ചിൻമയ് മുഖർജി – ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിക്ക് വേണ്ടിയുള്ള സമർപ്പണം

ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഇനി ജൂൺ 10 എന്ന ദിനം; അതായത് ഇന്ന് . ജൂൺ ഒന്ന് ഞാൻ ജനിച്ച ദിനം, ജൂൺ 10 എന്റെ ഒരു പ്രിയ സുഹൃത്തു ജനിച്ച ദിനം. സുഹൃത്ത് എന്ന് പറയാമോ എന്നറിയില്ല, എന്നെകാളും 20 വയസ്സ് കൂടുതൽ ഉണ്ട്, ജീവിതത്തിൽ വളരെ ഏറെ ബഹുമാനിക്കുന്ന വ്യക്തി എന്നോ, ഗുരു സ്ഥാനത്തു കാണുന്ന വ്യക്തി എന്നോ ഒക്കെ പറയാം….. ഇത്രയും നാൾ സന്തോഷത്തോടെ ഓർത്ത ദിനമെങ്കിൽ ഇനി ഏറ്റവും ദുഃഖത്തോടെ ഓർക്കുന്ന ദിനമായിരിക്കും. കാരണം ഉണ്ട്… പറയാം …..

 

ചിൻമയ് മുഖർജിയെ ആദ്യമായി പരിചയപ്പെടുന്നത് ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ കൂടെയാണ്. ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ള ഒരു knowledge sharing സൈറ്റ് – Boddunan . ഫോറം, ആർട്ടിക്കിൾ, പോൾ എല്ലാം ഉണ്ട്. ജീവിതത്തിൽ നല്ലതും മോശവുമായ സമയം എല്ലാർക്കും ഉണ്ടാവുമല്ലോ. അത്തരത്തിൽ ഒരു മോശം സമയത്തിലൂടെ കടന്നുപോകുന്ന വർഷം ആയിരുന്നു എനിക്ക് 2011. പുതിയ ഒരു സ്ഥലത്തേക്ക് ഷിഫ്റ്റ് ചെയ്ത സമയം. മോൾ നഴ്സറി പോയി തുടങ്ങി, ആകെക്കൂടെ ബോറടി. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണമെന്ന അതിയായ ആഗ്രഹം.

അപ്പോഴാണ് ഒരു സുഹൃത്ത് ഓൺലൈൻ ജോലികളെകുറിച്ച് പറയുന്നത്. പണ്ടേ എഴുത്തിൽ താല്പര്യം ഉള്ളതുകൊണ്ട് തപ്പിയിറങ്ങിയതാണ്. അപ്പോഴാണ് Boddunan എന്ന സൈറ്റ് നവംബറിൽ കണ്ടെത്തുന്നത്. വലിയ earnings ഇല്ലെങ്കിലും തുടക്കക്കാർക്ക്  ഓൺലൈൻ പ്ലാറ്റഫോമിൽ interact ചെയ്യാൻ ഒരു നല്ല വെബ്സൈറ്റ് ആയിരുന്നു അത്. വായനാശീലമൊക്കെ കളഞ്ഞതുകാരണം വല്ലാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എനിക്ക്.

സ്വന്തം നഗരം വിട്ട് മറ്റൊരു നഗരത്തിൽ അപരിചിതരുടെ ഇടയിൽ ഒരു വീട്ടമ്മയായി കഴിയുന്ന എനിക്ക് സന്തോഷത്തിന്റെ ഒരു ഭണ്ടാരമാണ് ആ വെബ്സൈറ്റ് കാത്തുവെച്ചിരുന്നത്. “Surprise Packet” എന്നൊക്കെ പറയാറില്ലേ? ദൈവം എനിക്കായി കരുതിവച്ച ഒരു അത്ഭുത സമ്മാനം തന്നെയായിരുന്നു Boddunan കമ്മ്യൂണിറ്റി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത് തന്നെ.

ഞാൻ ഫോറത്തിൽ കേറി പോസ്റ്റുകൾ ഇട്ടു തുടങ്ങി, പുതിയ ഡിസ്കഷൻ ടോപിക്സ് തുടങ്ങി, പതിയെ അവിടുത്തെ ഒരു പ്രധാന അംഗമായി മാറിത്തുടങ്ങി. പിന്നെ അങ്ങോട്ട് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി തുടങ്ങി ആ വെബ്സൈറ്റ്. Articles എഴുതി തുടങ്ങി, ചെറിയ വരുമാനം കിട്ടിത്തുടങ്ങി. വളരെയധികം ഒതുങ്ങികൂടിയിരുന്ന വീട്ടമ്മയായ ഞാൻ പെട്ടെന്നു ഉഷാറായി, എല്ലാരോടും interact ചെയ്യാനുള്ള ആത്മവിശ്വാസം നേടിയെടുത്തു. ഒരു ചെറിയ വരുമാനം കണ്ടെത്തി തുടങ്ങിയതും ജീവിതത്തിൽ പോസിറ്റിവ് മാറ്റങ്ങൾ കൊണ്ടുവന്നു. 

അവിടെ എനിക്ക് വായിക്കാൻ ഏറ്റവും ഇഷ്ടം തോന്നിയ പോസ്റ്റുകൾ രണ്ടു വ്യക്തികളുടേത് – ആഗ്രയിലെ ഗുൽഷൻ കുമാർ അജ്മാനിയും ഹൗരയിലെ ചിൻമയ് മുഖർജിയും. അവിടത്തെ ഏറ്റവും പ്രായം ചെന്നതും സീനിയർ മോസ്റ്റ് ആയവരും. ഗുൽഷൻജിക്ക് ഒരു സീരിയസ് അദ്ധ്യാപകന്റെ ഛായ എങ്കിൽ ചിൻമയ്ക്ക് ഒരു തമാശക്കാരന്റെ സ്റ്റൈൽ. എന്നാൽ വളരെയേറെ ആഴമുള്ള പോസ്റ്റുകൾ ആണ് രണ്ടുപേരുടെയും. ഗുൽഷൻജി സിമ്പിൾ ഇംഗ്ലീഷ് ഉപയോഗിച്ചപ്പോൾ സീംജി കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ആണ് ഉപയോഗിച്ചത്. ഗൂഗിളിൽ തപ്പാതെ പലപ്പോഴും ചില വാക്കുകളുടെ അർഥം കിട്ടാറില്ല. എന്നാൽ വെറും ഇമോജീസിലൂടെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക പാടവം ഉണ്ടായിരുന്നു. ഗുൽഷൻജി സ്റ്റൈൽ ആണ് പിന്നീട് ഞാൻ adopt ചെയ്യാൻ ശ്രമിച്ചത്, അദ്ദേഹമാണ് ഈ കാര്യത്തിൽ എന്റെ ഗുരു.

പതിയെ രണ്ടുപേരെയും അവരുടെ പോസ്റ്റുകളും ബഹുമാനിച്ചു തുടങ്ങി. ഗുൽഷൻജിക്ക് ഏകദേശം എന്റെ അച്ഛന്റെ പ്രായമുണ്ട്, സീമിന് (അങ്ങനെയും വിളിക്കാറുണ്ട് എല്ലാരും – ചിൻമയ് മുഖർജിയുടെ ഷോർട്ട്) എന്റെ അമ്മയുടെ പ്രായവും. എന്നാൽ അവർ രണ്ടുപേരും എന്നെയും എന്റെ എഴുത്തിനെയും ഇഷ്ടപ്പെട്ടിരുന്നു. അവരെക്കാൾ പ്രായം വളരെ കുറവെങ്കിലും ബഹുമാനം തന്നിരുന്നു, പലപ്പോഴും ഫോറത്തിൽ അവരതു പറയുകയും ചെയ്തിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഈ age gap ഉള്ളവർ എന്നെ ബഹുമാനിച്ചു കണ്ടിട്ടില്ല. അത് എനിക്ക് അവരോടുള്ള ബഹുമാനവും ഇഷ്ടവും കൂട്ടിയതേ ഉള്ളൂ. അതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആണ്, അതുപോലെ രാം ബാബു എന്ന മുതിർന്ന വ്യക്തിയും ഇവരെ പോലെയായിരുന്നു (അദ്ദേഹം മരിച്ചശേഷമാണ് അറിയുന്നത് എൺപതു വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്ന്).

സൈറ്റിൽ എന്റെ വളർച്ച കണ്ടു അസൂയ തോന്നിയിരുന്ന ചിലർ മനഃപൂർവം വ്യക്തി ഹത്യ ചെയ്തിരുന്നു. മുമ്പ് അവർക്ക് ലഭിച്ചിരുന്ന പ്രശംസ എനിക്ക് കിട്ടിത്തുടങ്ങിയതും (പ്രത്യേകിച്ച് സീനിയർസ് ആയ രണ്ടുപേരുടെ) ഞാൻ പെട്ടെന്ന് പുതിയ ഡിസ്കഷൻ ടോപ്പിക്കുകൾ കണ്ടെത്തുന്നതും Articles കൂടുതൽ എഴുതുന്നതിനും…. എന്നാൽ ഇവർ രണ്ടുപേരും, പിന്നെ ആന്ധ്രാ പ്രദേശിലെ ശശി, സരള എന്ന രണ്ടു കൂട്ടുകാർ എന്റെയൊപ്പം എപ്പോഴും നിന്നിരുന്നു, പിന്നെ തമിഴ് നാടിലെ വിനോദ് കണ്ണൻ (ഈ ഗ്രൂപ്പിൽ നേരിട്ട് കാണാൻ കഴിഞ്ഞ ഒരേയൊരു വ്യക്തി), രാം ബാബു, എന്നെ അനിയത്തി എന്ന് വിളിച്ചിരുന്ന ബംഗാൾ ദുർഗാപൂരിലെ രാം ചേട്ടൻ…..കട്ടക്ക് കൂടെ നിന്നു എന്ന് പറയാം, ന്യൂ ജനറേഷൻ വാക്കുകൾ കടമെടുത്താൽ.

എനിക്കാണെങ്കിൽ ഏകാന്തതയിൽ നിന്നുള്ള രക്ഷപെടൽ ആയിരുന്നു ഫോറം, നൂറുകണക്കിന് പുതിയ ഡിസ്കഷൻ ടോപിക്സ് കണ്ടെത്തി. ഫോറം ഇഷ്ടപെടാത്ത പലരെയും ഇതിൽ കൊണ്ടുവന്നു. അതുവരെ ഉറങ്ങിക്കിടന്ന ഫോറം പെട്ടെന്ന് ഉഷാറായി. ചെറിയ വരുമാനം അതിൽ നിന്നും കിട്ടുമെങ്കിലും ആത്മസംതൃപ്തിക്കുള്ള ഉപാധി ആയിട്ടാണ് ഞാൻ ഫോറം കണ്ടത്. ഒടുവിൽ ചിലരുടെ ശല്യം എന്റെ ജോലിയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ മനഃപൂർവം വിട്ടുമാറുകയായിരുന്നു. അപ്പോഴേക്കും 600-700ഇൽ കൂടുതൽ ടോപ്പിക്കുകൾ ഞാൻ തുടങ്ങിയിരുന്നു, ഏകദേശം ഒന്നര വർഷത്തിനുള്ളിൽ.

ഞാൻ ഇനി ഫോറത്തിലേക്ക് തിരിച്ചു വരില്ല എന്ന് ശപഥം ചെയ്താണ് നിർത്തുന്നത്. എന്നാൽ മറ്റു സെക്‌ഷനുകളിൽ തുടർന്നു കുറച്ചു കാലം കൂടി. അപ്പോഴേക്കും മറ്റൊരു സൈറ്റിൽ ഞാൻ തിരക്കായി. പ്രിയസുഹൃത്തുക്കൾ പലവട്ടം വിളിച്ചിട്ടും ശപഥം ബ്രേക്ക് ചെയ്യാൻ തയ്യാറല്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ശപഥം ബ്രേക്ക് ചെയ്തു ഞാൻ ഇന്ന് പോസ്റ്റ് ഇടുമ്പോഴും (കാര്യം പിന്നീട് പറയാം) ഞാൻ 2011 നവംബർ/ഡിസംബർ മുതൽ 2013 (ഏകദേശം പകുതിവരെ) ഇട്ട 20.8 K posts ആരും കടത്തിവെട്ടിയിട്ടില്ല. അന്ന് ഞാൻ ആയിരുന്നു അവിടെത്തെ ടോപ് earner , ടോപ് പോയ്ന്റ്സ്, എന്നാൽ ഇപ്പോൾ എനിക്ക് മുകളിൽ ഒരാൾ വന്നിട്ടുണ്ട്, അതും പ്രിയസുഹൃത്തു തന്നെ, ആഗ്രയിൽ നിന്നുള്ള സുനിൽ അല്ലെങ്കിൽ സണ്ണി.

മുഖർജിയുമായുള്ള ഫോറം ചർച്ചകളെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് പറയാനുണ്ട്

ആ മനുഷ്യൻ എന്താ വല്ല കാന്തവുമാണോ? എന്തുകൊണ്ടാണ് വാക്കുകൾ കൊണ്ട് നമ്മളെ ഇത്ര ആകർഷിക്കാനും ഒരു മായികലോകം തീർക്കാനും കഴിയുന്നത്? എന്താ ആരുമായും പിണങ്ങാത്തത്? എന്തുകൊണ്ടാണ് എല്ലാരും അദ്ദേഹത്തെ ഇത്ര ബഹുമാനിക്കുന്നത്? എങ്ങനെയാണ് ഒരു വ്യക്തിക്ക് ഒരുപോലെ സീരിയസും തമാശക്കാരനും ആക്കാൻ കഴിയുക? എങ്ങനെയാണ് ഒരാൾക്ക് ഇത്രയേറെ അറിവ് സമ്പാദിക്കാൻ കഴിയുക? ഇംഗ്ലീഷ് പണ്ഡിതൻ എന്ന് തന്നെ പറയാം, എനിക്ക് എന്നല്ല എല്ലാർക്കും അതിൽ എതിരഭിപ്രായം ഇല്ല. എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യയിലെ നൂറു മികച്ച ഇംഗ്ലീഷ് പണ്ഡിതരെ തെരഞ്ഞെടുത്താൽ അതിൽ തീർച്ചയായും അദ്ദേഹം വരുമെന്ന്. രാഷ്ട്രീയം ആയാലും, സാമൂഹികം ആയാലും ആനുകാലികം ആയാലും ഇംഗ്ലീഷ് കവിതകൾ ആയാലും, സാമ്പത്തിക ശാസ്ത്രം, ഷെയർ ട്രേഡിങ്ങ് – അദ്ദേഹം ഒരു താരം തന്നെ ആയിരുന്നു.

എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചത് നർമത്തിൽ പൊതിഞ്ഞുള്ള പോസ്റ്റുകളും ഫിലോസഫിയും സാഹിത്യവും തീവ്രമായ ആശയങ്ങളും അവയ്ക്ക് കണ്ടെത്തുന്ന പുതിയ അർത്ഥങ്ങളും. തമാശകളിലൂടെ എത്ര സീരിയസ് കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞിരുന്നത്. സീം ഇഷ്ടപെട്ടിരുന്നതും എന്റെ ഇത്തരത്തിലുള്ള പോസ്റ്റുകൾ ആയിരുന്നു – ഫിലോസഫി, സാഹിത്യം, നർമം. രാഷ്ട്രീയം താല്പര്യം ഇല്ലാത്തതുകൊണ്ട് അത്തരം ടോപ്പിക്കുകളിൽ കൈകടത്തില്ല, അതുകൊണ്ടു തന്നെ എന്നെ പോസ്റ്റുകളിൽ കൂടെ കളിയാക്കുമായിരുന്നു എനിക്ക് ‘പൊളിറ്റിക്സ് അലർജി’ ആണെന്ന്.

ഞാൻ മുമ്പ് പറഞ്ഞുവല്ലോ, ഒരു പ്രശ്നത്തിലൂടെ കടന്നു പോകുന്ന വളരെ depressed ആയ ഒരു സാഹചര്യം ആയിരുന്നു അപ്പോൾ. സീമിന്റെ നർമത്തിൽ പൊതിഞ്ഞുള്ള ഫിലോസഫി പോസ്റ്റുകൾ വളരെ ആശ്വാസം തന്നിരുന്നു. പിന്നെ കൂട്ടുകാരുമൊത്തുള്ള interactions എന്നെ കൊണ്ടുപോയത് ഒരു അത്ഭുതലോകത്തേക്കാണ്. ഞാൻ ദുഃഖങ്ങൾ മറന്നു സന്തോഷത്തിന്റെ ലോകത്തിൽ തിരിച്ചെത്തി, അതിൽ അവിടുത്തെ കൂട്ടുകാർ പ്രത്യേകിച്ച് സീം വഹിച്ച പങ്കു നിസാരമല്ല. എന്നാൽ ഫുൾ ടൈം ചിരിച്ചുകളിച്ചു പോസ്റ്റ് ഇട്ട എന്നെ ആരും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ജീവഗ്രന്ഥിയായ പല പോസ്റ്റുകൾക്കും ഉള്ള വാക്കുകൾ കണ്ടെത്തിയത് സ്വന്തം ജീവിതത്തിൽ നിന്നാണെന്നു ആരും അറിഞ്ഞില്ല, ഞാൻ അറിയിച്ചതുമില്ല. ഞാൻ അങ്ങനെയാണ്.

അസൂയ മൂത്തവരും അറിഞ്ഞില്ല ഞാൻ പറയുന്ന പല കാര്യങ്ങളും സ്വന്തം ജീവിതത്തിൽ നിന്നാണ്, കാഴ്ചപ്പാടുകളിൽ നിന്നാണ്. സീമിനെപോലെ തമാശകളിൽ ഗൗരവകാര്യങ്ങൾ പൊതിയുന്ന കുതന്ത്രം എനിക്കും അന്ന് വശമായിരുന്നു. എന്റെ ചുറ്റുമുള്ളവർ സപ്പോർട്ട് തന്നപ്പോൾ ഞാൻ എഴുതിക്കൂട്ടി. എന്റെ അന്നത്തെ പ്രായം വച്ച് നോക്കുമ്പോൾ അത് പലതും ആ പ്രായത്തിൽ പറയുന്ന അനുഭവകഥകൾ അല്ല. അതാവാം ഗുൽഷൻജിയും ചിന്മയ്ജിയും എനിക്ക് ആദരവ് തന്നിരുന്നത്. പലർക്കും, പ്രത്യേകിച്ച് സീനിയർ എഴുത്തുകാർക്ക് അത് കഴിയാതെ വന്നപ്പോൾ ‘പ്രൊഫഷണൽ എൻവി’ തോന്നുക സ്വാഭാവികം.

സത്യം പറഞ്ഞാൽ അന്നൊക്കെ സീം ഇട്ടിരുന്ന ചില പോസ്റ്റുകൾ ഓർത്തു താനേ ചിരിക്കുമായിരുന്നു, അല്ലെങ്കിലും എന്തെങ്കിലും ഓർത്താൽ പരിസരബോധമില്ലാതെ പുഞ്ചിരി വിരിയിക്കുന്ന സ്വഭാവം എനിക്ക് പണ്ട് ഉണ്ടായിരുന്നു; റോഡിൽ കൂടി നടന്നു പോകുമ്പോൾ, ബസിൽ ഇരിക്കുമ്പോൾ. ഇപ്പൊ ആലോചിക്കുമ്പോൾ, ശരിയാ, ഞാനിപ്പോ അങ്ങനെ ചിരിക്കാറില്ല. എന്തെ? ഞാൻ മാറി തുടങ്ങുകയാണോ?

അദ്ദേഹത്തിനെ പല പോസ്റ്റുകളും എന്റെ പോസ്റ്റുകൾക്ക് ഇടുന്ന കമ്മെന്റുകളും എന്റെ മനസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണെന്ന് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല. പലപ്പോഴും ഒരു മൃതസഞ്ജീവനിയുടെ ഫലം ചെയ്യുന്ന വാക്കുകൾ! ശരിയാണ്, വാക്കുകൾ പോലെ ശക്തമായ ഒരു ആയുധം ഇല്ല, അതുപോലെ ഔഷധവും!  ചിലപ്പോൾ അവയ്ക്ക് മൃതസഞ്ജീവനിയെക്കാൾ ശക്തിയുണ്ട്! എല്ലാവരും അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലല്ലേ പലതും പറഞ്ഞു വയ്ക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവകഥകൾ ആർക്കറിയാം! എല്ലാരും അവരവരുടെ കുടുംബത്തെ കുറിച്ച് പറയുമായിരുന്നു.

ഗുൽഷൻജിക്ക് അപ്പോൾ തന്നെ ഏകദേശം 65 വയസ്സുണ്ട്, വിവാഹം കഴിച്ചിട്ടില്ല. ടാക്സ് consultant ആയിരുന്നു. പൊളിറ്റിക്സ്, ജനറൽ ടോപ്പിക്കുകൾ എല്ലാം നല്ല പോലെ പറയും. പക്ഷെ ഫിലോസഫിയും കവിതയും പറയില്ല. സങ്കൽപ്പിച്ചു പറയാൻ പറഞ്ഞാലും പറയില്ല. എല്ലാം സീരിയസ് ചർച്ചകൾ മാത്രം, എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും സിമ്പിൾ സൊല്യൂഷൻസ് ഉണ്ടായിരുന്നു. നമ്മൾ അത്ഭുതപെട്ടുപോവും.

അദ്ദേഹം ഓൺലൈൻ വരുമ്പോ നമ്മൾ വികൃതി നിർത്തി ക്ലാസ്റൂമിൽ ഇരിക്കുന്ന നല്ല കുട്ടികളെ പോലെ തമാശകൾ നിർത്തി സീരിയസായി പോസ്റ്റുകൾ ഇടും, അദ്ദേഹം പോകുമ്പോൾ വീണ്ടും തുടങ്ങും സംസാരം. അദ്ദേഹം അതെല്ലാം കാണുന്നുണ്ടായിരുന്നു, ആസ്വദിക്കുന്നുണ്ടായിരുന്നു. എല്ലാരോടും തമാശ പറയുമെങ്കിലും അദ്ദേഹത്തോട് തമാശ പറയാൻ പേടിയായിരുന്നു. എന്നാലും ഇടയ്ക്കിടെ ചെറിയ അമിട്ടുകൾ പൊട്ടിക്കുമായിരുന്നു. ഒരിക്കൽ പഴയ കാമുകിയെ കുറിച്ച് അറിയാതെ പറഞ്ഞപ്പോൾ, എന്തോ വാങ്ങികൊടുത്തത് പറഞ്ഞപ്പോൾ… പറ്റിയ അബദ്ധം തിരിച്ചറിഞ്ഞപ്പോൾ… അങ്ങനെ അങ്ങനെ….എന്നാലും ഒരു കുടുംബത്തിന്റെ അന്തരീക്ഷം ആയിരുന്നു അവിടെ.

ഞാൻ – ശ്വേതാ-ചിൻമയ് ഗ്രൂപ്പ് പോലെ സജ്ജമായിരുന്നു ഞാൻ-ശശി-ചിൻമയ് ഗ്രൂപ്പ്. വലിയ പാണ്ഡിത്യമൊന്നുമില്ല, ഇടയ്ക്കിടെ പറയുന്നതും എഴുതുന്നതും മറന്നുപോകുന്നതും കാരണം പറ്റുന്ന അബദ്ധങ്ങൾ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു. ഞാൻ അതുകൊണ്ട് ശശിക്ക് നൽകിയ പേരാണ് ഗജിനി. ചിന്മയ്ക്കും അത്യുഗ്രൻ ഒരു പേര് നൽകിയിട്ടുണ്ട്, ബംഗാൾ ടൈഗർ. അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്ന് തോന്നുന്നു, ഒരിക്കൽ ഒരു കവിതയുമായി ഫോറത്തിൽ എത്തി.

ഞാൻ പലർക്കും പേരിടുന്നതിൽ വിരുതി ആയിരുന്നു, ഡൽഹിയിലെ സഞ്ജീവ് ഗുപ്‌തക്ക് ‘ഡ്രാക്കുള കേശവൻ’ – അത്തരത്തിലെ ഒരു രസകരമായ പേര്. ഇപ്പോഴും അങ്ങേനെയാ വിളിക്കാറ്. എന്നാൽ ഒരിക്കലും ഗുൽഷൻജിക്ക് പേര് നൽകാൻ ശ്രമിച്ചില്ല. ആനന്ദിന് നന്ദു എന്ന് വിളിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് അങ്ങനെയേ വിളിക്കൂ. കല്യാണിക്ക് കല്ലു, സരളക്ക് സാറു. നല്ലപോലെ പെയിന്റിംഗ് ചെയ്യുന്നതുകൊണ്ട് രാം ബാബുവിന് painter ബാബു എന്ന പേര്. പല പേരുകളും ഞാനിന്നു മറന്നു. റൊണാർക് ഭരദ്വാജ്, ദേവയാനി സർക്കാർ, സണ്ണി, ഉഷ, രാം ആചാര്യ … ഒരുപിടി സുഹൃത്തുക്കൾ.

അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ല

ചിന്മയ് ഷെയർ മാർക്കറ്റ് consultant എന്തോ ആണ്. എല്ലാവരും അവരുടെ കുടുംബത്തെകുറിച്ചു പറയുമ്പോഴും ചിന്മയ് മാത്രം വിട്ടുനിന്നു. മനഃപൂർവം നമ്മളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. ഈ കാര്യം പറഞ്ഞു നമ്മൾ രണ്ടാളും സ്ഥിരം അടിയായിരുന്നു, അതിനു കൂട്ടുനിന്നത് (partner of crime) ശ്വേതാ എന്ന ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികുട്ടി. പലപ്പോഴും അത് വലിയ വഴക്കിലേക്ക് പോകുമായിരുന്നു, പല മാർഗങ്ങളും നോക്കി, പഠിച്ചപണി പതിനെട്ടും പയറ്റി, പിണങ്ങി ഇരുന്നു നോക്കി, രക്ഷയില്ല. അദ്ദേഹം കൂടുതൽ ഒളിപ്പിക്കാൻ ശ്രമിക്കുംതോറും അറിയാനുള്ള ആഗ്രഹം കൂടിവന്നു.

ഒരുവിൽ ഫോറം വിടുമ്പോഴും ആ അടി ഫേസ്ബുക്കിൽ തുടർന്നു. ഇമോഷണലി ബ്ലാക്‌മെയ്ൽ ചെയ്തുനോക്കി, പിണങ്ങി ഇരുന്നു നോക്കി, ഇനി മിണ്ടുകയേ ഇല്ല എന്ന് പലവട്ടം പറഞ്ഞു നോക്കി. ഒടുവിലെപ്പോഴോ ആ ടോപ്പിക്ക് വിട്ടു. പിണക്കം ചിലപ്പോ മാസങ്ങളോളം നീളും, എന്നാലും ആദ്യം മിണ്ടുന്നതു ഞാൻ തന്നെയായിരിക്കും, തോൽവി സമ്മതിച്ച്. എന്നാൽ ഇതൊക്കെ എന്റെ കള്ള നമ്പറാണെന്നു അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ഇടയ്ക്കിടെ എഫ് ബിയിൽ ഒരു ഹായ് എങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു മിസ് ഫീൽ. ശരിയാ, എല്ലാം എന്റെ ഡ്രാമ മാത്രം, സത്യം അറിയാൻ.

എന്നാൽ പതിനാറു വയസ്സ് ആണെന്ന് തോന്നുന്നു, അച്ഛനെയും അമ്മയെയും ഒരു വർഷത്തിനുള്ളിൽ നഷ്ടപെട്ട അനുഭവം ഒരിക്കൽ ഫോറത്തിൽ ഷെയർ ചെയ്തിരുന്നു. അടുത്ത കാലത്തു sister-in-law & a nephew ക്യാൻസറിന് കീഴടങ്ങിയതും; രണ്ടു വർഷം മുമ്പ് പറഞ്ഞതാണ്. എന്നാൽ ഭാര്യയെ കുറിച്ചോ മക്കളെ കുറിച്ചോ ചോദിച്ചാൽ കള്ള ദേഷ്യം അല്ലെങ്കിൽ മൗനം, അത് തന്നെ ഫോറത്തിൽ ഒരുപാട് പ്രാവശ്യം എല്ലാരേയും ചിരിപ്പിച്ചിട്ടുണ്ട്.

നമ്മുടെ സൗഹൃദത്തെകുറിച്ച് ഒരു വാക്ക്

കഴിഞ്ഞ ഏഴെട്ടു വർഷമായി ഒരുപാട് സഹായങ്ങൾ കിട്ടീട്ടുണ്ട് ചിന്മയയിൽ നിന്നും. ഇംഗ്ലീഷ്, ജനറൽ knowledge , രാഷ്ട്രീയം , എക്കണോമിക്സ്, ഫിനാൻസ് – ഇതിലൊക്കെ എന്ത് സംശയം ഉണ്ടെങ്കിലും ഉത്തരം കിട്ടാൻ മറ്റാരെയും തേടി പോവേണ്ടതില്ല. പല ബംഗാളി കലാകാരന്മാരെ കുറിച്ചെഴുതുമ്പോഴും സംശയനിവാരണത്തിന് അദ്ദേഹത്തെയാണ് ഞാൻ തപ്പിയിറങ്ങുന്നത്. കഴിഞ്ഞ വർഷം ഒരു ഫോക്ക് ഗായികയെ കുറിച്ച് എഴുതാൻ സഹായം തേടിയപ്പോൾ സഹായിച്ചു, അവർ പാടിയ മികച്ച ബംഗാളി ഗാനങ്ങളുടെ ഒരു ലിസ്റ്റും തന്നു.

പേർസണൽ കാര്യങ്ങൾ കുറച്ചൊക്കെ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഒന്നും പറയാൻ ഇല്ലെങ്കിൽ മാസങ്ങൾ കൂടുമ്പോൾ ഒരു ഹായ് പറഞ്ഞു പോവാറുണ്ട്. ഈ ജനുവരിയിലാണ് അവസാനമായി ചാറ്റ് ചെയ്യുന്നത്, അതും ഒരു ഇംഗ്ലീഷ് യൂസേജ് ഡൗട്ട്. പിന്നെ ഒന്ന് രണ്ടു fb പോസ്റ്റുകളിൽ interact ചെയ്തു, മാർച്ച് വരെ. ലോക്ക് ഡൌൺ തുടങ്ങിയപ്പോ ഞാൻ എന്റെ പഴയ സുഹൃത്തുക്കളെ അന്വേഷിച്ചു തുടങ്ങി, എല്ലാരും സുരക്ഷിതരാണോ എന്നറിയാൻ.

വെറുതെ ഒരു ആവലാതി. ഏപ്രിൽ 24 നു എപ്പോഴത്തെയും പോലെ ഒരു ഹായ് മെസ്സേജ് ഇട്ടു, സേഫ് ആണോ എന്ന് ചോദിച്ചു. Response ഇല്ലാത്തപ്പോ മൂന്ന് ദിവസത്തിന് ശേഷം ഒരിക്കൽ കൂടി ആവർത്തിച്ചു. അപ്പോഴും മറുപടി ഇല്ല, പേടിയായി തുടങ്ങി. പിന്നെ FB പോസ്റ്റുകൾ നോക്കിയപ്പോൾ മാർച്ച് മൂന്നാമത്തെ ആഴ്‌ചക്ക് ശേഷം ഒറ്റ പോസ്റ്റ് ഇല്ല. ഓൺലൈൻ സൗഹൃദങ്ങൾ അങ്ങനെയാണ്. ആ ഐഡിയിൽ നിന്നും വരുന്ന ഒരു മെസ്സേജ് മാത്രമാണ് ആ virtual ലോകത്തു നമ്മൾ ജീവിച്ചിരിക്കുന്നതിന്റെ തെളിവ്.

പിന്നെ Boddunan സുഹൃത്തുക്കൾ വഴി അന്വേഷിച്ചു നോക്കി. എഫ് ബി പോസ്റ്റുകൾക്ക് താഴെ കമന്റ് ഇട്ടു തുടങ്ങി, അപ്പോൾ ഇതേ പരിഭ്രാന്തിയോടെ മറ്റൊരു ബംഗാളി പ്രതികരിച്ചു. പിന്നെ ഒരുമിച്ചായി അന്വേഷണം. പക്ഷെ അപ്പോഴേക്കും വേണ്ടാത്ത ചിന്തകൾ ആക്രമിച്ചു തുടങ്ങി. എന്തുകൊണ്ട് അദ്ദേഹം റിപ്ലൈ ഇടാതിരിക്കണം? ഇപ്പൊ ലോക്‌ഡോൺ കാരണം ഇന്റർനെറ്റ് ഇഷ്യൂ ഉണ്ടാവാം എന്ന് സമാധാനിച്ചു. എന്നാലും ആശങ്കകൾ ഏറി വന്നു. ജൂൺ ഒന്നിന് ആ കുട്ടി birthday മെസ്സേജ് ഇട്ടു അദ്ദേഹത്തിന് (എന്റെ പിറന്നാൾ ദിവസം; ഒരു ഐഡിയിൽ അതാണ് birthday . അദ്ദേഹം ഇപ്പോ use ചെയ്യുന്ന ഐഡിയിൽ ഇന്നാണ് birthday – ജൂൺ 10).

ഒരുപാട് പേർ അദ്ദേഹത്തിന്റെ ടൈംലൈനിൽ ആശംസകൾ നിറയ്ക്കുന്നുണ്ട്. ഞാനും ബംഗാളിലെ മറ്റേ കുട്ടിയും കൂടെ interact ചെയ്ത പോസ്റ്റിനു താഴെ ഒരു കമന്റ് വന്നു…. “ചിന്മയ് മരിച്ചുപോയി ഏപ്രിൽ 25 നു”. വാക്കുകൾ ഇല്ലായിരുന്നു എനിക്ക്, പേടിച്ച എന്തോ സംഭവിച്ചപോലെ. ഞാൻ അന്ന് ചിന്മയ്ക്ക് മെസ്സേജ് ഇട്ടതിന്റെ അടുത്ത ദിവസം, ഏപ്രിൽ 25! എങ്ങനെയാ എനിക്ക് അറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന്. അങ്ങ് ബംഗാളിൽ ഇരിക്കുന്ന അദ്ദേഹവും ഇവിടെ കേരളത്തിൽ ഇരിക്കുന്ന ഞാനും തമ്മിൽ ആകെയുള്ള ആശയവിനിമയം കീബോർഡിൽ കൂടെ പറയുന്ന വാക്കുകളാണ്, ഫോൺ നമ്പർ അറിയില്ല, ഒരിക്കൽ പോലും വിളിച്ചിട്ടില്ല, ശബ്ദം കേട്ടിട്ടില്ല, കണ്ടിട്ടില്ല. അത് നമ്മുടെ സൗഹൃദത്തിന്റെ അദൃശ്യചരട് എന്ന് വിശ്വസിക്കാനാണ് ഇന്ന് ഇഷ്ടം, പലതും മുൻകൂട്ടി അറിയുന്നത്. അദ്ദേഹം ജ്ഞാനിയായ കാരണം ഫോണിൽ സംസാരിക്കാൻ തോന്നിയിട്ടില്ല, അദ്ദേഹം നല്ല ഇംഗ്ലീഷ് പണ്ഡിതൻ, ഉള്ള വില പോകുമോ എന്ന പേടി. പക്ഷെ ഇന്ന് മനസിലാക്കുന്നു, അത് എത്ര വലിയ അബദ്ധം ആയിരുന്നു എന്ന്.

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലലോ അദ്ദേഹം ഇത്ര പെട്ടെന്ന് യാത്രയാവുമെന്ന്. എട്ടര വർഷത്തെ സൗഹൃദമാണ്, ഒരു സപ്പോർട്ട് എന്ന ഫീൽ, എന്ത് സംശയം ചോദിച്ചാലും ഒരു പണ്ഡിതൻ പോക്കറ്റിൽ ഉണ്ടെന്ന അഹങ്കാരം…. എല്ലാം എനിക്ക് നഷ്ടമായത് ചില നിമിഷങ്ങൾ കൊണ്ട് മാത്രം. പിന്നീട് ഞാൻ ആ വ്യക്തിയുമായി സംസാരിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കി. ഒരു മാസം മുമ്പ് കാൻസർ ഉണ്ടെന്നു അറിഞ്ഞു, എന്നാൽ സീരിയസ് അല്ലായിരുന്നു. പക്ഷെ ഇത് ഹൃദയാത്ഘാതം. ഏറ്റവും വേദന തന്ന കാര്യം ലോക്‌ഡോൺ കാരണം നല്ല ചികിത്സ കിട്ടിയില്ല. ആശുപത്രികളിൽ ഡോക്ടർസ് പലരും ഇല്ല. അല്ലെങ്കിൽ ഉറപ്പായും അദ്ദേഹം ലോകത്തേക്ക് തിരിച്ചു വരുമായിരുന്നു.

ഈ നശിച്ച കോവിഡ് മുറിച്ചുകളഞ്ഞത് എന്റെ നല്ലൊരു സൗഹൃദത്തെ, ഒരു നല്ല ഗൈഡിനെ, ഒരു നല്ല ഫിലോസഫറെ. വർഷങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യവും ആ വ്യക്തി പറഞ്ഞു, ഒരു ഡിഗ്രി വിദ്യാർത്ഥിയാണ്. അദ്ദേഹത്തിന്റെ സഹോദരിയുടെ പേരകുട്ടിയാണ്. ചിന്മയ് ജീ അവിവാഹിതൻ ആയിരുന്നു. 61 വയസ്സ് ആയിരുന്നു. രണ്ടു ചേട്ടന്മാരും ഒരു അനുജനും ഉണ്ട്, പിന്നെ നാല് അനിയത്തികൾ. മുറയ്ക്ക് അപ്പൂപ്പൻ ആയിരുന്നെങ്കിലും അവർ റിയൽ ലൈഫിൽ സുഹൃത്തുക്കൾ ആയിരുന്നത്രേ, അത്ര close. അദ്ദേഹത്തിന്റെ മരണം അവരും പ്രതീക്ഷിക്കാത്ത സമയത്തു കടന്നു വന്നതാണ്. അവർക്കും അതൊരു ഷോക്ക് ആയിരുന്നു എന്ന്.

ഞാൻ എന്ത് പറയാനാ ചിന്മയ് ജീ… ഞാൻ എത്ര വർഷങ്ങൾ ആയിട്ട് ആഗ്രഹിച്ചതാണ് അങ്ങയെകുറിച്ച് കൂടുതൽ അറിയാൻ, കുടുംബത്തെ കുറിച്ചറിയാൻ. പക്ഷെ അങ്ങോരിക്കലും തയ്യാറായില്ല. ഇപ്പൊ ഞാൻ അങ്ങയെകുറിച്ചറിഞ്ഞപ്പോൾ കുടുംബത്തിലെ ഒരു വ്യക്തിയോട് നേരിട്ട് സംസാരിച്ചപ്പോൾ അങ്ങ് നമ്മളെ വിട്ടു എത്രെയോ കാതം നടന്നു നീങ്ങി. അങ്ങ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ അങ്ങയുടെ കുടുംബത്തിലെ ഒരംഗത്തോട് സംസാരിച്ചു രഹസ്യങ്ങൾ ചോർത്തിയിട്ട് പിറന്നാൾ ദിവസം അങ്ങയെ ഞെട്ടിച്ചേനെ…. പക്ഷെ അങ്ങ് പിറന്നാൾ ദിവസം എത്ര വലിയ വേദനയാണ് ഞങ്ങൾക്ക് തന്നത്. ഞങ്ങളെ ഞെട്ടിച്ചില്ലേ? ഇനിയൊന്നും മടക്കി കിട്ടില്ലല്ലോ !!

2018 കേരളം പ്രളയത്തിൽ മുങ്ങിനിൽക്കുന്ന സമയത്താണ് ഗുൽഷൻജിയുടെ മരണവാർത്ത അദ്ദേഹം എന്നെ അറിയിക്കുന്നത്. ഒപ്പം പെയിന്റർ ബാബുവിന്റെയും, ഗുൽഷൻജിയുടെ മരണം പോലും ഇതുവരെ മനസ്സ് accept ചെയ്തിട്ടില്ല, ഇന്നും ആ മുറിവുണങ്ങീട്ടില്ല. അപ്പോഴാണ് ഒന്നും പറയാതെ അദ്ദേഹവും യാത്രയാവുന്നത്!! എന്നും ഒരു ‘Mystery Man’ ആയി നിന്നൊരു വ്യക്തി. ആർക്കും പിടികൊടുക്കാത്ത സ്വഭാവം. അവസാന നിമിഷം വരെയും അദ്ദേഹമത് കാത്തുസൂക്ഷിച്ചു.

അദൃശ്യനായി അങ്ങകലെ നിന്നുകൊണ്ട് എന്നെ അഗാധമായി സ്വാധീനിച്ച വ്യക്തിത്വം

വളരെ കുറച്ചു നാളെങ്കിലും ആ ഫോറം ദിനങ്ങൾ സന്തോഷത്തോടെയാണ് ഓർത്തിരുന്നത്, എന്റെ ജീവിതത്തിലെ സുവർണകാലം എന്നാണ് വിശേഷിപ്പിക്കുന്നത്, ഒരിക്കലും മടങ്ങി വരാത്ത ഒരു സുന്ദരകാലം. എന്നാൽ ഗുൽഷൻജിയിൽ വന്നു നിൽക്കുമ്പോൾ ഒരു വിതുമ്പൽ. ഇനിയിപ്പോ ആ സുന്ദര സ്വപ്നവും എന്നെന്നേയ്ക്കുമായി അസ്തമിക്കുകയാണ്, ഇനിയൊരിക്കലും സന്തോഷത്തോടെ ആ ദിനങ്ങൾ ഓർത്തെടുക്കാൻ ആവില്ല. അത്രയ്ക്ക് വലിയ ഒരു ശൂന്യതയാണ് ഇപ്പോൾ തോന്നുന്നത്. എനിക്കിത് സഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം. പിന്നെ അങ്ങ് ഏതു ലോകത്തിരുന്നാലും ഞാൻ ഈ എഴുതുന്നത് വായിക്കണമെന്ന ബാലിശമായ ആഗ്രഹവും !!!

ജീവിതത്തിൽ നമ്മളെ വളരെ ആഴത്തിൽ സ്വാധീനിക്കുന്ന വ്യക്തികൾ വളരെ വിരളമാണ്, കൈപ്പിടിയിൽ ഒരു കുമ്പിലോളം ഉണ്ടാവും. എന്നെ ആഴത്തിൽ സ്വാധീനിച്ച അഞ്ചു വ്യക്തികളുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും ഇവർ രണ്ടു പേരും ഉണ്ട്, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവർ, സംസാരിച്ചിട്ടില്ലാത്തവർ. ആകെ ഉള്ളത് ഒരു പ്രൊഫൈൽ പിക്ചർ, പിന്നെ അർത്ഥവത്തായ കുറച്ചു വാക്കുകളും. രണ്ടുപേരോടും സംസാരിക്കണമെന്നും നേരിൽ കാണണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു…. ആ ആഗ്രഹം എന്നേയ്ക്കുമായി ബാക്കി വച്ചു അവർ രണ്ടാളും പോയി! ഒരുപക്ഷെ മറ്റൊരു ലോകത്തു അവരൊരുമിച്ചു പണ്ടത്തെപ്പോലെ സംവാദങ്ങളിൽ മുഴുകി ഇരിക്കുന്നുണ്ടാവാം!

ഇന്ന് ഞാൻ വർഷങ്ങൾക്ക് ശേഷം Boddunan ഫോറത്തിൽ കേറി, ചിന്മയ് ജിയെ കുറിച്ച് പറയാനാണ്, ശപഥം തെറ്റിച്ചുകൊണ്ട്. അദ്ദേഹത്തെപറ്റി ഞാൻ രണ്ടു വാക്കു പറഞ്ഞില്ലെങ്കിൽ ആര് പറയാൻ. അത് നമ്മുടെ പഴയ സുഹൃത്തുക്കൾക്കെല്ലാം അറിയാം… നമ്മളുടെ ആഴത്തിലുള്ള സൗഹൃദത്തെ. ഇനി പലപ്പോഴും ഞാൻ അദ്ദേഹത്തെ മിസ് ചെയ്യും, പഴയ ദിനങ്ങൾ ഓർക്കുമ്പോൾ, ഒരു ഹായ് പറയാൻ തോന്നുമ്പോൾ, പിന്നെ ഇംഗ്ലീഷ് സംശയങ്ങൾ വരുമ്പോൾ…. ഉറപ്പാണ്, ഞാൻ ഇനി തുടങ്ങേണ്ടത് പുതിയ ഒരു യാത്രയാണ്, അപരിചിതമായ വഴിയിലൂടെ. ഞാൻ എഴുത്തു തുടങ്ങിയ നാൾ മുതൽ സീം കൂടെയുണ്ടായിരുന്നു, ഏതു സഹായവും നൽകികൊണ്ട്. ഇനി അങ്ങോട്ട് എങ്ങനെ… അറിയില്ല…. അറിയിലൊന്നും!!!

അദ്ദേഹത്തിന്റെ ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്തു അവസാനിപ്പിക്കുകയാണ്….

When the Foot was set Upon Boddunan
Sign-posts,Milestones,Peaks? None!
Quest For Pleasure and Good Company
No Hunger For Name,Fame or Honey,
Into This Beautiful Wondrous Trail
My Ship is on Course,Setting its Sail,
Cruising on Exploring the Vast Sea
Of Human Existence With You and Me!!
Bowing My head To Your Effusive Love
The Ultimate One Can Hope to Have!
The Garden of Boddunan Wears A Look
Of Rainbow Colors of An Artist’s Book,
One of those Gardeners, I Do Wonder
Was It Ever I dreamed in My Slumber!!
Many Saplings As They Were,Quietly Grew
Into Trees Of Majestic Heights Before I Knew”

ജീവിതത്തിൽ വളരെ കുറച്ചു വ്യക്തികൾക്ക് മാത്രമേ നമ്മളെ അഗാധമായി സ്വാധീനിക്കാൻ കഴിയുകയുള്ളു. അതൊരിക്കലും നേരിട്ട് കണ്ടിട്ടുള്ള വ്യക്തി ആകണമെന്നില്ല, സമപ്രായക്കാർ ആവണമെന്നില്ല, നമ്മുടെ ഭാഷ സംസാരിക്കുന്ന ആൾ ആവണമെന്നില്ല. അവർ അങ്ങനെയാണ്. എവിടെപ്പോയാലും മനുഷ്യരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു അവസാനം ഒരുപാട് കരയിപ്പിച്ചു മടങ്ങും. ബംഗാൾ ടൈഗർ എന്ന് ഞാൻ വിളിച്ചിരുന്ന പ്രിയപ്പെട്ട ചിന്മയ് മുഖർജീ. അങ്ങയെ വർണിക്കാൻ എനിക്ക് വാക്കുകൾ തികയില്ല. പിറന്നാൾ ദിവസം ഇത്ര വേദനാജനകമായ വാർത്ത തന്നു എന്നെ കരയിപ്പിച്ചു കളഞ്ഞു. ഗുരുസ്ഥാനത്തുള്ള അങ്ങയെ പോലെയൊരു വ്യക്തിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ല….എന്നെ ഒരുപാട് ചിരിപ്പിച്ച, ചിന്തിക്കാനും എഴുതാൻ പ്രോത്സാഹിപ്പിച്ച അങ്ങേയ്ക്ക് ഒരുപാട് നന്ദി. അങ്ങയെ കുറിച്ച് ഇത്രയുംകാലം ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും ഒരു കുടുംബ അംഗത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് ഭാഗ്യമായി കരുതി ആശ്വസിക്കാൻ ശ്രമിച്ചോട്ടെ . നിർത്തുന്നു.

(Visited 119 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

2 Responses

  1. Ramakrishnan Appakkad says:

    ഹൃദയസ്പർശിയായ അനുസ്മരണം.
    ചിൻമയ് മുഖർജി – ഞാൻ വളരെ സ്നേഹബഹുമാനത്തോടെ കണ്ടിരുന്ന, ഇംഗ്ലീഷ് ഭാഷയിൽ അഗാധ പാണ്ഡിത്യമുള്ള, ഒരു അസാമാന്യ വ്യക്തിത്വം.
    ചിലരങ്ങിനെയാണ്, അദൃശ്യരായി അകലെയിരുന്നു കൊണ്ട് അഗാധമായി നമ്മെ സ്വാധീനിക്കുന്നു, ആകസ്മികമായി നമ്മെ വിട്ടുപോകുന്നു.
    പ്രണാമം ചിന്മയ് ജി…

    • സന്ധ്യ says:

      U really missed those days….
      സാർ ആ സമയത്തു ഉണ്ടായിരുന്നെങ്കിൽ മലയാളികൾ ആയ നമ്മളൊരുമിച്ചു തകർത്തേനെ ….
      സാർ പറഞ്ഞ ഓരോ വാക്കും സത്യമാണ്….. മുഴുവൻ വായിച്ചുവോ? അൽപ്പം നീളം കൂടിപ്പോയി, എഴുതിവന്നപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

error: