യാത്രയാകും മുമ്പേ
നദിയായ്, പുഴയായ്, കടലായ് മാറും മുമ്പ്
കാർമേഘം ചോദിക്കുകയാണ് വാനത്തോട്,
വർഷത്തുള്ളിയായ് മാറി യാത്ര തിരിക്കുകയാണ് ഞാൻ
ഭൂമിയെന്ന അജ്ഞാതലോകത്തേക്ക്.
കാതങ്ങൾ താണ്ടി ഞാൻ നിന്നരികിൽ
മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ,
നീ എന്നെ തിരിച്ചറിയുമോ?
അതുവരെ നീ എനിക്കായ് കാത്തിരിക്കുമോ?
നീ എന്തേ മൗനാനുവാദം തന്നെന്നെ പറഞ്ഞുവിടുന്നു,
അപരിചിതരുടെയിടയിലേക്ക്?
എനിക്കിങ്ങനെ നിന്റെ കൈകുമ്പിളിൽ
പാറികളിക്കുവാനാണ് മോഹം
നിന്റെ നീലിമയിൽ മുഖം താഴ്ത്തി-
മിഴിനീർ വാർക്കുവാനാണ് ഇഷ്ടം
പക്ഷെ നീ എന്റെ വെള്ളചിറകുകളിൽ
കറുത്ത ചായങ്ങൾ പൂശി
കണ്ണുനീർതുള്ളികളുടെ ഭാരം കൂട്ടി
ഇടിവെട്ടിനെയും മിന്നൽപിണറിനെയും
എന്റെ സഖികളായ് മാറ്റി
എനിക്ക് പഴയതുപോലെ നിൻ മാറിൽ
ചായുവാൻ കഴിയാതെ ആക്കി,
എനിക്ക് ഞാൻ ആകാൻ കഴിയാതെ ആക്കി..
വെയിലും മഞ്ഞും ഉള്ള ലോകത്തേക്ക്
പരീക്ഷണത്തിന് അയക്കുകയാണോ?
ഞാൻ ഇതാ യാത്രയാവുകയാണ്
അങ്ങകലെ നദിയായ് ഞാൻ-
നിന്നെ നോക്കി നെടുവീർപ്പിടുമ്പോൾ
നീ എന്നെ നോക്കി പുഞ്ചിരിക്കുമോ?
കയ്യെത്താദൂരത്തിൽ നിന്ന് നിന്നരികിലേക്ക്
പറന്നുയരും ഞാൻ ഒരുനാൾ ബാഷ്പമായി
അതുവരെ നീയെനിക്കായ് കാത്തിരിക്കുമോ?
മറ്റൊരു മേഘമായ് തിരിച്ചണയുമ്പോൾ,
നീ എന്നെ തിരിച്ചറിയുമോ?
Image source: Pixabay
Read English translation of this poem here.
(Visited 32 times, 1 visits today)
Recent Comments