അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി

 
പതിവിൻ പടി ജനാലയ്ക്കരികിൽ ഇരിക്കുന്നു മീര. ചുണ്ടിൽ കേട്ടുമറന്ന ഏതോ പാട്ടിന്റെ ഈണം. മഴ തിമിർത്തു പെയ്യുന്നു പുറത്ത്. പാതി തുറന്നിട്ട ജനാലയിലൂടെ മഴത്തുള്ളികൾ അകത്തേയ്ക്ക് തെറിക്കുന്നു. പണ്ടുമുതലേ മഴ അവൾക്കൊരു ഹരമാണ്, സഖിയാണ്, മറ്റെന്തൊക്കെയോ ആണ്. പെട്ടെന്നാ കാഴ്ച അവളുടെ മുന്നിൽ തെളിഞ്ഞു വന്നു.
 
മൂന്നു കുട്ടികൾ അതാ മഴയത്ത് നിന്ന് കളിക്കുന്നു. മഴ എന്ന് കേട്ടാൽ അവർക്ക് ഉത്സവമാണ്, ഉത്സാഹമാണ്, മറ്റെന്തൊക്കെയോ ആണ്. അവൾ തിരിച്ചറിഞ്ഞു – അവളുടെ കുട്ടിക്കാലം. കടലാസ്സ് തോണികളുണ്ടാക്കി അവർ വെള്ളത്തിൽ ഒഴുക്കുന്നു, പരസ്പരം വെള്ളം തെറിപ്പിക്കുന്നു. ആരുടെയോ ശബ്ദം കേൾക്കുന്നുവല്ലോ…..
 
“ഗോപികേ, അപ്പൂ, അകത്തു കയറുന്നുണ്ടോ? എന്റെ കയ്യിൽനിന്നും തല്ലു വാങ്ങേണ്ട കേട്ടോ. ഇതാരാ! മീരയും ഉണ്ടല്ലോ.”
 
മൂത്തകുട്ടി ആയതിനാൽ പക്വത ഉണ്ട് എന്നാണ് മീരയെ കുറിച്ച് പൊതുവേയുള്ള അഭിപ്രായം. ഇളയ കുട്ടികളെക്കാൾ അൽപ്പം പ്രായവ്യത്യാസം ഉണ്ട്. അതിനാൽ അവരെ ശാസിക്കുകയും അനുസരിപ്പിക്കുകയും ചെയ്തിരുന്ന മീര. ദാ, ഒരു മിന്നൽപിണർ! പേടിച്ച് അതാ മൂന്നുപേരും അമ്മയുടെ പുറകിൽ ഒളിക്കുന്നു.
 
“ഇടി മുഴങ്ങുമ്പോഴേ തുള്ളിച്ചാടാറുള്ള പിള്ളാരാ. എന്നാൽ ഒരു മിന്നൽ പിണർ കണ്ടാൽ എന്താ പേടി” – അവരുടെ മത്സരം കണ്ട് അമ്മ സ്നേഹവായ്പോടെ ശകാരിക്കുന്നു. മീര അറിയാതെ ചിരിച്ചുപോയി.

 

പെട്ടെന്ന് ആ ചിത്രം മാഞ്ഞുപോയി. എവിടെ പോയി ആ മൂന്നു കുട്ടികൾ? എവിടെ പോയൊളിച്ചു അമ്മയുടെ ശകാരവർഷവും സാന്ത്വനവാക്കുകളും? എവിടെ ആ കടലാസ്സുതോണികൾ? ഇല്ല, ഒന്നുമില്ല. എല്ലാം മാഞ്ഞുപോയി ആ മഴയത്ത്. മഴ മാത്രം തിമിർത്തു പെയ്യുന്നുണ്ട്. ഏകാകിയാണ് താനിപ്പോൾ എന്നവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. തന്നെപോലെ ഏകാകിനിയല്ലേ ഈ മഴയും?   

ജീവന്റെ പുതു തുടിപ്പുകൾപോൽ മഴ തിമിർത്തു പെയ്യുന്നു. വിങ്ങിനിൽക്കും ആകാശത്തിന്റെ നൊമ്പരതുള്ളുകൾ, നൊമ്പരപ്പൊട്ടുകൾ – പെയ്തൊഴിയുന്ന ഓരോ മഴത്തുള്ളിയും. അതോ, നീറി നിൽക്കും ആത്മാവുകൾക്ക് കുളിരായി പ്രകൃതി നൽകും സാന്ത്വന സംഗീതമോ? അനുവാദത്തിനുപോലും കാത്തുനിൽക്കാതെ, പ്രകൃതിയുടെ നിശ്ശബ്ദതയെ ആവാഹിച്ചുകൊണ്ട് ഒഴുകിയെത്തുമീ മഴച്ചാറലുകൾ ആർക്കെല്ലാം ആശ്വാസമേകുന്നു? ആർക്കെല്ലാം ദുഃഖങ്ങൾ നൽകുന്നു? ആർക്കെല്ലാം സന്തോഷം നൽകുന്നു? സൂര്യദേവന്റെ ശാപമേറ്റുവാങ്ങി ഭൂമീദേവി വിങ്ങിപൊട്ടുമ്പോൾ വരുണദേവന്റെ കൃപാകടാക്ഷമെന്നപോൽ മഴദേവത ഭൂമിയിൽ വർഷിക്കുമ്പോൾ എരിഞ്ഞുതീരുന്ന ജ്വാലാമുഖികൾ……മഴയുടെ പുതിയ നിർവ്വചനങ്ങൾ കണ്ടെത്താൻ ശ്രമിക്കവേ, വീണ്ടും അവളുടെ മനസ്സ് കുട്ടിക്കാലത്തിന്റെ പുൽമേടുകളിൽ അലഞ്ഞുതുടങ്ങി. 
 
മഴയത്ത് കളിക്കാനും കുളിയ്ക്കാനും എന്ത് ഉത്സാഹമായിരുന്നു കുട്ടികാലത്ത്. മഴയൊന്നുറച്ച് പെയ്തു തോർന്നാൽ കടലാസ്സു തോണികളുമായ് വെള്ളത്തിലിറങ്ങുന്നതും നീർക്കുമിളകളെ നോക്കിയിരിക്കുന്നതും ഇഷ്ടവിനോദങ്ങളിൽ ഒന്ന്. വെള്ളത്തിൽ നീർക്കുമിള പൊങ്ങിവരുമ്പോൾ അതുകണ്ട് ആമോദിക്കും, കണ്ണുകളാൽ പിന്തുടരും. അത് എത്രനേരം നിൽക്കും, അതായിരിക്കും ചിന്ത. അത് പൊട്ടുമ്പോൾ ചിലപ്പോൾ സങ്കടം വരും. പിന്നെ പോകും, മറ്റേതെങ്കിലും കുമിളയുടെ പുറകെ.   
 
ഒരിക്കൽ ആലിപ്പഴങ്ങൾ ആകാശത്തു നിന്നും പെയ്തിറങ്ങിയപ്പോൾ അവ മത്സരിച്ച് പെറുക്കിയെടുത്തത് കുട്ടികാലത്തെ ചിതലരിക്കാത്ത മികച്ച ഓർമകളിലൊന്ന്. അന്ന് നമ്മൾ മൂന്നുപേരും എത്ര ഉത്സാഹത്തോടെയാണ് ആലിപ്പഴങ്ങൾ ശേഖരിച്ചുവച്ചത്. എല്ലാം ഇന്നലെ എന്ന പോലെ ഓർക്കുന്നു, ഒന്നും മറവിയിലേക്ക് മാഞ്ഞുപോയിട്ടില്ല. നാളുകൾക്ക് ശേഷം ഓർമ വന്നപ്പോൾ അവ എടുത്തുനോക്കിയപ്പോൾ കണ്ടത് കുറച്ച് വെള്ളം മാത്രം. അന്ന് നമുക്കറിയില്ലല്ലോ ഐസ് ആണ് വെള്ളമായ് മാറിയതെന്ന്. ആ അബദ്ധം വീണ്ടും ഓർത്തപ്പോൾ ഒരു പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു. അത് മായാതെ അവിടെ തങ്ങി കുറച്ചുനേരം കൂടി. ഇപ്പോൾ കുട്ടിക്കാല ഓർമ്മകൾ പലതും നൊസ്റ്റാൾജിയ. എല്ലാരും വളർന്നു. എങ്കിലും മഴ വരുമ്പോഴും മിന്നല്പിണരുകളെ കാണുമ്പോഴും ആദ്യം നമ്മൾ പറയുക, കുട്ടികാലത്തെ കടലാസ്സു തോണികളെകുറിച്ചതാണ്. 
 
അവൾ തന്റെ വലതുകൈ ജനാലയിലൂടെ പുറത്തേക്ക് നീട്ടി, ഒരു കൊച്ചു കുട്ടിയെ പോലെ. വെള്ളത്തുള്ളികൾ അവളുടെ കൈയ്യിലൂടെ താഴേക്ക് ഒഴുകിത്തുടങ്ങി. അവൾ അതും നോക്കിയിരുന്നു. ജലകണങ്ങൾ കൈതലത്തിൽ പതിക്കുമ്പോൾ അതിനൊരു താളമുണ്ടെന്നു അവൾക്കു തോന്നി. ആ താളത്തിന്റെ ഭാഷയും സംഗീതത്തിന്റെ സ്വരവും ശ്രവിക്കുവാൻ അവൾ ഒരു ശ്രമം തുടങ്ങി.
 
“മീരേ”, അമ്മുവേട്ടത്തിയാണ്‌, “വെറുതെ മഴ നനയരുത് കുട്ടീ. പണി പിടിക്കും. ഓർമയുണ്ടല്ലോ, അന്ന് എങ്ങനെയാ പനി വന്നതെന്ന്?”

മീരയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവർ പടവുകളിറങ്ങിപോയി, സ്വയം പറഞ്ഞുകൊണ്ട്, “ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരം. നാണക്കേടുണ്ടോ മഴയത്തിരുന്നു കളിക്കുന്നു.”

പെട്ടെന്നവൾക്ക്  ഓർമ്മ വന്നു, കഴിഞ്ഞ പ്രാവശ്യം പനി പിടിച്ചതെങ്ങനെയെന്ന്. എവിടെയോ വായിച്ചതാണ്, ‘മഴയ്ക്കും ഉണ്ട് ഒരു സംഗീതം. ആ സംഗീതം കേൾക്കണമെങ്കിൽ മഴയിലേക്കിറങ്ങി ചെല്ലണം’, എന്ന്. ഒരു ദിവസം പൂന്തോട്ടത്തിലിരുന്നപ്പോൾ പെട്ടെന്ന് ആകാശം കറുത്തു, മഴത്തുള്ളികൾ അവളുടെ ദേഹത്ത് വീണു തുടങ്ങി. പെട്ടെന്നാണ് മഴയുടെ സംഗീതം ഓർമ്മ വന്നത്. എഴുന്നേൽക്കാൻ തോന്നിയില്ല. ആ പുസ്തകത്തിലെ ചില സന്ദർഭങ്ങളും ആലോചിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു. ചെറിയ മഴയല്ലേ, കാര്യമാക്കിയില്ല. പിന്നീടാണ് മനസ്സിലായത് കളി കാര്യമായെന്ന്.

ഓർക്കുമ്പോൾ ചിരി വരുന്നു. അമ്മുവേട്ടത്തി പറഞ്ഞത് ശരി തന്നെ, താൻ ഇപ്പോഴും ഒരു കൊച്ചു കുട്ടി തന്നെ. ദുഃഖത്തിനുമുണ്ടോ ഒരു സംഗീതം? വിഷാദമാണോ അതിനു താളമിടുന്നത്? അവൾ സ്വയം ചോദിച്ചു. അത് ശ്രവിക്കാൻ നാം ശ്രമിക്കേണ്ട, സ്വയം നമ്മുടെ അരികിലെത്തിയേക്കാം – മനസ്സ് മറുപടി പറയുന്നതുപോലെ അവൾക്ക് തോന്നി.

ഇന്ന് പാട്ടുക്ലാസ് ഉണ്ടായിരുന്നു. അടുത്ത വീടുകളിലെ കുട്ടികളാണ് മിക്കവരും. മഴയ്ക്ക് തൊട്ടുമുമ്പായിട്ടാണ് അവർ മടങ്ങിപോയത്. അവൾ പെട്ടെന്നോർത്തു, ഇവിടെ വന്നപ്പോൾ ഒരു വീണയെ കണ്ടുവല്ലോ. അത് ഭദ്രമായി ഒതുക്കിവച്ചതാണ് ഒരു മുറിയിൽ. പണ്ട് തുടങ്ങി വച്ചതാണ്, കുറച്ചു പഠിച്ചിട്ടുണ്ട്. ആ വീണ എവിടെ പോയി? അതിനെകുറിച്ച് ഇത്രയും കാലവും ഓർക്കാത്തതെന്തേ? മഴത്തുള്ളികൾ കൈവിരലുകളിൽ ശ്രുതിമീട്ടിയപ്പോഴല്ലേ വീണ്ടും ഓർത്തത്. പെട്ടെന്നവൾ താഴെയിറങ്ങി.

ഒരു മുറിയിൽ ഒതുക്കിവച്ചിരുന്ന വീണയെ അവൾ കണ്ടു. പുറത്ത് മൂടിയിരുന്ന തുണി എടുത്ത് കുടഞ്ഞപ്പോൾ പൊടി കാരണം തുമ്മൽ വന്നു. ഒരു തുണികൊണ്ട് തുടച്ച് വീണയെ വൃത്തിയാക്കി. അതിന്റെ കമ്പികൾക്കെല്ലാം പഴക്കം വന്നിരിക്കുന്നു. തറയിൽ ഇരുന്നശേഷം അവൾ മെല്ലെയെടുത്തതിനെ മടിയിൽ വച്ചു. അതിന്റെ കമ്പികളിലൊന്ന് തൊട്ടതേ ഉള്ളൂ, അത് മനോഹരമായൊരു ഈണം പുറപ്പെടുവിച്ചു, ഇത്രയും നാളത്തെ വീർപ്പുമുട്ടലിൽ നിന്നും വളരെ പെട്ടെന്നൊരു മോചനം കിട്ടിയ സന്തോഷത്തോടെ. അവൾ വീണയോട് കവിൾചേർത്തു മന്ത്രിച്ചു,

“ഇത്രയും നാൾ നീ എന്തേ മൗനമായിരുന്നു?”

“എന്നെ മീട്ടാനൊരു വിരൽ വേണ്ടേ? അല്ലാതെ എന്നെക്കൊണ്ടാവുമോ തനിയെ?”‘ – വീണ പറയുന്നതുപോലെ തോന്നി മീരയ്ക്ക്. വായ് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പറഞ്ഞേനേ. എന്നാലും, അത് സ്വന്തം തന്ത്രികളാൽ തനിക്ക് കഴിയുന്ന വിധത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു. അവൾ അതിമനോഹരമായൊരു ഗാനം മീട്ടി. താൻ ആ വീണയുടെ പുനർജനിക്കുന്നതായി അവൾക്ക് തോന്നി. അപ്പോഴും പുറത്ത് മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ ആ ഈണം ഏറ്റുപാടി നൃത്തം ചെയ്യുകയാണോ?  

 
 
(Visited 89 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

1 Response

Leave a Reply to Rajiv Bakshi Cancel reply

Your email address will not be published. Required fields are marked *

error: