പ്രിയ സ്വപ്നം

 
 
വിടവാങ്ങും നിശയ്ക്കേകും പുലർകാലവന്ദനത്തിൽ
ക്ഷണിക്കാത്തൊരതിഥിപോൽ വന്നെൻ
നിദ്രയിൽ എത്തിനോക്കിയ സുന്ദരസ്വപ്നമേ,
പുലർകാലമഞ്ഞ് പോലണഞ്ഞ്
കുളിരണിയിച്ച് നീ മാഞ്ഞുപോയതെന്തേ?
ഇന്ന്, നീ വിടചൊല്ലിയ സായാഹ്നത്തെയോർത്തിരിപ്പൂ
വിലയ്ക്ക് വാങ്ങിയ വേദനകളും, നിന്നെ –
പിരിഞ്ഞ നിമിഷങ്ങളുമെണ്ണിയെണ്ണി, കൈവിടാൻ-
കൊതിക്കാത്ത നൊമ്പരങ്ങളുമായ്, ഏകാകിയാമിവൾ.
പൊരുളറിയാൻ കഴിയാതെ മിഴിക്കോണുകളി-
ലൊളിപ്പിച്ച കണ്ണുനീർത്തുള്ളികൾ
പാതിമുറിഞ്ഞ വാക്കുകളോ, അതോ മനസ്സിൻ-
ഭാവാർത്ഥങ്ങൾക്കൊപ്പം തിരിയും താക്കോൽപഴുതുകളോ?
പിറക്കാത്ത മൊഴികൾ ശ്രുതി ചേരാത്തൊരീണമത്രേ
എങ്കിലുമതിൻ ചാരുതയോ,
സ്വരമാധുര്യത്തിന്നവർണ്ണനീയമാം ഭാവസൗന്ദര്യം!
നിൻ വിരൽ സ്പർശമേകിയ കുളിർ സാന്ത്വനങ്ങളിൽ
വാക്കൊന്നിൻ നൂറർത്ഥങ്ങളോതും ശീതളഛായയിൽ
നിറമെഴും പൂക്കളങ്ങൾ തീർക്കും കാവ്യഭാവനയാൽ
മനം മൗനത്തിൻ തൊടുകുറി ചാർത്തവേ,
കേൾപ്പൂ ഞാനെൻ മാനസ ചക്രവാളത്തിലെങ്ങോ
സന്ധ്യാരാഗത്തിൻ അന്തർതാളം തുടികൊട്ടും
അതിദിവ്യമാം നാദലയത്തിൻ തീരാമാറ്റൊലികൾ.
കുളിർക്കാറ്റെന്നളകങ്ങളെ മാടിയൊതുക്കുമ്പോൾ
നിൻ സാമീപ്യമരുളും ചന്ദനക്കാറ്റിൻ നവ്യമാം സുഗന്ധം.
ഭാഗ്യവിധേയങ്ങൾ തൻ ഇടനാഴിയിലെങ്ങോ
അടർന്നുവീണൊരാ താരകമേകും ശുഭാവിശ്വാസങ്ങളിൽ
എൻ നാമം നിൻ കൈകളാൽ കുറിയ്ക്കപ്പെട്ട വേളയിൽ
അതിൻ പൊരുളറിയാതെയന്ന്, നിന്നുഴറിയോ ഞാൻ
സ്വപ്നാടനത്തിൽ മുഴുകും മറ്റൊരു മീരയെപോൽ
ഏതോ ഉൾപ്രേരണ തൻ ഗാനാലാപത്തിൽ വിലീനയായി.
നീ കൈയെത്തും ദൂരത്തെന്നെൻ മനം മന്ത്രിക്കവേ
വേഗേനെയാ മിഴിയിണകൾ തുറക്കും നിമിഷത്തിൽ
എൻ മുന്നിൽ പൊട്ടിച്ചിതറുന്നവ
തൊട്ടാൽ പൊട്ടും നീർകുമിള കണക്കെ,
കണ്ടതോ വിദൂരമായൊരു സ്വപ്നം മാത്രം!
എങ്കിലും, സ്വയമറിഞ്ഞുതന്നെ പലകുറി
ചേരാത്ത വേഷങ്ങളണിയുന്നു ഓരോന്നും
മിഥ്യയെ സത്യമായ് കരുതും വിഡ്ഢിയാം ഞാൻ.
അറിക നാം, പകൽ വിനിദ്രയാം രാവിനെന്നപോൽ
സ്നേഹമോ വഴിമാറുന്നു വേദനയ്ക്കായ് പലപ്പൊഴും,
അടുക്കുന്നതോ പിന്നെ അകലങ്ങൾ മാത്രം!
അറിയാം, നീ തിരിച്ചണയില്ലൊരിക്കലുമെൻ സാന്ത്വനങ്ങളിൽ
ഭൂതകാലത്തിൻ വിസ്‌മൃതിയിലാണ്ടു പോയി
നീ എന്നോ എവിടെയോ!  
 
Image Source: Pixabay
 
(Visited 179 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

2 Responses

  1. സുന്ദര സ്വപ്നം ..

Leave a Reply

Your email address will not be published. Required fields are marked *

error: