നിനക്കായ് കുറിക്കുന്നത് ……. (പ്രണയലേഖനം )

 
 
എന്റെ…. എന്ന് പറയാമോ എന്നെനിക്കറിയില്ല. എന്ത് പറഞ്ഞ് വിളിക്കണമെന്നും നിശ്ചയമില്ല, ഹരിയെന്നോ ഹരിയേട്ടനെന്നോ. പ്രായം കൊണ്ട് ഞാൻ രണ്ടു വർഷം മുമ്പേ നടന്നു പോയവളല്ലേ. ഞാൻ ഇതുവരെ പേരുപറഞ്ഞല്ലേ വിളിച്ചിട്ടുള്ളൂ.
 
ഒന്നും ഞാനായി പറയണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ ഹരിയുടെ മൗനവേദനയ്ക്കും നിശബ്ദ കണ്ണീരിനും അർത്ഥം ഇതൊന്നു മാത്രമെന്ന വിശ്വാസത്തോടെയാണ് ഞാൻ ഇതെഴുതുന്നത്. തിരിച്ചായാൽ വീണ്ടും ഞാൻ തകരും, ഇനി ഒരു പുനർജനനത്തിന്‌  പ്രതീക്ഷ ഇല്ലാതെ. ഒരുപക്ഷെ ഹരിയുടെ മുഖത്ത് പിന്നീട് നോക്കാനേ കഴിയില്ലായിരിക്കാം. എന്നാലും ഒരു ഉത്തരം കിട്ടി എന്ന് കരുതി ഞാൻ  സമാധാനിച്ചോലാം, ഞാനൊരിക്കലും ഹരിയെ വേദനിപ്പിച്ചിട്ടില്ല എന്ന ചിന്ത തന്നെ എനിക്കൊരു അനുഗ്രഹമാണ്. പിന്നൊരിക്കലും എന്നെക്കൊണ്ടൊരു ശല്യവും ഉണ്ടാവില്ല.
 
കാവ്യാത്മകമായ് പറയാനൊന്നും എനിക്ക് അറിയില്ല, കൂടുതൽ വിശേഷണങ്ങൾ കൊടുക്കാനും അലങ്കാരചാർത്തണിയുവാനും എനിക്ക് താല്പര്യമില്ല. എന്നെ ഹരിക്കറിയില്ലേ? അല്ലെങ്കിലും പലതും പൊലിപ്പിച്ചു കാട്ടാൻ ഹരി എനിക്കന്യനല്ലല്ലോ. ഞാനിതുവരെ പറയാത്തൊരു സത്യം പറയുകയാണ്. പ്രണയം ഇനിയും പുഞ്ചിരിയിലൊളിപ്പിക്കാൻ വയ്യ ഹരീ എനിക്കിനി! കഴിയില്ല എനിക്ക് ഒരു നുള്ളു പോലും……..  
 
ആ വിട്ടുപോയ അക്ഷരങ്ങൾക്കും നമ്മൾ രണ്ടാളുടെ മൗനത്തിനും ഇടയിൽ ഇരമ്പി നിൽക്കുന്ന ഒരു മഹാസമുദ്രമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഹരി അത് ഊഹിച്ചെടുത്തിട്ടുണ്ടോ എന്നെനിക്ക് നിശ്ചയമില്ല. വാക്കുകൾക്കും ഭാവമാറ്റങ്ങൾക്കും പിടി കൊടുക്കാതെ ഞാൻ ഈ കാലമത്രയും ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ അതിനും ചില കാരണങ്ങൾ ഉണ്ടായിരുന്നു, ഹരി അറിയാതെ പോയ, അറിയാൻ ശ്രമിച്ചിട്ടില്ലാത്ത ചില സത്യങ്ങൾ.  
 
ചില തെറ്റിധാരണകൾ നഷ്ടമാക്കിയത്  നമ്മളൊരുമിച്ച്‌ തീർക്കേണ്ടിയിരുന്ന അനേകം മാരിവില്ലുകളെയാണ്. വഴുതിപ്പോകും മുമ്പ് എനിക്ക് പിടിച്ചടുപ്പിക്കണം എന്റെ ജീവിത തോണിയെ ഹരി നിൽക്കുന്ന ഏതെങ്കിലും ഒരു തീരത്തേക്ക്. ആളൊഴിഞ്ഞൊരു ദ്വീപാണെങ്കിലും സാരമില്ല. ഞാൻ ഇത് എഴുതുമ്പോൾപോലും എനിക്കുറപ്പില്ല ഹരിയുടെ മനസ്സിലുള്ള പെൺകുട്ടി ഞാനാണോ എന്ന്. ഞാൻ ചിന്തിച്ചിട്ടുള്ളതുപോലെയൊക്കെ ഹരിയും ചിന്തിച്ചിട്ടുണ്ടോ എന്ന്. ഒരാൾ ഹരിയുടെ മനസ്സിൽ ഉണ്ടോ എന്നുപോലും എനിക്കറിയില്ല. എന്റെ അവസ്ഥ നോക്കണേ. അത് അറിയാൻ ആഗ്രഹിക്കുന്ന എന്റെ നിസ്സഹായ അവസ്ഥ തന്നെയാണ് എന്നെ ഉമിത്തീയിൽ ഇത്രയുംകാലവും  നീറ്റിമുറിവേൽപ്പിച്ചതും…… ഈ വാക്കുകൾ എഴുതിവരുമ്പോൾ പോലും എന്റെ മനസ്സ് ആശയകുഴപ്പങ്ങളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണ്. 
 
എന്നാലും ഞാനൊന്ന് ഉറപ്പിച്ചു. ഹരിയുടെ വാക്ക് പ്രതീക്ഷിച്ച് ഞാനിരിക്കുന്നില്ല കാലമിത്രയും ചെയ്തതുപോലെ. ഇല്ല അതിനുള്ള സമയം എന്റെ പക്കലും. തിരിച്ച് ഒറ്റയ്ക്ക് നടക്കാനാണ് എന്റെ വിധിയെങ്കിൽ എന്റെ മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വച്ചിട്ട് പോകാൻ ആഗ്രഹിക്കുന്നു. പിന്നീടൊരിക്കലും അതോർത്ത് ദുഃഖിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തു എന്ന് ഞാൻ ആശ്വസിക്കച്ചോളം, കാലമെത്ര കഴിഞ്ഞാലും. 
 
ഈ   വരികൾ വായിച്ചിട്ട് എന്റെ അവസ്ഥയോർത്ത് ഹരി സമ്മതം മൂളണം എന്ന് ഞാൻ ഒരിക്കലും പറയില്ല. സ്നേഹം ഭിക്ഷയായ് തരേണ്ട ഹരി എനിക്കൊരിക്കലും. അത് ഞാനൊട്ട് ആഗ്രഹിക്കുന്നില്ല താനും. അതിനു ചില കാരണങ്ങൾ ഉണ്ട്. തീർത്തും അന്യനായിരുന്നു ഹരി എനിക്ക് ആദ്യത്തെ രണ്ടു വർഷങ്ങൾ, അനേകം സുഹൃത്തുക്കളിലൊരാൾ. നമ്മൾക്കിടയിലെ പ്രായവ്യത്യാസവും ഒരു മതിലായിരുന്നു. പിന്നെയെപ്പൊഴോ തോന്നിത്തുടങ്ങി രണ്ടു കണ്ണുകൾ എന്നെ പിന്തുടരുന്നതായി. പക്ഷെ തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഒരിക്കലും കിട്ടീല!!! അതുവരെ ഞാൻ കണ്ടിട്ടുള്ള ഹരിയിൽ നിന്നും വ്യത്യസ്തനായ ഒരാൾ. ആ വ്യക്തിക്ക് എന്റെ ആത്മാവിനെ സ്വാധീനിക്കാൻ കഴിഞ്ഞു മറ്റാരേക്കാളും എന്തിനേക്കാളും ഈ ലോകത്തിൽ. ആ രൂപമാണ് … ആ തോന്നലുകളാണ് കാലങ്ങൾക്കിപ്പുറവും ഹരി എന്റെ മനസ്സിൽ. ആ ഹരിയെ ആണ് എനിക്ക് സ്വന്തമാക്കേണ്ടത്. എല്ലാം എന്റെ വെറുമൊരു ഭ്രമം മാത്രമെങ്കിൽ ഒരു പകൽസ്വപ്നമായ് ഞാൻ അതിനെ കരുതിയേക്കാം. 
 

ഹരി ചിന്തിക്കുന്നുണ്ടാവാം…..ഒരു കടലോളം സ്നേഹം ഉള്ളിൽ കരുതിയിട്ടും മീര എന്തേ ഇത്രയും കാലവും മൗനിയായി? എന്തിനാ എപ്പോഴും പുഞ്ചിരി പൊഴിച്ചു നിലകൊണ്ടത്? ഈ കഥയും പരിഭവങ്ങളുമെല്ലാമെല്ലാം എന്തിനു ഒളിച്ചുപിടിച്ചു? കാരണം താങ്ങാൻ പറ്റാത്ത സ്നേഹം മനസ്സിനുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ ഹരി അത് നിരസിച്ചപ്പോൾ…… എല്ലാം ആ നിമിഷത്തിൽ തന്നെ ഉള്ളിലൊതുക്കേണ്ടി വന്നു ഹരിപോലുമറിയാതെ. അപ്പോൾ എനിക്ക് തകർന്നത് എന്റെ എല്ലാമെല്ലാമാണ്. മറ്റൊരു മീരയായ് ഞാൻ മാറുകയായിരുന്നു! പിന്നീട് എന്റെ അവസ്ഥ അറിഞ്ഞ് അഭിലാഷ ഓരോ പ്രാവശ്യവും ഹരിയുടെ മനസ്സറിയാൻ ശ്രമിക്കുമ്പോഴും തുറന്നുകാട്ടിയ എന്റെ ഹൃദയമാണ് ഹരി കണ്ടില്ലെന്നു നടിച്ചു നടന്നകന്നത്. ആ നിമിഷങ്ങളിൽ ഹരിയിൽ നിന്നുമെല്ലാം ഒളിക്കാൻ ഞാൻ പെട്ടിരുന്ന പാട് എനിക്ക് തന്നെ അറിയില്ല, എന്തൊക്കെ പൊട്ടത്തരങ്ങൾ ചെയ്തതെന്നും…… നല്ലൊരു സുഹൃത്തായി കിട്ടുന്ന നിമിഷങ്ങൾ പോലും നഷ്ടമാകും എന്ന് ഭയന്ന്.

എന്റെ സാമീപ്യം ഹരിയ്ക്ക് വേദനകളാണ് നൽകിയിട്ടുള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, പക്ഷെ അത് സ്നേഹം കൂടിപ്പോയതുകൊണ്ട് മാത്രം… അകലുമോ എന്ന് ഭയപ്പെട്ടിട്ട് മാത്രം….. അതുകൊണ്ടല്ലേ ഹരിയെപ്പോഴും എന്നിൽ നിന്നും അകലം അഭിനയിച്ച്‌ നിന്നത്. അത് ഞാൻ തിരിച്ചറിയാത്തതുകൊണ്ടാണോ അഭിയെ അരികിലേക്ക് പറഞ്ഞുവിടുന്നത്? എനിക്ക് പറയാനുണ്ട് ഹരീ ഇതുപോലെ ഒരുപാടൊരുപാട് കാര്യങ്ങൾ, മനസ്സ് നിസ്സഹായയായി ഹരിക്കടുത്ത് നിന്ന് കണ്ണുനീർ വാർത്ത നിമിഷങ്ങളെ കുറിച്ചും. എന്റെ കണ്ണുനീരെല്ലാം വറ്റിപോയി ഹരീ ഞാൻ മറ്റൊരു മീരയായ് മാറിയ നിമിഷം. ഞാൻ ഒന്നും ഹരിയെ അറിയിച്ചിട്ടില്ല, അറിയിക്കാൻ ആഗ്രഹിച്ചുമില്ല. ഹരിയോടൊപ്പം ചെലവഴിക്കുന്ന കുറച്ച് നല്ല നിമിഷങ്ങളെ ഓർമയുടെ ചെപ്പിലൊളിപ്പിച്ച്‌ നിശ്ശബ്ദയായ് പടിയിറങ്ങണമെന്നു മാത്രമേ ഞാൻ കൊതിച്ചുള്ളൂ, ഹരി എന്റെ മുന്നിൽ തകരുന്ന നിമിഷത്തിനു സാക്ഷിയാകുംവരെ. 

ഈ സത്യം ഞാൻ മനസ്സ് തൊട്ടു പറയുകയാണ്. പല അവസ്ഥകളിൽ കൂടി എന്റെ മനസ്സ് സഞ്ചരിച്ചിട്ടുണ്ട്, ശരിയേത് തെറ്റേത് എന്നറിയാതെ. ജീവനുണ്ടോ മരവിച്ചുപോയോ എന്നറിയാതെ. ഭ്രാന്താണോ എല്ലാം തോന്നലുകളാണോ എന്ന് പോലുമറിയാതെ. എന്നാൽ ചിന്താകുഴപ്പങ്ങളില്ലാതെ എന്റെ മനസ്സുറപ്പിച്ച ഏക കാര്യം ഹരി എന്റെ ജീവിതത്തിൽ കടന്നുവന്ന ശേഷം മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ്. മറ്റൊരു സന്തോഷത്തെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല കാലമിത്രയും. അതാണെന്ന് തോന്നുന്നു ഞാൻ ഈ കാലമത്രയും ആശങ്കകൾ പോറലേൽപ്പിക്കാത്ത ഏക സത്യം. കാലത്തിന്റെ ചുടുനിശ്വാസത്തിലണയാതെ കാത്തുസൂക്ഷിക്കുകയായിരുന്നു ഞാനാ വിശ്വാസ ദീപത്തെ ഇത്രയുംകാലം…….. എത്ര ഋതുക്കൾ മാറിമാറി വന്നു ഇതിനിടയിൽ.

ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാവുമോ എന്നെനിക്കുറപ്പില്ല, ഹരി എന്താവും എന്നെകുറിച്ച് ചിന്തിക്കുന്നതെന്നും ഊഹിച്ചെടുക്കാനുള്ള ശക്തി ഇല്ല. എല്ലാം ഞാൻ ഹരിയുടെ തീരുമാനങ്ങൾക്കായി വിട്ടുതരികയാണ്. എല്ലാം എന്റെ വെറും തോന്നലുകൾ മാത്രമായിരുന്നെങ്കിൽ കളിയാക്കരുതെന്നേ, ആക്ഷേപിക്കരുത് . ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടുപോലും ഇനി എന്നെ നോവിക്കരുത് എന്ന അപേക്ഷ മാത്രം. മനസ്സിൽ ഒളിപ്പിച്ചു വച്ച ഒരായിരം കഥകളുണ്ട് എനിക്ക് പറഞ്ഞുതീർക്കാൻ. അതിനൊരു അവസരം കിട്ടാനും മാത്രം ഭാഗ്യവതിയാണോ ഞാൻ….. നിശ്ചയമില്ല ……. ഒന്നും നിശ്ചയമില്ല….

എന്ന് സ്വന്തം
മീര

 
Image source: Pixabay
 
 
(Visited 823 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

2 Responses

  1. Unknown says:

    ഹരിക്കും ഉണ്ടായേക്കാം പറയാൻ ഒരുപാട്. . .
    Nyc . .

  2. Sandhya Rani says:

    ശരിയാണ്. മീര ആഗ്രഹിച്ചിരുന്നതും ഹരി അത് പറയുമെന്നായിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: