കഥകൾ!!!
“നിന്നോട് പറഞ്ഞ കഥയൊന്ന്
ശരിക്കുള്ള കഥ മറ്റൊന്ന്.
ഇത് രണ്ടിനുമിടയിൽ
വാക്കുകളില്ലാതെ പറഞ്ഞ കഥ വേറൊന്ന്”
“പൂർത്തിയാവാത്ത കഥകൾക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട്
പൂർത്തീകരിക്കാത്ത ചിത്രം പോലെ വീർപ്പുമുട്ടിക്കുമെങ്കിലും”
“സങ്കടങ്ങൾ പലപ്പോഴും ആരോടും പറയാൻ കഴിയില്ല.
പറഞ്ഞാലും ആരും വിശ്വസിക്കില്ല.
കാരണം, കെട്ടുകഥകളേക്കാൾ അത്ഭുതമാണ്
പലരുടെയും ജീവിതങ്ങൾ😔🥺”
“കെട്ടുകഥകൾ പലതും രചിക്കേണ്ടി വന്നേക്കാം,
കടംകഥകൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ”
“നീ അറിഞ്ഞുവോ അറിഞ്ഞില്ലയോ എന്ന്
എനിക്ക് തന്നെ നിശ്ചയമില്ലാത്ത കഥകൾ ഒരായിരം ഉണ്ട് “
“മൗനത്തിൻ ഭാഷയിലാണ് ഞാനെന്റെ
കഥകളെല്ലാം നിന്നോട് ചൊല്ലാറുള്ളത്
എന്റെ ഹൃദയത്തിന്നാഴങ്ങളിൽ നീ മുങ്ങിത്തപ്പി
ഓരോ കണ്ണീർമുത്തിനെയും
നിന്റെ ഹൃദയത്തോടു ചേർക്കുമെന്ന വിശ്വാസത്തിൽ.
വിശ്വാസങ്ങൾ പലതും തോന്നലുകളിലേക്ക് വഴിമാറിയത്
കാലത്തിൻ കേളികളാവാം, കൗതുകങ്ങളാകാം🌈✨💫 “
“എഴുതാൻ ഒരുപാട് താളുകൾ ഒഴിച്ചിട്ടിട്ടുണ്ട് നിനക്ക് വേണ്ടി
പക്ഷെ എഴുതാൻ ഒന്നുമില്ല എന്ന് മാത്രം”
“ഒരിക്കൽ തീർത്തും അസാധാരണമായിരുന്ന കാര്യങ്ങൾ
സാധാരണമായ് തോന്നിയേക്കാം ……
പിന്നീടവ തിരിച്ചും.
ഒരിക്കലും മനസ്സിനോ ശരീരത്തിനോ
ചെന്നെത്താൻ കഴിയാത്ത കടമ്പകൾ,
തീർത്തും അവിശ്വസനീയമായ കെട്ടുകഥ പോലെ”
“എന്നും കൂടെയുണ്ടാവും എന്ന പ്രതീക്ഷയിൽ
ഒപ്പം കൂട്ടുന്ന പലരും പലവഴിക്ക് പിരിഞ്ഞുപോകും
പല നാല്കവലകൾ കൂടുമ്പോൾ
പുതിയ സഹയാത്രികരെ കിട്ടുമ്പോൾ.
നമുക്കെന്നും ശരണം ഈ നാലമ്പലങ്ങളാണ്
അതാവുമ്പോൾ ആരെയും കാത്തിരിക്കേണ്ട
അപരിചിതർ പല ദിക്കിൽ നിന്നും വന്നുചേരാം,
വീണ്ടും കഥയിതു തുടരും”
“എന്റെ ഏഴഴകുള്ള മഴവില്ലിലെ ഏതു വർണമാണ് നീ?
നീ എന്നിൽ ഒളിപ്പിക്കുന്ന വർണമെപ്പോഴും ചുവപ്പാണ്
ഭ്രാന്തിന്റെയും ചോരയുടെയും നിറം
പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കഥകൾ –
കോറിയെഴുതുന്ന നിറം
മഴവില്ലിൻ അവസാനമലിയുന്ന വർണവും….
മാണിക്യത്തിൻ അരുണിമയുടെ ചേലും പറയാതെ വയ്യ”
“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….”
“മായുന്ന ഓർമ്മകൾ പലപ്പോഴും കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നത് പിരിഞ്ഞുപോയ പലരുടെയും അവസാന ശേഷിപ്പുകളെ പിന്നെല്ലാം പഴയ പടി, പുതിയ കഥകൾ പുതിയ ബന്ധനങ്ങൾ “
“പാഴാക്കുന്ന ഓരോ നിമിഷത്തിനും ഒരു മടക്കയാത്ര ഇല്ല. ഓരോ നിമിഷത്തിനും കോർത്തിണക്കാൻ ഒരു കഥ സമ്മാനിച്ച് സന്തോഷത്തോടെ പറഞ്ഞു വിടുക. “
“മാഞ്ഞത് ഒരു ഞൊടിക്ക് മാത്രം…… മാരിവില്ലായി പുനർജനിക്കുവാൻ!!! നൽകിയ നീലവർണത്തെ ആകാശത്തിനു നൽകിയിട്ട് ഏഴുവർണങ്ങളിൽ പുതിയൊരു കഥ കൂട്ടിച്ചേർക്കുവാൻ വർഷമേഘത്തുള്ളികളായ് മടങ്ങിയെത്തുവാൻ”
“ഓരോ യാത്രകൾ ഓരോ അനുഭവകഥകൾ അവ സൂക്ഷിച്ചു വച്ചോളൂ…. വീണ്ടും ആ വഴി വരുമ്പോൾ ഇടറിവീഴാതിരിക്കാൻ……”
“ഒന്നും പറയാതെ പ്രിയപ്പെട്ട പലരും നമ്മുടെ ജീവിതത്തിൽ നിന്നും യാത്രയാവുമ്പോൾ എന്തൊക്കെ കഥകളാവും പൂരിപ്പിക്കാത്ത സമസ്യകൾപോൽ ബാക്കിവെച്ചിട്ട് പോവുക!”
(Visited 1 times, 1 visits today)
Recent Comments