അവസാനത്തെ ഇല
സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം
സർവ സുമംഗലിയായ നേരം
ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ്
നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്.
ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു
ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു
മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു
വേനലും വന്നെത്തി പോയിരുന്നു.
കണ്ടു രണങ്ങൾ പലതുമിവിടെ
കണ്ടു സൗഹൃദ ബന്ധങ്ങളെ
തണലിൽ രമിച്ചു യുവമിഥുനങ്ങൾ
പലവഴി പിരിഞ്ഞു അവരിൽ ചിലർ
ഋതുക്കളും വന്നു ഋതുഭേദവും കണ്ടു
മുകുളങ്ങൾ പൂക്കളായ് കൊഴിഞ്ഞിരുന്നു…..
ബാല്യത്തിൻ കൊഞ്ചലും കേട്ടിരുന്നു.
കൂടണഞ്ഞ പക്ഷികൾ അകന്നു പല ദിക്കിലും
കൂടുകൾ മാത്രമോ ബാക്കിയായി!!
ഒപ്പം ബാക്കിയായ് ഞാനീ ഒരില മാത്രം
കാറ്റും മൂകയാം ഏകാന്തതയും.
പ്രായാധിക്യം തളർത്തിയില്ലിതുവരെ
പക്ഷെ കാലമോ എന്നെയും കൈയൊഴിഞ്ഞു.
എപ്പോൾ വിരിയും തനിക്കായ് ആ ശിശിരം
ശേഷിച്ചൊരില ദാ, യാത്ര ചോദിക്കയായ്!!!
Image source: Pixabay
Recent Comments