങ്ങൾ മാറി വന്നേക്കാം
തിരക്കഥകളും ജീവിതങ്ങളും മാറിമറിയാം
എങ്കിലും ചില നഷ്ടങ്ങൾ ചിലർക്കെങ്കിലും
ആവർത്തന വിരസതയുടെ വന്നുപോകൽ മാത്രം”
 
“അന്യായമായി നേടിയതും കടലെടുത്തു പോവും
ന്യായമായി നേടിയതും നഷ്ടമാവും
എപ്പോഴും നഷ്ടങ്ങളാവും കൂടുതൽ
ക്ഷണികമാണ് എല്ലാ സന്തോഷങ്ങളും”
 
“വാഗ്ദാനമാണ് ചിലർക്ക് പ്രണയം, ഒരു വാക്കിലൂടെ എല്ലാം നഷ്ടപ്പെട്ടേക്കാം എന്ന് അറിയാമായിരുന്നിട്ട് കൂടി ” #സതി #ശിവ
 
“പ്രകൃതി നശിപ്പിക്കുന്നതും ഒന്നുനോക്കിയാൽ violence അല്ലെ? കൊലപാതകം അല്ലെ? പകരം വയ്ക്കാനോ മടക്കി കൊണ്ട് വരാനോ കഴിയാത്ത ഏതൊരു നഷ്ടവും നഷ്ടം തന്നെയാണ്.  “
 
“നഷ്ടങ്ങൾ നഷ്ടങ്ങൾ ആവുന്നത് അവ തിരിച്ചറിയുമ്പോൾ മാത്രമാണോ? “
 
“സമയം വാരിക്കോരി കൊടുക്കാൻ ഉണ്ടായിട്ടില്ല പലരും നമുക്കായി അത് കരുതി വയ്ക്കുന്നത്, അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടം നമുക്ക് മാത്രം “
 
“പകരം വയ്‌ക്കാനാകാത്ത പലതിനെയും പിടിച്ചുനിർത്താൻ ശ്രമം – അത് മനുഷ്യസഹജം”
 
“ഒരാൾ നമ്മളെ ജീവിതത്തിൽ വേണ്ടെന്നു വച്ചാൽ, അവിടെ ജീവിതം അവസാനിച്ചു എന്നല്ല, മറിച്ച് അവിടെ പുതിയ ജീവിതം തുടങ്ങി എന്ന് വേണം കരുതാൻ. ഏതു നെഗറ്റീവ് കാര്യത്തെയും ഇങ്ങനെ പോസിറ്റീവ് ആക്കി തീർക്കാനുള്ള കഴിവ് മനസ്സിനുണ്ട്”
 
“ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവ ….
അത് ഒരു വ്യക്തി ആയാലും
ചില നിമിഷങ്ങൾ ആയാലും
.
.
ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്ന വേദന…
അതിനു പകരം വയ്ക്കാൻ
ഈ ഭൂമിയിൽ ഒന്നുമില്ല”
 
“എല്ലാ ദൗർഭാഗ്യങ്ങളും നഷ്ടങ്ങളും ഓർമകളിലേക്കൊരുമിച്ചു ചേക്കേറുന്നത് തീർത്തും ഭയാനകമായ അവസ്ഥയാണ്”
 
“ഒരിക്കലും നഷ്ടമാവില്ല എന്ന് മനസ്സിൽ ഉറപ്പിക്കുന്ന കാര്യങ്ങളാവും ഒരുപക്ഷെ ആദ്യം നഷ്ടപ്പെടുക”
 
“ചില വ്യക്തികളെ ചുറ്റിപറ്റി
ഒരു പ്രപഞ്ചം തന്നെ നമ്മൾ നെയ്തുകൂട്ടാം,
പൂർണരൂപത്തിൽ ആശ്രയിക്കും.
ഒരുപാട് പ്രതീക്ഷകൾ
ഒരിക്കലും വിട്ടുപോവില്ല എന്ന വിശ്വാസം
ചുരുക്കത്തിൽ
ആ വ്യക്‌തിയിലേക്ക് നമ്മളുടെ ലോകം ചുരുങ്ങാം.
ഒരു നിമിഷം കൊണ്ട് ആ വ്യക്തി
ജീവിതത്തിൽനിന്നും ഇല്ലാതായാൽ…
അല്ലെങ്കിൽ ഒരു കാരണവും പറയാതെ അപ്രത്യക്ഷപ്പെട്ടാൽ
ഉണ്ടാവുന്ന emotional trauma
ആ ശൂന്യത….
വിവരിക്കാൻ വാക്കുകൾ പോരാ”
 
“പുതിയ നഷ്ടങ്ങൾ മനസ്സിനെ വേട്ടയാടുമ്പോൾ
പഴയ നഷ്ടങ്ങൾ ബോധപൂവം മറക്കുന്നു…
മനുഷ്യസഹജം!!”
 
“നഷ്ടപ്പെടുമെന്ന ഭയത്തോടെ
പിടിച്ചുനിർത്തേണ്ടതല്ല പ്രണയം.
മെല്ലെ വിരലുകൾ ചേർത്ത് പിടിച്ച്
പറക്കാനനുവദിക്കുന്നതാണ് പ്രണയം”
 
“ചില കാര്യങ്ങളുണ്ട്….
നഷ്ടപെട്ടതാണോ
അല്ലയോ എന്നുപോലും
കണ്ടെത്താൻ കഴിയാത്തവ”
 
“ഓരോ തവണ നിന്നെ നഷ്ടപ്പെടുമ്പൊഴും
നിന്നെ തിരഞ്ഞിറങ്ങുന്നതും
ഓരോ തവണ വിഡ്ഡിവേഷം കെട്ടുമ്പൊഴും
സ്വയം പുഞ്ചിരി തൂവുന്നതും
നഷ്ടങ്ങളുടെ കണക്കെടുപ്പ്
വീണ്ടും എടുക്കാതിരിക്കാനാണ്
കൊഴിയുന്ന ഓരോ ശരത്കാലത്തിനുമൊടുവിൽ
ഒരു വസന്തം കഥപറഞ്ഞെത്തുമെന്ന പ്രതീക്ഷയിലാണ്”
 
“ഇളം ചായങ്ങളും കടുംചായങ്ങളും
നിറഞ്ഞ എന്നുടെ ആകാശം.
ഉദയാസ്തമയങ്ങളും
നിർവചിക്കപ്പെടുന്നു പലകുറിയെങ്കിലും
അർത്ഥ ശൂന്യമായ
വർണ്ണ ശൂന്യമായ
മോഹഭംഗങ്ങളേറ്റ
ചിന്നി ചിതറിയ
മേഘകൂട്ടങ്ങളാണ് അനവധി.
കാഴ്ചകൾ മങ്ങിയ
വർണ്ണങ്ങൾ നഷ്ടപ്പെട്ട
ദുഃഖസാന്ദ്രമായ
ഉദയാസ്തമയങ്ങളാണ് അനവധി.”
 
“നിന്റെ നിറങ്ങൾ മെല്ലെ എന്നിൽനിന്നും നഷ്ടമാവുമായിരിക്കാം, സൗരഭ്യം ഒരിക്കലും നഷ്ടമാവില്ലെങ്കിലും”
 
“നിറങ്ങൾ നഷ്ടപെട്ട എനിക്ക് അമാവാസിയുടെ ചേലാണ്”
 
“സ്വയം മറന്നുവച്ചു ഞാൻ എന്നെ തന്നെ
തിരിച്ചെടുക്കണം എന്ന് ചിന്തിക്കാതെ തന്നെ……
വരുംവരായ്കൾ ഓർക്കാതെ തന്നെ.
മടക്കയാത്ര ആഗ്രഹിക്കുമ്പോഴും
വീണ്ടും സ്നേഹിക്കപ്പെടില്ല എന്നോർക്കുമ്പോഴും
എന്നെ നഷ്ടപ്പെടുത്തിയ ഞാൻ –
എന്നിലേക്ക് ഉള്ള യാത്ര പോലും
മറന്നു തുടങ്ങിയിരിക്കുന്നു.”
 
“എല്ലാ നഷ്ടങ്ങളെയും ഒരുമിച്ചെഴുതിച്ചേർക്കണം
സഹിക്കാൻ എളുപ്പമായിരിക്കും”
 
Image source: Pixabay
 
 
(Visited 46 times, 1 visits today)