ചില തോന്നലുകൾ
“സത്യം പറഞ്ഞാൽ ഞാനിപ്പോഴും 21 വയസ്സുള്ള പെൺകുട്ടിയാണ്. അവിടെ നിന്നും കാലം ഒരു വ്യാഴവട്ടം മുന്നോട്ട് നടന്നിട്ടും, അവിടെനിന്നും ചലിച്ചിട്ടില്ല എന്റെ മനസ്സ്. ഒരുപക്ഷെ കാലം എനിക്കായ് അപ്പോൾ കരുതി വച്ചിരുന്ന എന്തോ ഒന്ന് കിട്ടാത്തതിനാൽ, അതും പ്രതീക്ഷിച്ച് അവിടെ തങ്ങിയതാവാം എന്റെ മനസ്സ്”
“നടന്നകന്ന കാതമത്രയും
തിരികെ സഞ്ചരിച്ചൊരുനാൾ
എന്റെ മുന്നിൽ വന്നു നീ നിൽക്കും
അപ്പോൾ കണ്ണുകളിൽ ബാധിച്ച വാർദ്ധക്യവും
കാലം സമ്മാനിച്ച ജടനരകളുമായ്
ഞാൻ നിന്നെ നോക്കും
ജയിച്ചുവോ തോറ്റുവോ എന്നുപോലും
വേർതിരിച്ചറിയാനാവാതെ “
“പ്രായംകൂടിയോ എന്നിപ്പോൾ ശങ്കിക്കുന്നവർ പത്തു വർഷങ്ങൾക്കപ്പുറം പറയും, “ഞാൻ അന്ന് എത്ര ചെറുപ്പമായിരുന്നു!”. എപ്പോഴും ഇന്നത്തെ നിമിഷങ്ങളാണ് നാളെത്തെതിനേക്കാൾ സുന്ദരം”
“ഈ ലോകം വിട്ടു പോകുമ്പോൾ എന്തെങ്കിലും നൽകിയിട്ട് പോകാൻ എനിക്കാവണം, എന്റേതായ എന്തെങ്കിലും ഒരു സംഭാവന. ഒന്നിനും കഴിഞ്ഞില്ലെങ്കിലും കുറച്ച് എഴുത്തുകളെങ്കിലും ബാക്കി ഉണ്ടാവും.”
“മിഴികൾ മയങ്ങി പോകും സ്വപ്നങ്ങൾ കാണണം
ആ സ്വപ്നങ്ങളിൽ വീണു മയങ്ങാൻ ഒരു രാത്രിയും ജനിക്കണം”
“എത്ര കഠിനാധ്വാനം ചെയ്താലും ഒരു ചെറിയ അംശമെങ്കിലും നഷ്ടമാവാതെ ഇരിക്കില്ല. നമുക്ക് വിധിച്ചിട്ടുള്ളത് എന്തായാലും നമുക്ക് തന്നെ കിട്ടും എന്ന് സമാധാനപ്പെടാൻ പഠിക്കണം”
“ഒന്ന് നോക്കിയാൽ ഒന്നും എഴുതാത്ത വർണങ്ങളില്ലാത്ത കടലാസുപോലുള്ള ജീവിതം നല്ലതാ…നമുക്കിഷ്ടമുള്ള വർണങ്ങളും ചിത്രങ്ങളും ഇഷ്ടമുള്ള രീതിയിൽ കോറിയിടാമല്ലോ”
“ഇരുകണ്ണറിയാതെ ഉറങ്ങാൻ കഴിയുമോ?”
“മരണ ശേഷം നക്ഷത്രങ്ങളായ് ജീവിക്കുന്ന കഥകളെ കുറിച്ചും സങ്കൽപ്പങ്ങളെ കുറിച്ചും ഒരുപാട് കേൾക്കാറുണ്ട്. വരും ദിനങ്ങളെകുറിച്ചോ ഭാവിയെകുറിച്ചോ നിശ്ചയമില്ല! ജീവിച്ചിരിക്കുന്ന കാലം ഈ ഭൂമിയിൽ ഒരു കുഞ്ഞുനക്ഷത്രമായ് ജീവിച്ചുമരിക്കാനാണ് ഇഷ്ടം, എന്നിലെ ചൈതന്യം മറ്റുള്ളവർക്ക്കൂടി സമ്മാനിച്ചുകൊണ്ട്. ഒരു കുഞ്ഞുനക്ഷത്രത്തിന്റെ സംഭാവനകൾ ലോകത്തിനു നൽകിയശേഷം വിടവാങ്ങണം….. അതിനുകഴിയും എന്നുറച്ചു വിശ്വസിച്ചു ജീവിക്കണം”
“നീ മറന്ന പലതും എന്റെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടാവാം, ഞാൻ മറക്കാൻ ശ്രമിച്ച പലതും നിന്റെ ഓർമകളിലും….”
Recent Comments