വിസ്മയ – എന്നും വേദനിപ്പിക്കുന്ന ഒരു നൊമ്പരം

ഇതിനു മുമ്പും പലതവണ ഞാൻ സംസാരിച്ച ടോപ്പിക്ക് തന്നെയാണ്. വിസ്മയയുടെ കേസിന്റെ വിധി വന്നതുകൊണ്ട് ….. ഒരു ഓർമപ്പെടുത്തൽ മാത്രം. പത്തുവർഷം തടവ് ശിക്ഷ മതിയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അയാൾക്ക് പത്തു വർഷമല്ലേ പോയുള്ളൂ….വിസ്മയക്കോ?

ഈ വിധി വരുന്ന സമയത്തു തന്നെ എത്ര മാതാപിതാക്കൾ അവരുടെ പെണ്മക്കളുടെ കല്യാണം ഉറപ്പിക്കുന്നുണ്ടാവാം, ഒരു കച്ചവടം പോലെ…. എനിക്ക് ഒരേയൊരു ചോദ്യം മാത്രം. നിങ്ങൾ മകൾക്ക് കൊടുക്കുന്നത് നിങ്ങൾ ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി ഉണ്ടാക്കിയ കാശാണ്. പല സൗഭാഗ്യങ്ങൾ, സന്തോഷങ്ങൾ വേണ്ടെന്നു വച്ച് ഉണ്ടാക്കിയ കാശാണ്…. അതിൽ നിങ്ങളുടെ മകളുടെ ഇഷ്ടങ്ങളും വരും. അങ്ങനെ നിങ്ങൾ ഒതുക്കി വച്ച് ഉണ്ടാക്കിയ കാശാണ് സ്ത്രീധനത്തിന്റെ പേരിൽ, ഇതുവരെ കണ്ടിട്ടില്ലാത്ത, ശരിക്ക് അറിയുകപോലും ചെയ്യാത്ത ഒരു ആൾക്ക്, കുടുംബത്തിന് ചുമ്മാ കൊടുക്കുന്നത് ശരിക്കും നിങ്ങളുടെ മകൾക്ക് പൂർണ അവകാശമുള്ള ധനം, ശരിയല്ലേ? എന്റെ ചോദ്യം ഇതാണ്….. നിങ്ങൾ ഈ കൊടുക്കുന്ന സ്ത്രീധനത്തിൽ എത്രത്തോളം മകൾക്ക് അവകാശമുണ്ട്, എത്ര സ്വാതന്ത്രം അവൾക്കുണ്ട്, അതെടുത്തു ചിലവാക്കാൻ, ആരോടും ചോദിക്കാതെ? നിങ്ങൾ ഒരിക്കലെങ്കിലും അത് അന്വേഷിച്ചിട്ടുണ്ടോ?

എന്റെ അഭിപ്രായത്തിൽ 80-90% എങ്കിലും ഇതിൽ സ്വന്ത്രന്ത്യമില്ലാത്ത പെൺകുട്ടികൾ ആണ്, കാരണം സമൂഹം അങ്ങനെയൊക്കെയാ. കുടുംബത്തിന്റെ സന്തോഷം, മറ്റുള്ളവരുടെ ഇഷ്ടം…. എത്ര കുടുബത്തിൽ, അവൾക്ക് നൽകുന്ന സ്ത്രീധനത്തിൽ നിന്ന് അവളുടെ ഇഷ്ടത്തിന് എടുത്തു ചെലവാക്കാനുള്ള അവകാശമുണ്ട്? അത് അറിഞ്ഞുകൊണ്ട് തന്നെ എന്തിനാ, നിങ്ങളുടെ സന്തോഷം മാറ്റിവെച്ചു മറ്റൊരാളെ സന്തോഷിപ്പിക്കുന്നത്? ഇത്രയൊക്കെ നൽകിയെന്ന് സമൂഹത്തെ അറിയിക്കുകയല്ലാതെ ഇതുകൊണ്ട് എന്ത് പ്രയോജനം…..എത്ര പെൺകുട്ടികളുടെ future ശരിക്കും സേഫ് ആകുന്നുണ്ട്?

അവരുടെ പെരുമാറ്റം മോശം എന്ന് മകൾ പലകുറി പറഞ്ഞാലും, നിങ്ങൾ അവളുടെ രോദനം കേൾക്കാറുണ്ടോ? അവൾ ബന്ധം വേണ്ട എന്ന് പറഞ്ഞാൽ, ‘ദൈവമായി കൂട്ടിച്ചേർത്തത് മനുഷ്യരായി പിരിക്കാൻ പാടില്ല’ എന്ന് പറഞ്ഞു ഉപദേശിച്ച് മടക്കി അയക്കുകയല്ലേ പതിവ്? എത്ര കാലം അവൾ പിടിച്ചു നിൽക്കും, ഒന്നുകിൽ നരകിച്ചു ജീവിക്കും, അല്ലെങ്കിൽ ഇതുപോലെ തീർക്കും ജീവിതം, അവൾ പോലും ചെയ്യാത്ത കുറ്റത്തിന്… നഷ്ടം ആർക്ക്?

സ്ത്രീധനം കൊടുക്കുന്നതിനു പകരം, അവൾ നിങ്ങളുടെ ഒപ്പം ജീവിക്കുമ്പോൾ അവളുടെ ഇഷ്ടങ്ങൾ നടത്തിയും അവൾ ആഗ്രഹിക്കുന്ന രീതിയിൽ പഠിപ്പിച്ചും അവൾക്ക് ഉപകാരമാകുന്ന രീതിയിൽ, ഈ സ്ത്രീധനത്തുകയുടെ ഒരു ചെറിയ ഭാഗമെങ്കിലും ഉപയോഗിച്ചുകൂടെ? അങ്ങനെ ചെയ്യുന്നവർക്ക് ഈ വാക്കുകൾ ബാധകമല്ല. എല്ലാം ഒതുക്കിവച്ച്, മകൾ ആഗ്രഹിക്കുന്ന രീതിയിൽ പഠിപ്പിക്കാതെ, വലിയ സ്ത്രീധനത്തുക കൊടുത്തു മകളുടെ ഭാരം ഒഴിവാക്കുന്ന മാതാപിതാക്കളോടാണ് എനിക്കിത് പറയാനുള്ളത്.

കല്യാണത്തിന്റെ ധൂർത്ത് ഒരുനാൾ കൊണ്ട് നാട്ടുകാർ മറക്കും. പിന്നീടങ്ങോട്ടുള്ള ജീവിതം മകളുടേതാണ്. നിങ്ങൾ നൽകുന്ന കാശിൽ അവൾക്കുള്ള സ്വാതന്ത്ര്യം, അതെങ്കിലും ഉറപ്പാക്കിക്കൂടെ? എല്ലാം അപഹരിച്ച് നാളെ അവളെ (കുട്ടിക്കൊപ്പമാവാം) തെരുവിൽ ഇറക്കിവിട്ടാൽ, നിങ്ങൾക്ക് കഴിയുമോ അവൾക്കുവേണ്ടി പോരാടാൻ, എന്തെങ്കിലും ചെയ്യാൻ? എന്താ പെണ്മക്കളെ മാത്രം ‘adjust’ ചെയ്യൂ എന്ന് നിങ്ങൾ ഉപദേശിക്കുന്നത്?

എന്റെ അഭ്യർത്ഥന ഒന്ന് മാത്രം… ആൺകുട്ടികളോട് അവരുടെ ഇഷ്ടങ്ങൾ ചോദിക്കുംപോലെ പെൺകുട്ടികളോടും ചോദിക്കൂ. വെറും ‘ഭാരം’ ആയി അവളെ കരുതാതിരിക്കൂ, അവർക്കും ഒരു വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യമുണ്ട്, അവകാശങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, സ്വപ്നങ്ങളുണ്ട് എന്ന് തിരിച്ചറിയുക… ഇനിയും വിസ്മയകൾ ആവർത്തിക്കാതിരിക്കട്ടെ, അവരെ സ്വയംപര്യാപ്തയാക്കുക…. അവരുടെ ജീവിതം അവർ തന്നെ നോക്കിക്കോളും. നിങ്ങൾ ഒന്ന് കൂടെ നിന്നാൽ മാത്രം മതി, ചിറകുകൾ നൽകുക… അവളും പറന്നു പഠിക്കട്ടെ, വീണുപോയാലും വീണ്ടും ഉയർന്നു പറക്കട്ടെ.

നമ്മൾക്ക് വേണ്ടത് അഗ്നിപുത്രികളാണ്, ചിത്രശലഭത്തിന്റെ ചിറകും ഉൾക്കരുത്തുള്ള മനസ്സും അവൾ നേടട്ടെ. അവളുടെ നേട്ടങ്ങൾ കണ്ട് സന്തോഷിക്കാൻ തയ്യാറെടുത്തുകൊള്ളൂ 🦋🦋🌈🌈

End Note: ഒരിക്കൽ കെട്ടിയാൽ ജീവിതകാലം മൊത്തം അതിൽ തന്നെ കുരുങ്ങികിടന്നോളണം എന്ന ഉപദേശവുമായിട്ടാണ് മിക്ക വീടുകളിലും പെൺകുട്ടികളെ പറഞ്ഞു വിടുന്നത്. വിവാഹം വർക്ക് ആയില്ലെങ്കിൽ, എന്താ നിനക്ക് അഡ്ജസ്റ്റ് ചെയ്തു ജീവിച്ചാൽ, ആ ചോദ്യത്തിനുത്തരം അവൾ തന്നെ കൊടുത്ത് മടുത്താലും, നീ തിരിച്ചു പോര് എന്ന് പറയുന്ന parents എത്രപേർ?

ഒരുപാട് സ്ത്രീധനം കൊടുത്താൽ ഒരുപാട് നല്ല ചെക്കനെ കിട്ടും എന്നതൊക്കെ തെറ്റായ ധാരണ ആണ്. ആദ്യം നല്ല രീതിയിൽ അന്വേഷിക്കുക, ചെക്കന്റെ സ്വഭാവത്തെകുറിച്ച്, കുടുംബത്തിനെ കുറിച്ച്. എന്തെങ്കിലും നെഗറ്റിവിറ്റി തോന്നിയാൽ വേണ്ടെന്നു വയ്ക്കുക. പയ്യന്റെ ജോലി, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഇതൊന്നും ക്രൈറ്റീരിയ ആയി എടുക്കരുത് ഒരിക്കലും

Image source: Pixabay

 

(Visited 27 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: