എഴുത്തുകാരനും വാക്കുകളും
“നല്ല എഴുത്തുകളിലൂടെ മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും”
“ഒരു എഴുത്തുകാരന്റെ ആത്മാവ് ആണ് അയാളുടെ വരികൾ….”
“ഒരു എഴുത്തുകാരന്റെ വേദനയിൽ ജനിക്കുന്ന കുഞ്ഞാണ് അവന്റെ വരികൾ. മോഷ്ടിക്കുന്നവർ അറിയില്ല പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആവില്ല, ആ കുഞ്ഞുകണ്ണുകൾ വിതുമ്പുമ്പോൾ കണ്ണുനീർ തുടയ്ക്കാനും”
“ഒരു അമ്മയിൽനിന്നും പിടിച്ചുപറിക്കുന്ന കുഞ്ഞ് വിതുമ്പുന്നുണ്ടാവാം, വിതുമ്പി നിൽക്കും താരകത്തെപോലെ……” – മോഷ്ടിക്കപ്പെടുന്ന വാക്കുകൾ
“എഴുതിക്കഴിയുമ്പോൾ അവസാനിക്കുന്നതല്ല ഒരു എഴുത്തുകാരനും വരികളും തമ്മിലുള്ള ബന്ധം. അദൃശ്യമായ പൊക്കിൾകൊടിയിലൂടെ ജന്മജന്മാന്തരങ്ങളായി അവർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു”
“വാക്കുകളിൽ തെളിയണം മനസ്സിന്റെ നൊമ്പരം, കണ്ണുനീർ തുള്ളിയിലല്ല
വാക്കുകൾ മനസ്സിന്റെ ശക്തി വിളിച്ചു പറയുമ്പോൾ
കണ്ണുനീർ മനസ്സിന്റെ ദൗർബല്യത്തേയും”
“നല്ല രീതിയിൽ വെള്ളവും വളവും വെട്ടവും കിട്ടാതെ കൊഴിഞ്ഞുപോകുന്ന അനേകായിരം മുകുളങ്ങൾ ഉണ്ട്. അതുപോലെയാണ് നല്ല ചില എഴുത്തുകളും പല പ്രതിഭകളും”
“പുതുമകളിലേക്കുള്ള സഞ്ചാരങ്ങളാണ് ഒരു എഴുത്തുകാരന് വരികളിൽ പുതിയ തലങ്ങൾ നൽകുന്നത് “
“കീ ബോർഡും കീ പാഡ് വഴിയും നമ്മൾപോലുമറിയാതെ നമ്മുടെ മനസ് പലവഴികളിൽ സഞ്ചരിക്കും. കുറച്ചെങ്കിലും അത് വായനക്കാരന് വായിച്ചെടുക്കാം …ശ്രമിച്ചാൽ “
“നിങ്ങൾ ആദ്യം എഴുതിയ കവിത എന്തിനെ കുറിച്ചായിരുന്നു? ഒന്ന് ഓർത്തു നോക്കിയേ….
ആറാം ക്ലാസ് കഴിഞ്ഞ വേനലവധിക്കാണ് ഞാൻ ആദ്യകവിത എഴുതിയത്. വേനൽമഴ കണ്ടപ്പോൾ മഴയെക്കുറിച് 8 വരി”
“കാവ്യാത്മകമീ ജീവിതം
മനസ്സാൽ കുറിക്കുന്ന ഈരടികളിൽ….. ”
“എനിക്കിഷ്ടമാണ് വാക്കുകളെ പ്രണയിക്കുവാൻ. “
“വാക്കുകളുടെ ലോകത്തിൽ ഒളിച്ചു ജീവിക്കുന്ന ഞാൻ “
“ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടുമാത്രം കൊഴിഞ്ഞു പോവുന്ന പല പ്രതിഭകൾ “
“പ്രണയം വിട്ട് പലവഴികളും സഞ്ചരിച്ചു തുടങ്ങുമ്പോഴാണ് ഒരു എഴുത്തുകാരൻ വളരുന്നത്.”
“ചിന്തകൾ നടക്കുന്ന വഴികളിലാണ് വാക്കുകൾ നിൽക്കുന്നത് “
“ചില വരികൾ ഇഷ്ടമാവുന്നത് അവ ഏറ്റവും മികച്ചവ ആയതുകൊണ്ടല്ല, മറിച്ച് സ്വന്തം ജീവിതമായ് ഏതെങ്കിലുമൊരു കണ്ണിയിൽ ബന്ധിക്കാനാവുന്നതുകൊണ്ട്. അതുപോലെ ചില മനുഷ്യർ “
“വാക്കുകളിൽ നിന്നളന്നെടുക്കാം കാലാന്തരങ്ങളായി ബന്ധങ്ങളിൽ കൈവന്ന ഋതുഭേദങ്ങളും രൂപമാറ്റങ്ങളും”
“പ്രതികരണം ഭയന്ന് കുഴിച്ചുമൂടപ്പെടുന്ന അനേകായിരം ആശയങ്ങളും സത്യങ്ങളും”
“വാക്കുകൾക്ക് വാളിനേക്കാളും മൂർച്ചയുണ്ടെന്നാണ് പറയാറ്…..എന്നാൽ മിഴികളാൽ പറയുന്ന മൗനഭാഷകൾക്ക് വാക്കുകളേക്കാൾ ശക്തിയുണ്ട് സ്വാധീനമുണ്ട്… എത്ര ദൃഢമായ മനസ്സിനെ കൊണ്ടും എന്ത് ചെയ്യിക്കാനുള്ള മാസ്മര ശക്തിയും കഴിവും!!! “
“മറ്റുള്ളവരെ ബോധിപ്പിക്കാൻ, അവരുടെ പ്രീതി സമ്പാദിക്കാൻ
ഒരിക്കലും എഴുതരുത്…..
അവിടെ ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം നഷ്ടമാവുകയാണ്
എഴുത്തുകാരന്റെ ദുഃസ്വാതന്ത്ര്യം എന്ന് പഴികേൾക്കേണ്ടി വന്നാലും….
മനസ്സിൽ തോന്നുന്നത് മനസ്സിന്റെ ഭാഷയിൽ കോറിയിടുക
വായനക്കാർ ഉണ്ടാവും…..”
“വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത നിമിഷങ്ങളിൽ
മൗനത്തിന് വാക്കുകളേക്കാൾ അർഥമുണ്ട്….
ലോകത്തൊരു ഭാഷയിലും കണ്ടെത്താനാവാത്ത
നിഗൂഢമായ അർഥങ്ങൾ… അക്ഷരങ്ങൾ….
വാക്കുകൾക്ക് എല്ലാ മനുഷ്യവികാരങ്ങളെയും –
കുറിക്കുവാൻ കഴിയില്ല….. പറയുവാൻ കഴിയില്ല……”
Image source: Pixabay
Recent Comments