മലയാളം ട്വീറ്റുകൾ – part 2

“പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുക എളുപ്പമല്ല….പിടിക്കപ്പെടും .. ഏതെങ്കിലും കുറുക്ക് വഴിയിലിട്ട് പിടിക്കപെടാം. നേരായ വഴിയാ എനിക്കിഷ്ടം എപ്പോഴും”
“ആ കാത്തിരിപ്പുകളിൽ പലതും നോക്കിയിരുപ്പുകളിൽ അവസാനിക്കുമോ എന്ന് പറയാനാവില്ലിപ്പോൾ”
“എല്ലാർക്കും ഉണ്ടാവുമല്ലേ നടക്കാത്ത കുറെ സിമ്പിൾ മോഹങ്ങൾ – ഒരു പൂമ്പാറ്റയെ പിടിക്കുക, ഒരു മിന്നാമിനുങ്ങിയെ കൈയ്യിലൊതുക്കുക, മഴവില്ലിൻ തൊട്ടുനോക്കുക…… ഇതൊക്കെ ആവാം അവയിൽ ചിലത്. നടക്കാത്ത കുഞ്ഞു മോഹങ്ങൾപോലും നൊസ്റ്റാൾജിക് ആണ് നമ്മളിൽ പലർക്കും “
“മഴവില്ലിൻ തൊട്ടുനോക്കാൻ ആഗ്രഹിക്കാത്ത നിങ്ങളിൽ ഒരാളുണ്ടോ ഈ കൂട്ടത്തിൽ? “
” വിശ്വാസം മരിക്കുമ്പോൾ അകലുന്നു അടുത്ത ഹൃദയങ്ങൾ പോലും …..”
” കുഴപ്പമില്ല തിരിച്ചു വന്നു എടുത്തുകൊണ്ട് പൊയ്ക്കോ മറന്നുവച്ചു പോയതെല്ലാം”
“കണ്ണീരിനു വിട അടുത്ത ഋതുകാലം വരെ …. അതുവരെ നമുക്കിങ്ങനെ സ്വപ്‌നങ്ങൾ എണ്ണിയിരിക്കാം …. നൊമ്പരങ്ങളുടെ കഥപറഞ്ഞും…..”
“ഇപ്പൊ മനസിലായി എണ്ണിയത് മഴത്തുള്ളികളല്ല കണ്ണുനീർമുത്തുകളെ ആണെന്ന്”
or “ഇപ്പോഴാ മനസ്സിലായത് …… എണ്ണിയത് മഴത്തുള്ളികളല്ല കണ്ണുനീർമുത്തുകളെ ആണെന്ന്”
“പൊട്ടിയ വളച്ചില്ലുകൾ പെറുക്കിയെടുക്കുന്ന ഒരു ബാല്യകാലം ഉണ്ടാകുമോ വരും തലമുറകൾക്ക്? നീട്ടിയാടുന്ന ഊഞ്ഞാലുകളും പുസ്തകത്താളുകളിലെ മയിൽപ്പീലിത്തണ്ടും “
“എനിക്കിഷ്ടമാണ് കുഞ്ഞുങ്ങളെ…പിറന്നവരെയും പിറക്കാതെ പോയവരെയും …. #ഭ്രൂണഹത്യ“
“പലപ്പോഴും ഒരു മൂന്നാമൻ ഇടയ്‌ക്ക്‌കേറി വരുമ്പോഴാണ് ഒരു സ്നേഹബന്ധത്തിന്റെ ശരിക്കുള്ള ദൃഢത ബോധ്യപ്പെടുന്നത് “
#കേട്ടുകേൾവി
“ബന്ധം ഒരിക്കലും ബന്ധനം ആവില്ല പരസ്പരം അംഗീകരിക്കാൻ തയ്യാറായാൽ”
“പെട്ടെന്ന് ക്ഷോഭിക്കുകയും അടിയുണ്ടാക്കുകയും ചെയ്യുന്ന നല്ലൊരു ശതമാനം ആളുകളും പൊയ്മുഖം അണിയാത്തവരായിരിക്കും “
#നിഷ്കളങ്കർ
“തെറ്റാണെന്നറിയാതെയും മനുഷ്യൻ തെറ്റ് ചെയ്യുന്നു …. ശരിയിലേക്ക് നയിക്കാൻ പ്രേരണ ഇല്ലെങ്കിലും……. “
“ഞാൻ തിരിച്ചൊന്ന് നടന്നു നോക്കട്ടെ
എന്നിൽ നിന്നും ഓടിയ നിഴൽ
തിരിച്ചുവരുമോ എന്ന് നോക്കാനാണ് “
“നമ്മുടെ കുട്ടികളിലൂടെ നമ്മുടെ ബാല്യം പുനർജനിക്കുന്നു….
എനിക്കും കിട്ടിയിട്ടുണ്ട് എന്റെ കുഞ്ഞിലൂടൊരു പുനർജനനം. “
“സൂര്യനസ്തമിക്കുന്ന സായാഹ്നം
സിന്തൂരസന്ധ്യയുടെ ചോപ്പ്
ചക്രവാളത്തിലേക്കകലുന്ന പക്ഷികൾ
ഏകയായ് കടൽത്തീരത്തങ്ങനെ നിൽക്കണം
ഞാനായ് പൊയ്മുഖങ്ങളില്ലാതെ”
“വിശ്വാസം ശക്തമാണെങ്കിൽ ആ വ്യക്തിയെ തോൽപ്പിക്കുക എളുപ്പമല്ല”
“പ്രണയം രണ്ടുവിധം ……..
നിന്നോടൊപ്പം ജീവിച്ചുനോക്കാം എന്ന് ചിന്തിച്ചു ഒരുമിക്കുന്നവരുണ്ട്
നീയില്ലാതെ എനിക്ക് ജീവിതമില്ല എന്ന് ചിന്തിച്ചു ഒരുമിക്കുന്നവരുമുണ്ട്. “
“ഒരാൾ ശരിയും ഒരാൾ തെറ്റും ആകുന്നത് കൊണ്ടല്ല 90 % ബന്ധങ്ങൾ അവസാനിക്കുന്നത്, പരസ്പരം ശരി ആകാത്തതുകൊണ്ടാണ് ……”
“സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് സമ്മാനങ്ങൾ കൈമാറുമ്പോൾ എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ കിട്ടുന്നുണ്ടോ എന്നുറപ്പ് വരുത്തേണ്ട ദൗത്യം അധ്യാപകർക്കില്ലേ? എനിക്ക് സമ്മാനം നൽകാൻ ഒരു സുഹൃത്തില്ല എന്ന് തിരിച്ചറിഞ്ഞു നനയുന്ന കണ്ണുകൾ ഉണ്ടാവാം സന്തോഷം തിളങ്ങുന്ന കണ്ണുകൾക്കിടയിൽ. എല്ലാകുട്ടികൾക്കും സമ്മാനം കിട്ടുന്ന രീതിയിൽ ഒരു സുഹൃത്തിനെ നറുക്കിട്ട് ‘ഉണ്ണിയേശു’ ആയി തിരഞ്ഞെടുത്തു സമ്മാനം കൊടുക്കുന്ന കൊച്ചുപരിപാടികൾ ചെയ്യണം. ഇന്ന് ഞാൻ കണ്ടു നിഷ്കളങ്കമായ ആ കണ്ണുനീർ എന്റെ 9 വയസുകാരി മകളുടെ കണ്ണുകളിൽ. അവൾ പറഞ്ഞു, ആരും കാണാതെയെ ഞാൻ കരഞ്ഞുള്ളൂ. അവൾ strong ആണ് അവളുടെ അമ്മയേക്കാൾ….”
“പരാജയം സ്വയം ഏറ്റുവാങ്ങും വരെ നാം തോൽക്കുന്നില്ല മരണം നമ്മളെ തോൽപ്പിച്ചില്ല എങ്കിൽ”
“നീ തോറ്റുവെന്ന് ആവർത്തിച്ചു വിശ്വസിപ്പിക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കുന്നതാണ് ഏറ്റവും മനഃസംതൃപ്തി തരുന്ന വിജയം”
“പ്രിയരിൽ ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും തിരിച്ചുപോകുമ്പോൾ നമ്മുടെ ചില പ്രിയ ഇഷ്ടങ്ങളെയാവും കൂടെ കൂട്ടുക …”
“ചിന്തകളുടെ നിയന്ത്രണം മറ്റൊരാൾക്ക് കൈമാറിയാൽ പിന്നെ നാം ജീവിക്കുക ഒരു അപരനായിട്ടായിരിക്കും…..”
“നമ്മൾ സ്നേഹിക്കുന്നവർ സന്തോഷമായിരിക്കുന്നത് നമ്മളുടെ കൂടെ വിജയമാണ്, ഒപ്പം ഞാൻ ഇല്ലെങ്കിലും….”
“കണ്ണുകൾക്ക് സംസാരിക്കാൻ അറിയാമെങ്കിൽ വാക്കുകൾ പ്രസക്തമല്ല”
“ഒരു ബന്ധത്തിൽ കുരുങ്ങികിടക്കേണ്ടതാണോ മനുഷ്യജൻമം? എന്തുകൊണ്ട് പലരും അതിനായ് ഒരു ജന്മം ഹോമിക്കുന്നു?”
” യക്ഷിയും ഗന്ധർവനുമൊക്കെ ഈശ്വരന്റെ സൃഷ്ടി എന്നാണല്ലോ വേദങ്ങളിൽ പോലും പറയുന്നത്”
“ഇല്ലാത്ത തിരക്ക് നടിച്ചു തിടുക്കത്തിൽ നടന്നകലുന്നവരോട് പുഞ്ചിരിയോടെ എനിക്കും പറയാനാകണം, ‘ഞാനും തിരക്കിലാണ്’.”
“സൗകര്യാർത്ഥം നാം പലതും പിന്നീടേയ്ക്ക് മാറ്റിവെയ്ക്കുമ്പോൾ കാലം അതിന്റെ സൗകര്യ പ്രകാരം അവയെ ചവറ്റുകുട്ടയിൽ ഇടുന്നു”
“എന്റെ കാര്യം മിക്കവാറും ഇങ്ങനെയാ, എനിക്ക് വിധിച്ചിട്ടുള്ളവ വലിയ പ്രയാസങ്ങളില്ലാതെ കിട്ടും. ഞാൻ ആഗ്രഹിക്കുന്നതിലേറെയും പ്രാർത്ഥനകളിൽ മാത്രമായ് ഒതുങ്ങും “
“മരണം അതിന്റെ സ്വാർഥതയാൽ കൂടെ കൊണ്ടുപോകുന്നു ഇഷ്ടപ്പെട്ടവരെയെല്ലാം”
“നിന്റെ നഷ്ടങ്ങൾക്കൊപ്പം ഞാനായിട്ടുണ്ടാക്കുന്നവ എഴുതിച്ചേർക്കാൻ ആഗ്രഹിക്കില്ല ഞാനൊരിക്കലും”
“ഒരാൾക്ക് ചെയ്യുന്ന ഉപകാരം അയാൾ ഓർക്കണമെന്ന് പ്രതീക്ഷിച്ചിരിക്കരുത്. മറ്റാരെങ്കിലുമായിരിക്കും നമുക്കത് തിരിച്ചുചെയ്യുക, ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തൊരാൾ. “
“ഞാനാണ് ഏറ്റവും വലിയ മിടുക്കൻ എന്ന് സ്വയംവിശ്വസിക്കുന്നവരാണ് മറ്റുള്ളവരെ പരിഹസിക്കുന്നതും നന്മകൾ കാണാതെ പോവുന്നതും. ഒപ്പം, താൻ ചെറുതാവുമോ എന്ന ചിന്ത “
“സ്നേഹം എന്തെന്ന് പഠിപ്പിക്കാനും എത്താറുണ്ട് ചിലർ നമ്മുടെ ജീവിത യാത്രക്കിടയിൽ പലകുറി “
“നമ്മൾ ഏറ്റവും സ്നേഹിക്കുന്നവരായിരിക്കും ഏറ്റവും വേദനിപ്പിക്കുന്നതും. പലപ്പോഴും ആ ഒരു കാരണത്താൽ നമ്മുടെ സ്നേഹം നിലയ്ക്കാറില്ല.”
“പരീക്ഷണങ്ങൾ എന്ന് കരുതി ആശ്വസിച്ചിരുന്നു പലതും
ഇപ്പോൾ തോന്നുന്നു അതെല്ലാം ശാപമായിരുന്നു എന്ന് “
“ഞാൻ പ്രണയിക്കുന്നു………
സ്നേഹിക്കുന്ന എല്ലാരേയും ചേർത്തുപിടിക്കാൻ –
കഴിയുന്നൊരീനിമിഷത്തെ…….
വിട്ടുപോയിട്ടുണ്ടാവാം പല കണ്ണികളും –
ഞാൻ കോർക്കേണമെന്നാഗ്രഹിച്ചവ….
എന്നാലും….. “
” നിനക്കന്നു പറഞ്ഞുകൂടായിരുന്നോ ഞാൻ വെറുമൊരു പകരക്കാരി മാത്രമെന്ന്.
എങ്കിൽ ഞാനിത്ര ആത്മാർഥത കാണിക്കില്ലായിരുന്നല്ലോ”
“വന്നതോ സ്വപ്നത്തിൻ മാരിവിൽപൂവുപോൽ
പെയ്തതോ തുഷാരത്തിൻ ചെറുതുള്ളി കണികയായ്
പൂക്കുന്നു പുഞ്ചിരി തെളിമാന വർണ്ണംപോൽ
വീണ്ടും ഉദിക്കുന്നു സൂര്യൻ നിറമെഴും വർണപീലിപോലെ “
“എനിക്കിഷ്ടമാണ് വാക്കുകളെ പ്രണയിക്കുവാൻ. “
“സ്നേഹം ഒരുപാട് കൂടുമ്പോൾ അങ്ങനെയൊക്കെയാ, ചില നൊമ്പരപ്പെടുത്തുന്ന ഓർമകളെ നമ്മൾ തടവുകാരായി വയ്ക്കും”
“ഞാൻ കൊതിക്കുന്നത് മുഖം നോക്കി അപ്രിയസത്യങ്ങൾ പറയാൻ കൊതിക്കുന്നവരുടെ സഹവാസം, സുഖമുള്ള കളവുകൾ പറയുന്നവരെക്കാളും. കാരണം എനിക്ക് വളരണം”
“വലിയ പുളിങ്കൊമ്പത്തെ ആളൊന്നും ആകേണ്ട, വെറും സാധാരണക്കാരനായ ഒരു മനുഷ്യൻ ആയാൽ മതി. പക്ഷെ വാക്കുകളിൽ സത്യസന്ധൻ ആയിരിക്കണം, ഒരാളുടെ മനസ്സിൽ കേറിപറ്റാൻ”
“മൂടുപടങ്ങൾ പൊഴിഞ്ഞുവീഴുക തന്നെ ചെയ്യും
സൂര്യരശ്മിയിൽ അലിഞ്ഞുവീഴുന്ന മഞ്ഞിന്റെ ആയുസിന്റെ അത്ര…….
ഒരു മാത്ര കാഴ്ച മറയ്ക്കാൻ കഴിയുമെങ്കിലും”
“സ്ത്രീയുടെ ഹൃദയം തൊട്ട കണ്ണുനീർ തുള്ളികൾക്ക് ശാപവാക്കുകളുടെ ശക്തിയുണ്ട്
#കേട്ടുകേൾവി “
“എല്ലാ കാലത്തും ഉണ്ടായിരുന്നു, മനുഷ്വത്വത്തെ ചൊല്ലിയും പണത്തിന്റെ പിന്നാലെയുള്ള ഓട്ടത്തെ കുറിച്ചുമുള്ള കഥകൾ. കഥകളിൽ പുതുമയില്ല, ആവർത്തന വിരസത മാത്രം. “
“ശാന്തിയുടെ ഗീതം പാടുവാൻ
ദ്രുതതാളത്തിൽ നൃത്തച്ചുവട് വയ്ക്കുവാൻ
നിങ്ങൾക്കൊരു മാസ്മരലോകം തീർക്കുവാൻ
ഞങ്ങളുമെത്തി ഏഴുവർണങ്ങളായി 🌈🌈 “
“വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് മുകളിലായി, നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴാണ് വ്യക്തി ബന്ധങ്ങൾ നിലനിൽക്കുന്നത്”
“ഒരു ശതമാനം സാധ്യത പോലും ഇല്ലാ എന്നറിഞ്ഞുകൊണ്ടു തന്നെ ഒരു അത്ഭുതം പ്രതീക്ഷിച്ചുകൊണ്ട് പ്രവർത്തിയിൽ മുഴുകുന്നവർ ഉണ്ട് “
“ഒരേ കാഴ്ചകൾ ഒരേ ഗാനങ്ങൾ ഒരേ മുഖങ്ങൾ
ആനന്ദം തരുന്ന നിമിഷങ്ങളുമുണ്ട്
അരോചകത്വം തോന്നുന്നവയും “
“കൂടെ കരുതാൻ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ചില വിട്ടുവീഴ്ചകൾ എല്ലാരും ചെയ്യും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ ഒരു ശതമാനം പോലും ചെയ്തുവെന്ന് വരില്ല “
“യുക്തികൊണ്ട് തെളിവെടുപ്പ് നടത്താൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഈ ലോകത്തിൽ “
“വഞ്ചിക്കുന്ന പെണ്ണിനെ കുറിച്ച് ‘തേപ്പു’ കഥകൾ പറയാൻ ഒരുപാടാളുണ്ട്. വഞ്ചിക്കപ്പെടുന്നത് സ്ത്രീ ആണെങ്കിൽ വാചാലമാകുന്ന ചുണ്ടുകൾ വിരളം”
“ജീവിതമെന്ന പുസ്തക താളുകളിൽ കുത്തികുറിക്കുന്ന അക്ഷരങ്ങൾ നാം.
വ്യത്യസ്ത കയ്യക്ഷരങ്ങൾ പോലെ ഓരോരുത്തർക്കും ഓരോ രീതികൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ”
“പിന്നിൽ നിന്നുമുള്ള മൂർച്ചയേറിയ ആയുധങ്ങൾ കാണാതെ പോകുന്ന കണ്ണുകൾ……”
“കൂടെ നിൽക്കുന്നവർക്കാണ് നമ്മളെ തോൽപ്പിക്കാൻ എളുപ്പം, പാവം കണ്ണിന് മുന്നിലുള്ള കാഴ്ചകൾ മാത്രമല്ലേ കാണാൻ കഴിയൂ….”
“കാലം തിരഞ്ഞ് കൊണ്ടുവന്ന് നിൻ കൺമുമ്പിൽ നിർത്തിതരും
ആവേശത്താൽ നീ ചികഞ്ഞെടുത്ത ശരിയിലെ തെറ്റുകൾ!!!!!”
“ഒരു തെറ്റോ ശരിയോ ഒരു നിമിഷത്തെ പ്രേരണയിൽ ജനിക്കുന്നില്ല. അതിനു പുറകിൽ ഒരു സാഹചര്യം ഉണ്ടാവാം, പറയാൻ ഒരു കഥയും.”
“നമുക്ക് നമ്മളിൽ വിശ്വാസം ഇല്ലെങ്കിൽ മറ്റൊരാളിൽ നിന്നും അത് പ്രതീക്ഷിക്കരുത് ഒരിക്കലും”
“ഉത്തരങ്ങൾ തേടിയിങ്ങനെ ഭ്രാന്തമായി അലയുമ്പോൾ
എല്ലാ ഉത്തരങ്ങളും കയ്യിൽ പിടിച്ചുകൊണ്ട്
ഒരാൾ കളിപ്പിച്ചാൽ എന്തായിരിക്കും തോന്നുക?
ചോദിക്കാനുള്ള ധൈര്യം നമുക്കില്ലെങ്കിലോ?
ചോദിച്ചാൽ ആ വ്യക്തിയെ നഷ്ടപ്പെടുമോ എന്ന പേടി….
ആ വ്യക്തിയെ കൈവിടാൻ കഴിയുന്നതിലേറെ പ്രിയപെട്ടതാണെങ്കിലോ?”
“മൂടിക്കിടക്കുന്ന മനസ്സ് പോലെയാണ് കർക്കിടകം
എങ്ങും തിങ്ങിനിൽക്കും കാർമേഘകൂട്ടുകൾ
പക്ഷെ ചിങ്ങപ്പുലരി ഇങ്ങെത്തിയാൽ
കാർമേഘങ്ങൾ അലിഞ്ഞില്ലാതാവുകയായി”
Recent Comments