ഫിലോസഫി ട്വീറ്റുകൾ

 
 
“ഈശ്വരന് ചലിക്കാനുള്ള കഴിവില്ല എന്നാണ്‌ എന്റെ അനിയൻ പറയുന്നത്.
ലോകത്തെ എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നില്ലേ ദൈവം. ഇല്ലാത്തൊരു സ്ഥലത്തേക്കല്ലേ ഒരു വസ്തുവിന് ചലിക്കാൻപറ്റൂ എന്ന് ചോദിക്കുന്നു അവൻ. അവൻ പറഞ്ഞത് ശരിയാ തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരന് എന്തിനാ ചലനശക്തി?    “
 
“പരാജയങ്ങൾ സ്വയം ഏറ്റുവാങ്ങുമ്പോൾ പൊരുതാനുള്ള അവസാന ശ്രമമാണ് അടിയറവ് വയ്ക്കുന്നത്, തീരത്തണയും തിര പാറക്കെട്ടിൽ സ്വയം തലതല്ലിച്ചിതറും പോലെ”
 
“നിൽക്കാത്തലയും മേഘങ്ങളെപ്പോഴും
അക്ഷമരായെന്നും തിരയുവതെന്തേ?
പൂമാനത്തിൻ കുന്നിൻചെരുവിൽ
നിശ്ചലമാം ഒന്നിനെ തേടുകയാണോ?”
 
“നിശ്ചലമാം മേഘത്തിനില്ല നിലനിൽപ്പ്
ചലനമില്ല ഭൂമിക്കും……
ചലിക്കണം മർത്യൻ കാലത്തിനൊപ്പം
പ്രപഞ്ച സത്യങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് ……  “
 
“പ്രകൃതിതൻ ലീലകൾ നിത്യവുമീ ഭൂവിൽ
അനുഗ്രഹമായ് വർഷിക്കുകിൽ
സമസ്യകൾ സമസ്യകളല്ല ഈ പാരിൽ “
 
“ബാഹ്യസൗന്ദര്യത്തിൻ യഥാർത്ഥ പൊരുൾ മാനവന്‌ നൽകാൻ
സ്വയം അഗ്‌നിയിലർപ്പിക്കുന്ന പാവം ഈയാംപാറ്റകൾ…. “
 
“ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നമ്മുടെ ഏറ്റവും വലിയ രഹസ്യമായിരിക്കും
#മിക്കവാറും  “
 
“വായനയെക്കാൾ ആശയങ്ങൾ പകർന്നുനൽകുന്നത് ജീവിതാനുഭവങ്ങളാണ് “
 

“കൊതിച്ചതെല്ലാം നേടിയിട്ട് ജീവിച്ചു തുടങ്ങാം എന്നത് ഒരു മിഥ്യാബോധം മാത്രമാണ്. ഇപ്പൊ മുന്നിലുള്ള ഈ ഒരു നിമിഷം മാത്രമാണ് യാഥാർഥ്യം. വെറും ഒരു ശ്വാസത്തിൽ പാഴാക്കരുതതിനെ”

“ചില നിമിഷങ്ങൾക്ക് ഒരു വ്യക്തിയെ പൂർണരൂപത്തിൽ മാറ്റാൻ കഴിയും “

“താമരയിലയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് പല ബന്ധങ്ങളും.
പുറത്തുനിന്നു നോക്കുമ്പോൾ അതിമനോഹരം, ദൃഢം.
ഇലയ്ക്കും തുള്ളികൾക്കുമിടയിൽ അദൃശ്യമായ ഒരു മെഴുകിന്റെ മതിലുണ്ട്,
അവർക്ക് മാത്രം അറിയാവുന്നത്.
വളരെ അടുത്തുനിന്നു നോക്കിയാൽപോലും കാണണമെന്നില്ല,
അടുപ്പങ്ങളിലെ അകലങ്ങൾ, വാനോളം!!!🍁🍁”

“ഏറ്റവും സുഖമുള്ള നിദ്ര – മരണം
അശാന്തിക്ക് ശാന്തത
സർവദുഃഖങ്ങൾക്കും ഔഷധി “

“ഒരു ചതുപ്പുനിലം പോലെയാണ് മനുഷ്യമനസ്സ് ,ചഞ്ചലം.ചതുപ്പിൽ പതിയുന്ന കാൽ പ്രശ്നങ്ങൾപോലെയും. തിരിച്ചെടുക്കാനായാൽ പ്രതലം പഴയപടി ആകും. നിലയുറപ്പിക്കാൻ ശ്രമിച്ചാൽ താഴ്ന്നുപോവുകയേ ഉള്ളു.”

“കാലമേൽപ്പിച്ച മുറിവുകൾ – ചെറിയ മുറിവുകൾ പൂർണമായി ഉണങ്ങും…. വലിയ വിള്ളലുകൾ ഓർമകളായി അവശേഷിക്കും. കുത്തിനോവിക്കാതിരുന്നാൽ ആർക്കും ശല്യം ചെയ്യാതെ അവിടെ ഇരുന്നോളും”

“അനന്തം അജ്ഞാതം വിചിത്രം
ഈ ജീവിതത്തിന്നൂരാകുരുക്കുകൾ
മണലാരണ്യങ്ങൾ മരീചികകൾ
പിന്നെ സമസ്യകൾ തൻ നൂലാമാലകളും”

“അണയാറായ ഈ ക്ഷണിക ജീവിതത്തെ
സ്നേഹിപ്പൂ ഞാൻ ഒരുപാട്
സ്നേഹിപ്പൂ ഞാൻ അനുനിമിഷവും
ഏറെയുണ്ടെനിക്ക് ചെയ്തുതീർക്കാൻ
ഇല്ലാത്തതെൻപക്കലൊന്നുമാത്രം – സമയം”

“ജീവിതത്തിൽ നിന്നും മൃത്യുവിലേക്കുള്ള അകലം വെറുമൊരു ശ്വാസത്തിന്റെ അസാന്നിധ്യം മാത്രം…..”

“ഫലേച്ഛ കൂടാതെ ഒരു കാര്യം ചെയ്യുമ്പോൾ പോലും നാമറിയാതെ ഒരു കടം അവിടെ സൃഷ്ഠിക്കപ്പെടുന്നില്ലേ?”

“ഊർജ്ജത്തെയും വസ്തുവായി മാറ്റാം എന്നല്ലേ ഐൻസ്റ്റീൻ തെളിയിച്ചത്? പിന്നെങ്ങനെ അത് ശാശ്വതമാകും?”

“നാം കൊടുക്കുന്ന സ്നേഹം തിരിച്ച്കിട്ടുന്ന കാലത്തോളം മാത്രമേ അതിനു പൂർണതയുണ്ടെന്നും ശാശ്വതമാണെന്നും മനുഷ്യൻ അവകാശപ്പെടാറുള്ളു, ശരിയാണോ?”

“തിരിച്ച് അതേ അളവിൽ കിട്ടുന്ന സ്നേഹത്തിന്റെ മറ്റൊന്ന് വേറെയാണ്. അത് കിട്ടുന്നവരെ കുറ്റവും കുറവും പറഞ്ഞിരിക്കും ഞാൻ ഉൾപ്പെടുന്ന മാനവ സമൂഹം എല്ലാം….”

“മരവിച്ചു പോയാൽ പോലും പുനർജനിക്കാം സുഹൃത്തേ…. തണുത്തുറഞ്ഞ ഗ്രീഷ്മത്തിനു ശേഷം വസന്തങ്ങൾ പൂക്കുന്നില്ലേ? വേനലും ശിശിരവും കടന്നുപോകുന്നില്ലേ? എല്ലാം കാലത്തിന്റെ കൈകളിൽ. ക്ഷമയോടെ കാത്തിരുന്നാൽ തിരിച്ച് വരാനുള്ള ഊർജം കാലം നൽകും….”

“പരസ്പരം അഭിനയിച്ചു കാട്ടി ജീവിച്ചു തീർക്കുന്ന ജീവിതങ്ങൾ
ചിലർ പ്രൗഢി കാട്ടി
മറ്റുചിലർ സമ്പത്ത് കാട്ടി 
എന്നാൽ ഏറിയ പങ്കും സന്തോഷവും സംതൃപ്തിയും കാട്ടി”

“നാശത്തിനോ നല്ലതിനോ എന്ന് നിശ്ചയമില്ലാത്ത പിറവിയെടുക്കുന്ന

ചില നിമിഷങ്ങളുണ്ട് എല്ലാവരുടെ ജീവിതത്തിലും
പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോൾ പലതും നാട്യമാക്കേണ്ടി വന്നേക്കാം
എത്ര മിടുക്കനും ഭാവി പ്രവചിക്കാനാവില്ലല്ലോ”

“പലരെയും വെറുപ്പിച്ചുകൊണ്ട് സ്വയം പണിതൊരു കോട്ടയിൽ സുഖലോലുപരായി മിഥ്യയായ പല വിശ്വാസങ്ങളെയും കെട്ടിപിടിച്ചിരിക്കും മനുഷ്യർ നാം”

“ജീവിതം പല വർണങ്ങളുടെ ഒരു മിശ്രണം. എല്ലാർക്കും എല്ലാ വർണങ്ങളും കിട്ടണമെന്നില്ല. നമുക്കിഷ്ടമുള്ള വർണങ്ങൾ കിട്ടുന്നത് മറ്റൊരാൾക്കാവാം. അതാണ് ജീവിതം “

“പൂമൊട്ട് വിരിയുംപോലെ ഓരോ സുപ്രഭാതം
ഇതളുകൾ പൊഴിയുംപോലെ അസ്തമയവും
അവയ്ക്കിടയിൽ സുഗന്ധം പരത്തും –
ഒരു പുഷ്പം പോലെ മനുഷ്യ ജീവിതവും”

“കാലത്തിനു തിരിച്ചു തരാൻ കഴിയാത്ത കാര്യങ്ങൾ ആണ് കൂടുതൽ
എങ്കിലും ഉത്തരമില്ല പല സമസ്യകളും പൂർത്തീകരിക്കുന്നത് കാലമാണ്  “

“ലോകത്തെ ഏതു വലിയ ചൂതാട്ടങ്ങൾക്കു പിന്നിലും ഒളിഞ്ഞുനിൽക്കുന്ന ഒരു ശകുനിയോ മന്ദരയോ ഉണ്ടാവും. അദൃശ്യ കരങ്ങളാൽ കളങ്ങളിലെ കരുക്കൾ നീക്കാൻ അവർക്കാവും”

“കള്ളങ്ങളെ മാത്രമല്ല പല സത്യങ്ങളെ ഒളിപ്പിക്കാനും ഒരു promise വാങ്ങുന്നതിലൂടെ കഴിയും.സമർത്ഥന്മാർ പല ബന്ധങ്ങൾ തകർക്കുന്നതും പൊള്ളയായ ഒരു സത്യം ചെയ്യിക്കലിലൂടെയാണ്. രണ്ടുപേരിൽ വളരെപ്പെട്ടെന്ന് പ്രകോപിക്കുന്ന വ്യക്തിയെ ആവും അവൻ സമർത്ഥമായി തിരഞ്ഞെടുക്കുക”

“ഈ ലോകത്ത് നിശ്ചലമായ ഒന്നും തന്നെയില്ല, ഭൂമിയും ആകാശവും മേഘങ്ങളും നക്ഷത്രങ്ങളും. ഹൃദയത്തിനുപോലും നിശ്ചലമായി കുറച്ചുനേരം/ഒരു നിമിഷം നിൽക്കാൻ പറ്റില്ല, പിന്നല്ലേ സ്ഥായിയായ ദുഃഖം!”

“ദുഖങ്ങളുടെ … നിരാശകളുടെ ഭാരത്താൽ പരാജയപ്പെട്ടു എന്ന് ചിന്തിക്കുന്നവർ വിരളമല്ല. ഒന്ന് ചിന്തിക്കൂ, പരാജയപ്പെട്ടു എന്ന് മനസ് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ശരിക്കുള്ള പരാജയം ആരംഭിക്കുന്നത്. പിന്നെ ചില കാര്യങ്ങൾ ഉണ്ട്, ഒരുപാട് ആഗ്രഹിച്ചിട്ടും പ്രയത്നിച്ചിട്ടും കിട്ടാതെ പോകുന്നവ. മനസ് ആ സത്യം ഉൾകൊണ്ടാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവു, കുറച്ചു സമയം വേണ്ടിവന്നേക്കാം “

“കാത്തു നിൽക്കുമ്പോൾ മരണം എത്തണമെന്നില്ല, അപ്രതീക്ഷിതമായി കടന്നുവന്നു എന്നുംവരാം. ജനനം & മരണം എന്ന രണ്ടു ബിന്ദുക്കൾക്കിടയിൽ എത്രത്തോളം ഭംഗിയായി പറന്നുനടക്കാം, ഒരു പെൻഡുലംപോലെ ചിന്തകളിൽ എത്രത്തോളം oscillateചെയ്യാം എന്നാണ് ഒരു മിന്നല്പിണരുപോലെ കടന്നുപോകുന്ന ഈ ജീവിതയാത്രയ്ക്കിടയിൽ ചിന്തിക്കേണ്ടത്”

“അനിശ്ചിതത്വമാണ് ജീവിതത്തിന് മിഴിവ് നൽകുന്നത്!
സന്തോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതും….
ഒന്നിനും സ്ഥിരത ഇല്ലായെന്ന് മനുഷ്യനെ പഠിപ്പിക്കുന്നതും ……”

“ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ട് അവസാനിക്കുന്നതല്ല ജീവിതം. എന്നാൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ ജീവിതത്തിനു തീർത്തും വിചിത്രമായ പുതിയ നിർവ്വചനങ്ങൾ നൽകുമ്പോൾ, കുഞ്ഞു നിമിഷങ്ങൾക്ക് പോലും ഒരുപാട് കരുതൽ നൽകാറുണ്ട് പലരും”

“ഒരിക്കലും ചതിയിലും വഞ്ചനയിലും കൂടി ഒന്നും നേടാതിരിക്കുക.
ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല”
 
“നമ്മൾ ഒരിക്കൽ പോലും കാണാത്ത… കേൾക്കാത്ത…. ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത്…. അംഗീകരിക്കുന്നത് ….ഒക്കെ ഒരു ഭാഗ്യമല്ലേ…”
 
“ശത്രുക്കളേക്കാൾ ഭയക്കേണ്ടത് വിശ്വസ്തരല്ലാത്ത സുഹൃത്തുക്കളെയാണ്”
 
“ഞാൻ നീന്തൽ പഠിപ്പിച്ചവരാണ് എന്നെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നതും….” #Copied #Gulzar
 
“അന്തിയാവുമ്പോൾ പക്ഷികൾ ചക്രവാളസീമകൾ കടന്നു അവരുടെ കൂട്ടിലേക്ക് പറക്കും, നമ്മളെ വിട്ടിട്ട്…. അതുവരെ നമ്മുടെ ആകാശസീമയിൽ നിൽക്കുകയല്ലേ അവർ, അകലെയെങ്കിലും, കണ്ണിനു മുമ്പിൽ…. ഒരക്ഷരം ഉരിയാടിയില്ലെങ്കിലും. പിന്നെ വരുന്നത് ഒരു കാത്തിരിപ്പാണ്, മറ്റൊരു പുലരിക്ക്, അവർ കൂടുവിട്ട് നമ്മളുടെ അടുത്തേക്ക് തിരിച്ചണയുന്ന നിമിഷങ്ങളുടെ പ്രതീക്ഷയിൽ ….”
 
“മറ്റുള്ളവർക്ക് നമ്മളെ കുറിച്ച് ഒന്നും അറിയാത്തപ്പോഴാണ് ഫിലോസഫി പറയാൻ എളുപ്പം, വാക്കുകൾ കുറിയ്ക്കാൻ എളുപ്പവും. ഇല്ലെങ്കിൽ പലതും ഊഹിച്ചെടുക്കുമെന്നേ……😜😝😝”
 
“അമ്പിളിയെ കൈകുമ്പിളിൽ എടുക്കാൻ മേഘത്തിനു ആകുമോ? ഭൂമിയുടെ കാഴ്ചയിൽ നിന്നും കുറച്ചുനേരം മറയ്ക്കാൻ കഴിഞ്ഞേക്കാം, എന്നുകരുതി വാനങ്ങൾ താണ്ടി മുകിലിന് ചന്ദ്രനെ തൊടാൻ കഴിയുമോ? ഒരു പക്ഷെ നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കാം, അത്ര തന്നെ. അതൊക്കെ ഒരുനാൾ പൊളിയില്ലേ?”
 
“പലപ്പോഴും നമുക്ക് ചുറ്റുമുള്ളവരുടെ ദുരിതങ്ങൾ അറിയാതെ പോവുന്നത്കൊണ്ടാണ് സഹായിക്കാൻ കഴിയാതെ പോവുന്നത്. അങ്ങനെ ഒരാളെ ദൈവം മുന്നിൽ കൊണ്ട് നിർത്തിയാൽ അൽപ്പം കരുണ കാണിക്കുക, സൗമ്യമായി പെരുമാറുക, മറ്റൊന്നിനും കഴിഞ്ഞില്ലെങ്കിലും. ഒരിക്കലും അവരുടെ വേദനകളെ ട്രിഗർ ചെയ്തു ആനന്ദം കണ്ടെത്തരുത്”
 
“പല മാറ്റങ്ങൾ ഒരിക്കൽ മാത്രം അവകാശപെടാനുള്ളതാണ്
മൊട്ട് പൂവായി വിരിഞ്ഞു കൊഴിയുന്നത്
ശലഭം ഒരു പുഴുവിൽനിന്നും ചിറകുകൾ വിരിക്കുന്നത്
ശൈശവം വാർധ്യക്യത്തിലേക്ക് യാത്ര ചെയ്യുന്നത്.
എന്നാൽ നമുക്ക് വിചാരിച്ചാൽ കഴിയില്ലേ പലപ്പോഴും,
അവസാനിച്ചിടത്തുനിന്നും പുതിയ യാത്ര തുടങ്ങാൻ?
മാറ്റങ്ങൾ ആവർത്തിച്ചുവന്നാലും
ഒരിക്കൽ കൂടി ഒരു അങ്കം കുറിയ്ക്കുവാൻ?”
 
“ചില ജീവിതങ്ങൾ ഇങ്ങനെയല്ല ജീവിച്ചു തീർക്കേണ്ടത് എന്ന് പഠിപ്പിക്കുവാനായോ ഓർമപ്പെടുത്തുവാനായോ ജീവിതത്തിൽ വന്നുചേരുന്ന ചിലർ”
 
“ജീവിതം പലപ്പോഴും ഉത്തരമില്ലാ സമസ്യപോൽ വഴിമുട്ടിനിൽക്കുമ്പോൾ തോന്നാം, അന്ന് അത് ചെയ്യാമായിരുന്നു, ഇത് ചെയ്യാമായിരുന്നു, പക്ഷെ ചെയ്തില്ല.അന്നത്തെ സാഹചര്യത്തിൽ, സ്വയം പതറാതെ ശരിയെന്നു തോന്നിയ കാര്യമാവും ചെയ്തിട്ടുണ്ടാവുക. അത് തെറ്റിപോയെങ്കിലും സ്വയം സമാധാനിപ്പിക്കുക, ഞാൻ അന്ന് ശ്രമിച്ചുവല്ലോ”
 
“പലപ്പോഴും കാത്തിരുന്നു സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനുള്ള ക്ഷമയില്ലാതെ, ധൈര്യമില്ലാതെ മനസ്സ് ഒരു തീരുമാനത്തിൽ പെട്ടെന്ന് എത്തിച്ചേരുകയാണ്‌ പതിവ്. പലപ്പോഴും ആ നിമിഷങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മനസ്സിനില്ലാതെ മനസ്സിനെ എവിടെയെങ്കിലും ഉറപ്പിച്ച് മുന്നോട്ട് നീങ്ങും, അത്രതന്നെ”
 
“നമ്മൾ കേൾക്കാറില്ലേ പലരും പറയുന്നത്, എന്റെ പോരാട്ടങ്ങളെല്ലാം തനിച്ചായിരുന്നു, എന്നെ മനസ്സിലാക്കിയവർ ചുരുക്കം. ശരിയാണ്, എല്ലാർക്കും നമ്മളെ മനസിലാക്കണമെന്നില്ല. നമ്മുടെ കഥയുമായി സാദൃശ്യമുള്ളവർക്കേ നമ്മൾ പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസ്സിലാവൂ, നമ്മളെ ആശ്വസിപ്പിക്കാനാവൂ, സഹായിക്കാനാവൂ”
 
“മിക്കവാറും, ഡിസിഷൻ – മേക്കിങ് എല്ലാവർക്കും പറ്റുന്നതൊക്കെയാ….
പക്ഷെ എടുക്കേണ്ട സമയത്തു എടുക്കാൻ പറ്റാത്തതാണ് കുഴപ്പം….
പലപ്പോഴും നമ്മൾ പറയാറില്ലേ, അന്ന് അങ്ങനെ ചെയ്യേണ്ടതായിരുന്നു, ചെയ്യാൻ പറ്റിയില്ല, എന്നൊക്കെ”
 
“വാക്കുകൾ ആർക്കും കൈമാറാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം
എന്നാൽ അവയോടൊപ്പമുള്ള വൈകാരികത….
അത് അനുഭവിച്ചവർക്ക് മാത്രം സ്വന്തം
ആ കാരണത്താലാണ് എത്ര ശ്രമിച്ചാലും, പലപ്പോഴും
മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്”
 
Image Source: Pixabay
 
(Visited 938 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: