“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും”
“പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ നമ്മൾ മിടുക്കരാണ്”
“ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യമുണ്ടോ? ബാല്യത്തിന്റെ കുട്ടികളിയും നിഷ്കളങ്കതയും ‘പക്വത’യുടെ പേരിൽ ബലികൊടുക്കരുത് യൗവനം എത്തുമ്പോൾ…..”
“നമ്മളെ ബാധിക്കാത്ത ഒരു പ്രശ്നത്തിൽ തലയിടാതിരിക്കുന്നതാണ് നല്ലത്. കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.”
“ചില നിസ്സാര പ്രശ്നങ്ങൾ കാണുമ്പോൾ ഈശ്വരനോട് പരിഭവം പറയാം, സങ്കടപ്പെടാം. പക്ഷെ അതിലും വലിയ പ്രശ്നങ്ങൾ വരുമ്പോഴായിരിക്കും ചിന്തിക്കുക, അതെല്ലാം നമ്മളെ തയ്യാറാക്കാൻ വേണ്ടിയായിരുന്നു എന്ന്. “
“ഏതൊരു ചിന്തക്കും നല്ലൊരു തീർപ്പുകൽപ്പിക്കാൻ നമുക്കല്ലാതെ മറ്റാർക്കാ കഴിയുക. വിധികർത്താവും വിമർശകനും നമ്മൾ തന്നെ, സംയമനത്തോടെ തീരുമാനമെടുത്താൽ”
“നൂറു ശതമാനം ഉറപ്പില്ലാതെ ഒരു കാര്യത്തിനും തർക്കിക്കാൻ പോവരുത്. പല ഇഷ്ടക്കേടുകളും വഴക്കുകളും പിണക്കങ്ങളും ഇതുവഴി ഒഴിവാക്കാം.”
“ദമ്പതികൾക്കിടിയിലെ ചെറിയ പ്രശ്നങ്ങളിൽ പേരെന്റ്സ് ഇടപെടാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താലും ഒരിക്കലും സ്വന്തം മക്കളുടെ പക്ഷം പിടിക്കരുത്. അത് മകന്/മകൾക്ക് നിങ്ങളോടുള്ള സ്നേഹംകൂട്ടാൻ സഹായിക്കുമായിരിക്കാം, പക്ഷെയത് ദമ്പതികൾ തമ്മിലുള്ള അകലം കൂട്ടും!! അത് വേണോ?
മരുമകൻ/മരുമകൾ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലാ എന്ന് നടിക്കുക, അവരോട് ക്ഷമിക്കുക, പക്വത കാട്ടുക. പകരം അത് പൊലിപ്പിച്ചു പറഞ്ഞു സ്വന്തം മക്കളുടെ മനസ്സിൽ വിഷം പാകരുത് ….. ഒരിക്കലും!!!”
“പല സത്യങ്ങളും ബന്ധങ്ങളുടെ ഈക്വാഷൻ തന്നെ മാറ്റിയേക്കാം
പലപ്പോഴും പ്രതീക്ഷിക്കുന്നതിലും കൂടുതൽ സത്യങ്ങൾ പുറത്തുവന്നേക്കാം
ആ മാറ്റം വേണമോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്”
“മനസ്സ് വല്ലാതെ സ്ട്രെസ്സ്ഡ് ആവുമ്പോൾ ഒരു പാട്ടിന്റെ കൂട്ടുപിടിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹം ആണ്”
“മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാൻ ഒഴിവാക്കാൻ കഴിയുന്ന ഒരുപാട് സാഹചര്യങ്ങൾ ഉണ്ട്. ശരിയോ തെറ്റോ എന്നതല്ല കാര്യം, പക്വതയോടെ നമുക്ക് ഒരു സാഹചര്യത്തെ എങ്ങനെ നേരിടാൻ കഴിയും എന്നതാണ്. അവിടെയാണ് നമ്മുടെ വിവേകം പ്രവർത്തിക്കേണ്ടത്”
“നമ്മളെക്കുറിച്ച്എല്ലാമറിഞ്ഞാലും ചുറ്റുംനിന്ന് കുത്തിനോവിക്കാനേ ആളുകൾ ഉണ്ടാവൂ…. നമ്മുടെ മനസ്സറിഞ്ഞു ആശ്വസിപ്പിക്കാൻ ഒരാളെകിട്ടിയാൽ തന്നെ ഭാഗ്യമെന്നുവേണം കരുതാൻ. അത് കിട്ടുമെന്ന പ്രതീക്ഷ അതേ വേദന അനുഭവിക്കുന്നവരിൽ നിന്നുമാത്രം. സത്യമല്ലേ?”
“എത്രയെത്ര സതിമാർ ഇന്നും കത്തി ചാമ്പലാകുന്നു, ഉമിത്തീയിൽ ഉരുകി നിൽക്കുന്നു കാലങ്ങളോളം കൺമുമ്പിൽ തന്നെ, ചിതകൾ ഒരുക്കുന്നത് അകത്തളങ്ങളിൽ ആണെന്ന് മാത്രം. ആരും കണ്ണുകളാൽ കാണുന്നില്ല. മനക്കണ്ണുകളാൽ കാണുന്നത് കണ്ടില്ലെന്നു നടിക്കുന്നു”
“എത്ര ശ്രമിച്ചാലും ആർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നതിലും വലിയൊരു ദുഃഖം ഈ ലോകത്തുണ്ടോ?”
“ഒരുപാട് സങ്കടം വരുമ്പോൾ ഞാനും മറ്റുള്ളവരെപ്പോലെ ചിന്തിക്കാറുണ്ട്, ഇങ്ങനെയൊക്കെ കഷ്ടപ്പെടാൻ എന്ത് പാപമാണ് ഈ ജന്മത്തിൽ ചെയ്തതെന്ന്. പിന്നെ സമാധാനിക്കും, ഒരുപക്ഷെ കഴിഞ്ഞ ജന്മത്തിലെ കർമഫലമാവാം. എല്ലാം സഹിക്കുക, അനുഭവിക്കുക, ഒരുപക്ഷെ മോക്ഷം കിട്ടിയാലോ എന്ന് പോസിറ്റീവ് ആയി ചിന്തിച്ചുറപ്പിക്കാൻ ശ്രമിക്കും. നിങ്ങൾക്കും ശ്രമിക്കാം കേട്ടോ”
“ചെവികൾ കൊണ്ട് കേട്ടാൽ പോരാ….
മനസ്സുകൊണ്ട് കേൾക്കണം”
“നമ്മൾ കേൾക്കാറില്ലേ പലരും പറയുന്നത്, എന്റെ പോരാട്ടങ്ങളെല്ലാം തനിച്ചായിരുന്നു, എന്നെ മനസ്സിലാക്കിയവർ ചുരുക്കം. ശരിയാണ്, എല്ലാർക്കും നമ്മളെ മനസിലാക്കണമെന്നില്ല. നമ്മുടെ കഥയുമായി സാദൃശ്യമുള്ളവർക്കേ നമ്മൾ പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസ്സിലാവൂ, നമ്മളെ ആശ്വസിപ്പിക്കാനാവൂ, സഹായിക്കാനാവൂ”
“പലപ്പോഴും കാത്തിരുന്നു സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനുള്ള ക്ഷമയില്ലാതെ, ധൈര്യമില്ലാതെ മനസ്സ് ഒരു തീരുമാനത്തിൽ പെട്ടെന്ന് എത്തിച്ചേരുകയാണ് പതിവ്. പലപ്പോഴും ആ നിമിഷങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മനസ്സിനില്ലാതെ മനസ്സിനെ എവിടെയെങ്കിലും ഉറപ്പിച്ച് മുന്നോട്ട് നീങ്ങും, അത്രതന്നെ”
“അവർ തെറ്റുചെയ്‌തിട്ട് മോശമായ് പെരുമാറിയിട്ട്, നമ്മളാണ് തെറ്റ് ചെയ്തതെന്ന് ആവർത്തിച്ചു പറഞ്ഞുവിശ്വസിപ്പിക്കുക, അതിന്റെ ഇമോഷണൽ trauma & blame കൂടെ നമ്മളുടെ തലയിൽകൊണ്ടിടുക. അത് വിശ്വസിച്ചു സ്വയംപഴിച്ചും അഡ്ജസ്റ്റ്ചെയ്തു ജീവിച്ചും തകർന്നടിയുന്ന എത്ര ജീവിതങ്ങൾ! ശരിചെയ്താലും നിർഭാഗ്യവശാൽ കൂടെനിൽക്കാൻ ഉറ്റവർ പോലുമില്ലാത്തവർ!!”
Image source: Pixabay
(Visited 134 times, 1 visits today)
Please share if you like this post:
Recent Comments