അദ്ധ്യായം 5 – മീരയുടെ ഓഫീസിൽ ഒരു ദിനം

 
അടുത്ത ദിവസം അവൾ നേരത്തേ എണീറ്റു. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അമ്മിണിയമ്മ പ്രാതൽ തയ്യാറാക്കി കഴിഞ്ഞിരുന്നു. അമ്മിണിയമ്മ – അവരെ അമ്മുവേട്ടത്തി എന്നാണ് മീര വിളിക്കാറ്. സഹായത്തിനായി നാട്ടിൽനിന്നും കൊണ്ടുവന്നതാണ്. 40 വയസ്സ് കഴിഞ്ഞുകാണും. ഭർത്താവ് നേരത്തേ മരിച്ചുപോയി. ഒരു മകനുണ്ട്. ഗൾഫിലാണ്, ചെറിയ ഏതോ ജോലി. ഇടയ്ക്കിടെ കാശ് അയച്ചുകൊടുക്കാറുണ്ട്. നാട്ടിലായാലും ഒറ്റയ്ക്കാണ്, അതുകൊണ്ടാണ് അവരെ കൂടെ കൊണ്ടുപോന്നത്. വിശ്വസ്തയാണ്, സഹായത്തിന് ആളുമായി. നാട്ടിലേക്ക് അവർ ഒരുമിച്ചതാണ് പോവാറ്.
 
അവൾ അന്ന് നേരെത്തെയിറങ്ങി. ‘ആ ഫയൽ ഇന്ന് വൈകുന്നേരത്തിനു മുമ്പ് കംപ്ലീറ്റ് ചെയ്യണം’, അവൾ മനസ്സിൽ കുറിച്ചിട്ടു. ചിലപ്പോൾ താമസിച്ചേക്കാം എന്ന് അമ്മുവെട്ടത്തിയോട് പറഞ്ഞശേഷമാണ് അവൾ ഇറങ്ങിയത്. ബസ് സ്റ്റോപ്പിൽ അധികം തിരക്കുണ്ടായിരുന്നില്ല.
 
ഓഫീസിൽ എത്തിയപ്പോൾ മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ഒന്നുരണ്ടുപേരോട് കുശലം പറഞ്ഞശേഷം അവൾ അവളുടെ സീറ്റിൽ ചെന്നിരുന്നു. മേശപ്പുറത്ത് അവളെ കാത്ത് ആ ഫയൽ ഇരിപ്പുണ്ടായിരുന്നു. അവൾ വേഗം പണി ആരംഭിച്ചു. മനസ്സ് മറ്റെവിടെയോ ആണ്. ഒന്നിനോടും ഇല്ല ഒരു താത്പര്യം. ജീവിതമേ വെറുത്തു. എന്നാലും, ചെയ്യാനുള്ള കടമകൾ ചെയ്തല്ലേ പറ്റൂ.
 
ഒരു ഇടത്തരം സ്ഥാപനമായിരുന്നു അത്. 20-25 ജീവനക്കാർ, അത്രയേ ഉള്ളൂ. കൂടുതൽപേരും അടുത്ത് നിന്ന് വരുന്നവരാണ്. അവളെപോലെ തങ്ങുന്നവരുമുണ്ട്. സൗഹൃദത്തിന്റെ അന്തരീക്ഷമുള്ള അവിടെ കൊച്ചുവർത്തമാനങ്ങളും പൊട്ടിച്ചിരികളും പതിവാണ്, മാത്രമല്ല മിഠായി വിതരണവും. മധ്യവയസ്കരായിരുന്നു കൂടുതൽ. അവരുടെ ഇടയിൽ സൗമ്യമായ പെരുമാറ്റമായിരുന്നു മീരയുടേത്. അതിനാൽ എല്ലാർക്കും അവളെ വലിയ കാര്യമായിരുന്നു. മുതിർന്നവർക്ക് ഒരു ചെറിയ കുട്ടിയോടുള്ള വാത്സല്യമുണ്ട് അവളോട്. എല്ലാരും അവൾക്ക് സുഹൃത്തുക്കൾ തന്നെ.  
 

കുറച്ച് കഴിഞ്ഞ്, “ഗുഡ് മോർണിംഗ്”.

അവൾ മുഖമുയർത്തി നോക്കി, പ്രസാദാണ്. ഇവിടെ, മീരയുടെ ഏറ്റവും നല്ല സുഹൃത്ത്. സമപ്രായക്കാരനാണ്. ഒരു നല്ല സുഹൃത്ത് എന്നതിലുപരി നല്ലൊരു സാഹിത്യകാരനും നിരൂപകനുമാണ്. പ്രായത്തിൽ കവിഞ്ഞ അറിവ്, അത് വായനാശീലത്തിലൂടെ നേടിയെടുത്തതാണ്. ജീവിതത്തോടുള്ള സമീപനം, ആദർശങ്ങൾ, തത്ത്വശാസ്ത്രം – ഇവയെല്ലാമാണ് മീരയെ അയാളിലേക്കടുപ്പിച്ച സ്വഭാവ വിശേഷങ്ങൾ. നാം പകലിനെക്കുറിച്ച് പറഞ്ഞാൽ പ്രസാദ് ചിന്തിക്കുന്നത് രാത്രിയെക്കുറിച്ചായിരിക്കും. നാം എന്തുപറഞ്ഞാലും അത് തെറ്റാണെന്ന് പറഞ്ഞ് സമർത്ഥിച്ച് ജയിക്കാൻ വേണ്ടുന്ന പാടവം അയാൾക്കുണ്ടായിരുന്നു. തർക്കം അയാൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വിനോദമാണ്.

 

“ഗുഡ് മോർണിംഗ്”, പുഞ്ചിരിച്ചുകൊണ്ട് മീര മറുപടി നൽകി.

“രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നല്ലോ. എവിടെ ആയിരുന്നു?”

“സുഖമില്ലായിരുന്നു, ഒരു ചെറിയ പനി”.

“ഇപ്പോൾ എങ്ങനെയുണ്ട്?”

“സാരമില്ല”.

“ഇന്നെന്താ നേരത്തേ?”

 

“സ്ഥിരം ഏർപ്പാട് തന്നെ, ഒരു എക്സ്ട്രാ ഫയൽ. മടുത്തു ഞാൻ, കുറെ ആയി സഹിക്കുന്നു.”

“അല്ലെങ്കിലും സഹിക്കാനുള്ള കഴിവ് മീരയ്‌ക്കൽപ്പം കൂടുതലാ. അതുകൊണ്ടാണല്ലോ, അത്യാവശ്യമായ ജോലികളെല്ലാം ഇയാളെ തന്നെ ഏൽപ്പിക്കുന്നത്. പരാതി പറയാതെ ചെയ്തുകൊടുക്കുമെന്നറിയാം. അതൊക്കെ പോട്ടേ. ഞാൻ ഇങ്ങനെ സംസാരിച്ച് നിന്നാൽ വൈകുന്നേരമായാലും തീരില്ല, അറിയാമല്ലോ. ഞാൻ തൽക്കാലം പോട്ടേ. എനിക്കും കുറച്ച് പണി ചെയ്ത് തീർക്കാനുണ്ട്. വൈകുന്നേരം ഒരുമിച്ചിറങ്ങാം.” 

വൈകുന്നേരം മീര ആ ഫയൽ മേശപ്പുറത്ത് വച്ചു. മേലുദ്ദ്യോഗസ്ഥന്റെ പ്രസന്ന ഭാവം കാണണമായിരുന്നു. അവൾ അതൊന്നും ഗൗനിച്ചില്ല.

“മീരയുടെ അസുഖം ഭേദമായില്ലേ?”

“ഉവ്വ്”

ഏതോ ഒരു കടമ ചെയ്ത ഭാവം മാത്രമായിരുന്നു അപ്പോൾ അവളുടെ മുഖത്ത്.

(Visited 38 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: