ഇളംപൂവിനോട്
വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ
ഞാനോ നിന്നുടെ പുനർജനനം പോലെ
ഉണരാൻ വെമ്പിയ നിന്നെ
മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും
സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ –
സ്വരങ്ങൾ ചേർത്ത എന്നെ
നിരാശ തൻ മരീചികയിൽ
നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും
വിധിയുടെ പല കേളികളിൽ ചിലത്!!!
ഉണ്ടായിരുന്നു എനിക്കും നിന്നെപ്പോൽ
ഒത്തിരി വർണങ്ങളിൽ, ആശകൾ, സ്വപ്‌നങ്ങൾ
പിന്നെ സ്നേഹിക്കുമൊരാത്മാവും
നിഷ്കളങ്കമായിരുന്നു എൻ മനസ്സും
നിന്നിതളുകൾ പോലെ….
അത് സ്നേഹത്തിൻ സൗരഭ്യം പരത്തിയിരുന്നു
നവ ചന്ദ്രിക പോലെ….
എന്നാൽ വിധിയുടെ മെതിയടിയാൽ ചതഞ്ഞരഞ്ഞതോ
എൻ മോഹങ്ങളാവും ദളങ്ങളും അതിലെ നവചൈതന്യവും.
മഞ്ഞുകണങ്ങൾ പറ്റിയിരുന്നോരാ ദളങ്ങളിൽ –
ഇന്ന് കാണുന്നത്
നേർത്ത വേദന തൻ കണ്ണുനീർ പാടങ്ങളോ,
അതോ കാലമേകിയ
ഉത്തരമില്ലാ സമസ്യകൾ തൻ നിഗൂഢതയോ?
അന്ന് ഇളംകാറ്റിനൊത്ത് ചാഞ്ചാടിയ നിന്നെ
ഇന്ന് തഴുകുന്നതോ
മൃതി തൻ മണിയൊച്ച മുഴക്കും പദനിസ്വനം.
ഭൂമിയോട് ചേർന്നോരാ പാഴ് സ്വപ്നങ്ങൾക്കുണ്ടാവുമോ
ഇനി ഒരു പുനർജനനം! ചൊല്ലീടുക നീ.
പ്രതീക്ഷകൾ വ്യർത്ഥമെന്നറിയായ്കിലും
കാത്തിരിപ്പൂ ഞാനും നിന്നെ പോൽ
പുത്തൻ ജീവത്തുടിപ്പ് നൽകാം
ഒരു നവപുലരിയെ.
Image Source: Pixabay
Originally written in 2001.
Recent Comments