പ്രണയത്തിന്റെ നിർവ്വചനങ്ങൾ

 
 
“പ്രണയം റോസാപ്പൂവിന്റെ മുള്ളുള്ള തണ്ടുപോലെയാണ്
മുറുകെ പിടിക്കുംതോറും മുറുവുകളേറും
പിടിവിട്ടാൽ അതുവരെയുള്ള മുറിപ്പാടുകളേ വേദനിപ്പിക്കൂ
പക്ഷെ മോചിപ്പിക്കുമതു എല്ലാ വേദനകളിൽ നിന്നും
ഇന്നല്ലെങ്കിൽ നാളെ ……
തിരികെ നീ മടങ്ങിയില്ലെങ്കിൽ”
 
“വീണ പൂവിനുമുണ്ടൊരു ഗന്ധം
പെയ്തൊഴിഞ്ഞ മഴക്കുമുണ്ടൊരു ഗാനം”
 
“നിൻ വിരൽത്തുമ്പന്നു തൊട്ട നിമിഷം
എൻ മനമോ അറിഞ്ഞതില്ല
എനിക്ക് നഷ്ടമാകാൻ പോകുന്നത്
നിൻ കരത്തിന്‍ ചുടുത്തണലിനെ എന്ന്”
 
“നിന്റെ കണ്ണുകൾ മറ്റുള്ളവർക്കായി നീ നനയ്ക്കുമ്പോൾ
എന്റെ മിഴികൾ നിനക്കായ് നിറയുന്ന കാഴ്ച
നിൻ കണ്ണുനീരിൽ മറഞ്ഞു പോകുന്നു”
 
 
“ഒരുപാട് സ്നേഹിച്ചാലും ഇങ്ങനെയൊക്കെയാണ്……
ഒട്ടും സ്നേഹിച്ചിട്ടില്ല എന്നൊക്കെ ചിലപ്പോൾ തോന്നും
സ്നേഹിച്ചു കൊതിതീരാത്തതുകൊണ്ടാണ്”
 
 
“അങ്ങനെ കൊഴിഞ്ഞുപോയ ദിനങ്ങളിലെപ്പോഴോ അവൾ തനിക്കെത്ര പ്രിയപെട്ടവളായി! ഇന്ന് നീ സഹിക്കും വേദനകളുമീ ദീർഘനിശ്വാസങ്ങളും എനിക്കും നിനക്കും ഒരുപോലെ സ്വന്തം  – പ്രിയ സഖി”
 
“പൊരുളറിയാൻ കഴിയാതെ
മിഴിക്കോണുകളിലൊളിപ്പിച്ചൊരാ –
കണ്ണുനീർത്തുള്ളികൾ…….
പാതിമുറിഞ്ഞ വാക്കുകളോ
അതോ മനസ്സിൻ ഭാവാർത്ഥങ്ങൾക്കൊപ്പം തിരിയും
താക്കോൽപഴുതുകളോ”
 

“എന്താ പ്രണയിക്കുന്നവർക്ക് മാത്രമേ പ്രശ്നമുള്ളൂ? ഈ ലോകത്ത് മറ്റു പ്രശ്നങ്ങളൊന്നും പ്രശ്നങ്ങളല്ലാതെ വരുമോ?”

“തഴുകി നീയെന്നെ കടന്നുപോയാലും
ഒരു കുളിർമഞ്ഞു തുള്ളിയായ്
നിൻ ഓർമകളിൽ
പൂക്കും ഞാൻ നിത്യം  
നിൻ ഹൃദയസ്പന്ദങ്ങളിൽ……
നിൻ മൗനവീണയിൽ…..”

“നീ ഉറങ്ങുമ്പോൾ എനിക്കെന്റെ ഉറക്കം നഷ്ടമാകുന്നു”

“ഒരാളെ ഇഷ്ടപ്പെടാൻ ചിലപ്പോൾ ഒരായിരം കാര്യങ്ങൾ ഉണ്ടാവാം…..
ചിലപ്പോൾ ഒരു കാരണവും ഇല്ലാതെയും വരാം….”

“ഞാൻ നിന്നെക്കുറിച്ചെഴുതിയത് നീ വായിച്ചിട്ടില്ല
ഞാൻ നിന്നെയറിഞ്ഞത് നീ അറിഞ്ഞിട്ടില്ല “

“ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും.
ഒന്നും തിരിച്ചുകിട്ടില്ല എന്നറിഞ്ഞുകൊണ്ടും ഇങ്ങനെ വേദനിക്കാനാണ് എന്റെ വിധി”

“ഉറക്കം എന്റെ കണ്ണുകളിൽ വിശ്രമിക്കുന്നത് കുറവാണ്. അവന് എന്നെച്ചുറ്റിപ്പറ്റി വെറുതെ കറങ്ങുന്നതാണിഷ്ടം.”

“ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരോരുമറിയാതെ ഉള്ളിലൊതുക്കുന്നതിലുമുണ്ട് ഒരു സുഖം. “

“രണ്ട് ഹൃദയങ്ങൾ വിടപറഞ്ഞകലുമ്പോൾ അടർന്നു വീഴുന്നത് മിക്കവാറും അതിൽ ഒരാൾ മാത്രമായിരിക്കും”

“ഒരു സത്യംപോൽ നീ അണയുമ്പോൾ
കൂടണയുന്നു ഒരായിരം സത്യങ്ങൾ
ഒരു സ്വപ്നംപോൽ നീ മായുമ്പോൾ
ഒപ്പം മായുന്നു എന്നിലെ സ്വപ്നങ്ങളും”

“കുളിര്കാറ്റ് എൻ അളകങ്ങളെ മാടിയൊതുക്കുമ്പോൾ
നിൻ സാമീപ്യമരുളും ചന്ദനക്കാറ്റിൻ നവ്യമാം സുഗന്ധം”

“ജീവിക്കാൻ നീ എനിക്കായ് വേണം
മരിക്കാൻ ആരുടെ കൂട്ടും വേണ്ടാ… “

“പ്രണയം…. ഒരിക്കൽ മാത്രം വിരിയുന്ന വസന്തം
ചോദ്യങ്ങൾ കുറവും ഉത്തരങ്ങൾ കൂടുതലുമായിരിക്കും”

“യഥാർത്ഥപ്രണയം ഒരിക്കൽ മാത്രമേ സംഭവിക്കൂ
അത് തിരിച്ചറിഞ്ഞാൽ, അത് നഷ്ടപ്പെടുത്തേണ്ടിവരുന്ന
വിധിയുടെ തീരുമാനം ഒരിക്കലും നമ്മളുടേതാവരുത്”

“ജീവിതത്തിൽ ഒരിക്കലെങ്കിലും നാം നമ്മളെ
നഷ്ടപ്രണയത്തിന്റെ തടാകക്കരയിൽ കണ്ടെത്തും”

“പതിയെ ജാലകമൊന്നുതുറക്കുമ്പോൾ
മെല്ലെയെൻ അളകങ്ങളെത്തഴുകി
കടന്നുപോം കുഞ്ഞിളംകാറ്റിന്റെ നറുചുംബനംപോൽ
നിന്നോർമ്മകളെൻ വേനൽചൂടുകാറ്റിൽപോലും 
വസന്തങ്ങൾ പുഷ്പിക്കുന്നു”

“എന്റെ പ്രണയത്തിനു മുഖങ്ങളില്ല
ഈ ഡിസംബർ മാസത്തെ കുളിരണിഞ്ഞ മഞ്ഞു കണികപോലെ”

“ചെറിയ ചെറിയ ഓർമപ്പെടുത്തലുകളിൽ നിന്നാണ് പലപ്പോഴും ആത്മാർത്ഥ സ്നേഹം തിരിച്ചറിയപ്പെടുന്നത്……
ചെറിയ ചെറിയ ഓർമ്മപ്പെടുത്തലുകൾ ആണ് മനസിലുള്ളത് തുറന്നു പറയുന്നതും…   “

“പ്രണയം ഒരു അഭിനയകല അല്ല
മനപ്പൂർവ്വമുള്ള വേദനിപ്പിക്കാൻ ആകരുത് അതൊരിക്കലും  “

“സ്നേഹത്തിന്റെ ആഴങ്ങളിൽ….
അവർ നമുക്ക് സമ്മാനിച്ച വേദനകളെയും
പ്രണയിച്ചുതുടങ്ങുന്ന നിമിഷങ്ങളും വന്നുചേരാം…   “

“ലോകതെത്രയോ കോടി ജനങ്ങൾ ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഒരാൾ മാത്രം ‘സ്പെഷ്യൽ’ ആകുന്നത്? എന്തിനുവേണ്ടിയാ ഒരാളുടെ സന്തോഷത്തിനായി നമ്മുടെ ഇഷ്ടങ്ങളും വാശികളും എല്ലാമെല്ലാം സന്തോഷത്തോടെ വിട്ടുകൊടുക്കുന്നത്? പലപ്പോഴും ഒന്നും തിരിച്ചുപിടിക്കാൻ പറ്റില്ല എന്ന ഉറപ്പോടു കൂടി തന്നെ…..”

“സ്നേഹം ഒരുപാട് കൂടുമ്പോൾ അങ്ങനെയൊക്കെയാ, ചില നൊമ്പരപ്പെടുത്തുന്ന ഓർമകളെ നമ്മൾ തടവുകാരായി വയ്ക്കും “

“പ്രണയം ഒരു പുഞ്ചിരിയിലൊളിപ്പിക്കുന്നു ചിലർ……”

“ആ വിട്ടുപോയ അക്ഷരങ്ങൾക്കും നമ്മുടെ മൗനത്തിനുമിടയിൽ ഇരമ്പി നിൽക്കുന്ന ഒരു മഹാസമുദ്രമുണ്ട്. നീയത്  ഊഹിച്ചെടുത്തിട്ടുണ്ടോ എന്നെനിക്ക് നിശ്ചയമില്ല”

“വാക്കുകൾക്കും ഭാവമാറ്റങ്ങൾക്കും പിടി കൊടുക്കാതെ ഞാൻ ഈ കാലമത്രയും ഒഴിഞ്ഞുമാറുകയായിരുന്നു.”

“ചില തെറ്റിധാരണകൾ നഷ്ടമാക്കിയത്  നമ്മളൊരുമിച്ച്‌ തീർക്കേണ്ടിയിരുന്ന അനേകം മാരിവില്ലുകളെയാണ്”

“വഴുതിപ്പോകും മുമ്പ് എനിക്ക് പിടിച്ചടുപ്പിക്കണം എന്റെ ജീവിത തോണിയെ നീ നിൽക്കുന്ന ഏതെങ്കിലും ഒരു തീരത്തേക്ക്”

“തിരിച്ച് ഒറ്റയ്ക്ക് നടക്കാനാണ് എന്റെ വിധിയെങ്കിൽ എന്റെ മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വച്ചിട്ട് പോകാൻ ആഗ്രഹിക്കുന്നു”

“ഒരുപക്ഷെ നീ മാറുമായിരിക്കാം
ഒരു തിരിച്ചവരവ് ഉണ്ടായേക്കാം….
പക്ഷെ നിനക്കെന്റെ ഇന്നലെകളെ
തിരിച്ചുനൽകാൻ കഴിയുമോ?
നിന്നോടൊപ്പം പെയ്തൊഴിയാൻ കൊതിച്ച
ഓരോ നിമിഷത്തേയും???  “

“വെറുക്കാൻ ഒരു നൂറു കാരണങ്ങൾ ഉണ്ടെങ്കിലും
സ്നേഹിക്കാൻ ഒരു കാരണം മതി
ഏതൊരു ബന്ധത്തെയും പിടിച്ചു നിർത്താം”

“അകന്നുപോകുന്ന ചില നിമിഷങ്ങളെ പോലും തടവിലാക്കി വയ്ക്കുവാൻ ശ്രമിക്കുന്ന നിമിഷങ്ങൾ ഉണ്ട്, ശ്വാസമടക്കിപിടിച്ചുകൊണ്ടു തന്നെ….
അവ തിരിച്ചണയില്ലെങ്കിലോ എന്ന ആശങ്കയാൽ”

“വാക്കുകളിൽ കുറിക്കാൻ പറ്റാത്ത….
ഹൃദയരാഗങ്ങളിൽ ചിട്ടപ്പെടുത്താൻ കഴിയാത്ത ….
മൗനസംഗീതം പോൽ പെയ്തൊഴിയുന്ന
എന്റെ മേഘരാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ നിനക്കാവുമോ?”
 
“നിന്റെ പേര് ഞാനെപ്പോഴും കുറിക്കുന്നത് ഏറ്റവും ആർദ്രമായ കാർമുകിലുകളിൽ മാത്രം. വളരെ അകലെയെങ്കിലും, കൈയ്യെത്താ ദൂരത്താണെങ്കിലും, അവ വളരെ വേഗം മഴമേഘമായ് വർഷിച്ച് നീയെന്നരികിൽ എത്തിച്ചേരുമെന്ന വിശ്വാസത്താൽ, എന്റെ വിരൽത്തുമ്പുകൾക്ക് വീണലിയും വർഷത്തുള്ളികളാൽ നവസംഗീതമേകും എന്ന പ്രതീക്ഷയാൽ”
 
Image Source: Pixabay
 
(Visited 259 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: