അദ്ധ്യായം 2 – മനസ്സെന്ന വിശ്രമമില്ലാപക്ഷി

 
അമ്പലമണികളിൽ ഇടയ്ക്കിടെ ആരുടെയോ വിരലുകൾ പതിയുന്ന ശബ്ദം കേൾക്കാം. എന്നാൽ അവളുടെ മനസ്സിൽ അതിന്റെ അലകൾ ചെന്ന് പതിക്കുന്നില്ല. അവളുടെ ദൃഷ്ടിയും മനസ്സും നിശ്ചലമായ എന്തോ ഒന്നിൽ കൊളുത്തിയിരിക്കുകയാണിപ്പോൾ. അത് ഒരു പക്ഷിക്കൂടാണ്‌. അതിൽ അമ്മയുടെ വരവും കാത്തുകഴിയുന്ന മൂന്നു പക്ഷിക്കുഞ്ഞുങ്ങൾ. അങ്ങകലെ ആകാശത്തു പക്ഷികൾ പറന്നകലുന്നു പല ദിക്കുകളിലേക്ക്, അവയുടെ കൂടുകളിലേക്ക്. മനസ്സും വിശ്രമമില്ലാ പക്ഷിപോലെയാണ്, അലഞ്ഞുകൊണ്ടേയിരിക്കും …. തനിക്കായി വിധിച്ചിട്ടുള്ള ചില്ലയിൽ കൂടൊരുക്കുംവരെ.
 

അവൾ ചിന്തിച്ചു, കുഞ്ഞുങ്ങളുടെ അടുത്തെത്താൻ എത്രമാത്രം തിടുക്കം കാട്ടുകയാണവർ. ഒറ്റക്കായിരിക്കും കുഞ്ഞുങ്ങൾ കൂട്ടിലിപ്പോൾ. നാളെയേക്കുറിച്ച് ചിന്തിക്കാത്തവരാണീ പറവകൾ. എന്നാല്പോലും അവയ്ക്കുമില്ലേ ഒരു ലക്‌ഷ്യം? മനുഷ്യനെപോലെ ചിന്തിക്കാനുള്ള കഴിവ് ഈശ്വരൻ അവയ്ക്ക് നൽകിയിട്ടില്ല. എങ്കിൽപ്പോലും ഉറച്ച ഒരു ലക്‌ഷ്യം അവയ്ക്ക് നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങളെ പോറ്റുക, സംരക്ഷിക്കുക, അങ്ങനെ എന്തെല്ലാം കടമകൾ. അവയ്ക്കറിയാം നാളെ ആ കുഞ്ഞിച്ചിറകുകൾ വളരുമ്പോൾ അവ തങ്ങളെവിട്ടിട്ട് എന്നെന്നേക്കുമായി പറന്നകലുമെന്ന്. എന്നാലും എത്ര ഭംഗിയായി അവ ആ കടമകൾ നിർവഹിക്കുന്നു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. എന്നാൽ മനുഷ്യന്റെ കാര്യമോ? വിചിത്രം തന്നെ! പ്രകൃതി നമ്മെ എന്തെല്ലാം പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് പഠിച്ചെടുക്കാൻ ആർക്കാണിവിടെ സമയം?

‘പക്ഷികൾക്കുമുണ്ട് കടമകൾ. എന്റെ ജീവിതലക്ഷ്യമെന്ത്?’ – അവൾ സ്വയം ചോദിച്ചു. ചക്രവാളത്തിലേക്ക് പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെനോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. താനും ഒരു പക്ഷി ആയിരുന്നെങ്കിൽ എന്ന് മോഹിച്ചു അവളൊരു നിമിഷം. പിന്നെ വീണ്ടും ചിന്തകളുടെ കോണിപ്പടികളേറി, ലാഭനഷ്ടങ്ങളുടെ തിട്ടപ്പെടുത്താനാവാത്ത കണക്കുകൾ നോക്കുവാൻ.

“മീരേ…… മീരയുണ്ടോ മുകളിൽ?”

അമ്മുവേട്ടത്തിയുടെ വിളി പെട്ടെന്നവളെ ഓർമകളിൽ നിന്നും വിളിച്ചുണർത്തി.

“എന്താ ഏട്ടത്തി?”

“നീ നിന്റെ മൊബൈൽ എടുത്തില്ലേ? ആരോ വിളിക്കുന്നുണ്ട്. വന്നുനോക്ക്”.

പെട്ടന്നവൾ ഓർത്തു, ഇന്നല്ലേ കൃഷ്ണ വിളിക്കാമെന്ന് പറഞ്ഞിരുന്നത്. കോണിപ്പടി ഇറങ്ങി അവൾ ഓടിച്ചെന്ന് ഫോണെടുത്തു. അല്ല, ഇത് കൃഷ്ണ അല്ല.

“ഹലോ മീരയല്ലേ?”

“അതേ, എന്താ മിസ്റ്റർ ചാക്കോ?”

“വെള്ളിയാഴ്ച വയ്ക്കാൻ പറഞ്ഞ ഫയൽ നാളെ വൈകുന്നേരം തന്നെ വേണമെന്ന് മാനേജർ പറഞ്ഞു. ഇന്ന് മീര വരാത്തതുകൊണ്ടാണ് വിളിച്ചു പറയുന്നത്.”

ദേഷ്യമാണ് അവൾക്കപ്പോൾ തോന്നിയത്. മേലുദ്യോഗസ്ഥൻ താക്കോൽ കൊടുത്താലാടുന്ന പാവകൾ മാത്രമാണല്ലോ അവർ. അല്ലാതെ സ്വതന്ത്രരായി സഞ്ചരിക്കാനാവുമോ? പലപ്പോഴും തോന്നിയിട്ടുണ്ട്, ഈ ജോലി വലിച്ചെറിയണമെന്ന്‌. എന്നാൽ അപ്പോൾ മനസ്സിലോടി വരുന്നത് പലവക ചിന്തകളാണ്. ഒപ്പം സഹപ്രവർത്തകരുടെ സൗഹൃദത്തിന്റെ ഊഷ്മളതയും. ഒന്നുനോക്കിയാൽ പലതിൽനിന്നുമുള്ള ഒരു ഒളിച്ചോട്ടമല്ലേ ഈ ജോലി? ഒപ്പം അച്ഛന്റെ ഉപദേശവാക്കുകളും – നാം ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം. അല്ലെങ്കിലും എന്തിന്‌ ജോലി വേണ്ടെന്നുവയ്ക്കണം? പെട്ടെന്നവൾ എല്ലാവരേയും ഓർത്തു. എല്ലാരും നാട്ടിലാണ്. എത്രനാളായി വീട്ടിലൊന്ന് പോയിട്ട്. ചിന്തകൾ അങ്ങോട്ട് നീങ്ങിയപ്പോൾ ചാക്കോയ്ക്ക് മറുപടി പറയാൻ അവൾ മറന്നു.

“ഹലോ. എന്താ മീരേ ഒന്നും മിണ്ടാത്തത്?” – ചാക്കോയുടെ ശബ്ദം.

അവൾ പെട്ടെന്ന് തിരിച്ചുവന്നു, “ഏയ്, ഒന്നുമില്ല”.

“അതുപോട്ടേ, മീരയുടെ അസുഖം ഇപ്പോൾ എങ്ങനെയുണ്ട്? പനി മാറിയോ? രണ്ട് ദിവസമായല്ലോ കണ്ടിട്ട്”.

അപ്പോഴാണ് തന്റെ പനിയുടെ കാര്യം മീര ഓർമ്മിച്ചത്.

“കുറവുണ്ട്, നാളെ ഞാൻ വരും. ഫയൽ വൈകുന്നേരം വയ്ക്കാമെന്നു പറഞ്ഞോളൂ.”

ഫോൺ വയ്ച്ചശേഷം അവൾ വീണ്ടും കോണിപ്പടികേറി പഴയസ്ഥാനത്ത് നിലയുറപ്പിച്ചു. ചിന്തകൾ ഓടിയണഞ്ഞു അവളുടെ അരികിൽ വീണ്ടും.

പനിക്കും കണ്ണുനീരിനും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ടെന്നവൾക്ക് തോന്നി, മനസ്സും ശരീരവുമെന്നപോലെ. ദുഃഖത്തിന്റെ അളവുകോലായി കണ്ണുനീരും അസുഖത്തിന്റെ സാന്ദ്രത അളക്കാൻ പനിയും. അസുഖത്തോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് പനിയെന്നും ദുഃഖത്തോടുള്ള മനസ്സിന്റെ ആക്രമണമാണ് കണ്ണീരെന്നും മനസ്സിലാക്കുന്നവർ എത്ര? ശരീരത്തിന്റെ വിഷമതകൾ ഭേദമാക്കുന്ന പനിയെയും മനസ്സിന്റെ വിഷാദത്തെ ലഘൂകരിക്കുന്ന കണ്ണീരിനെയും കാണുമ്പോൾ എന്തിനാ നമ്മൾ വിഷമിക്കുന്നത്? എന്തിനു അകറ്റി നിർത്തുന്നു? പകരം സന്തോഷത്തോടെ ആശ്ലേഷിക്കുകയല്ലേ വേണ്ടത്?  പലപ്പോഴും അസുഖം അറിയാതെ പനിക്കും വേദന എന്തെന്നറിയാതെ കണ്ണീരിനും പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുന്നു മർത്ത്യൻ! എത്ര വിചിത്രമായ സത്യം!

ഇപ്പോൾ സൂര്യൻ പൂർണമായി അസ്തമിച്ചു കഴിഞ്ഞു. ഒരു നല്ല കാഴ്ച നഷ്ടപെട്ട നിരാശയിൽ അവൾ കോണിപ്പടിയിറങ്ങി. പിന്നെ ഏതോ ഒരു പുസ്തകമെടുത്ത് വായനയിൽ മുഴുകി. പക്ഷെ എന്തുകൊണ്ടോ മനസ്സ് അതിൽ ഉറയ്ക്കുന്നില്ല. അത് തീർത്തും അപരിചിതമായ ഏതോ വീഥികളിലൂടെ പാറിക്കളിച്ചു നടക്കുന്നു. ഒരുപക്ഷെ ഇന്നേവരെ കണ്ടുമുട്ടിയിട്ടില്ലാത്ത അജ്ഞാതമായ ഏതോ ലക്ഷ്യത്തെ തേടി ഇറങ്ങിയതാവാം. ചിന്തകൾ മനസ്സിനെ മഞ്ഞുപോലെ മൂടുന്നു.അവൾ പുസ്തകമടച്ചു വച്ചു.

അവളുടെ മനസ്സപ്പോൾ ഓടിയെത്തി, കൃഷ്ണയെ ആദ്യമായി കണ്ടുമുട്ടിയ സായാഹ്നത്തിൽ. ഇടയ്ക്കിടെ സായാഹ്നങ്ങളിൽ കടൽത്തീരത്തു പോവുക, അതും ഏകയായി, അത് അവൾക്ക് വളരെയേറെ ഇഷ്ടമാണ്. ഒരു മുഴുനീള ദിവസത്തെ ടെന്ഷനുകൾക്ക് ഒരു താൽക്കാലിക വിരാമം, കടൽത്തീരത്തെ ഓരോ മണൽത്തരികളുമവൾക്ക് നൽകുന്നു അവളുടെ പാദങ്ങൾ അവയെ തലോടുമ്പോൾ.

ഒരു ദിവസം പതിവുപോലെ കടൽത്തീരത്തിരിക്കുകയായിരുന്നു മീര. അന്ന് തിരക്ക് നന്നേ കുറവ്. എന്നാലും തെരുവിലെ കുട്ടികൾ കടൽത്തീരത്ത് കളിക്കുന്നത് കാണാം. അങ്ങകലെ ചക്രവാളത്തിൽ, ഒരു പൊട്ടു പോലെ മെല്ലെ നീങ്ങുന്ന കപ്പലിനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ. അപ്പോൾ തീർത്തും യാദൃശ്ചികമായി ഒരു യുവതി അടുത്തുവന്നു നിന്നു. എന്നിട്ട്, മുമ്പെങ്ങോ കണ്ടുമറന്ന ഒരു പരിചയക്കാരിയെപ്പോലെ മുഖത്തു നോക്കി പുഞ്ചിരിച്ചു. എന്തുചെയ്യണമെന്നറിയാതെ മീര ഉഴറിയ ഒരു നിമിഷം. പുഞ്ചിരി മനസ്സിൽ എവിടെയോ തട്ടി ചിതറി. അവൾ ആദ്യമേ സ്വയം പരിചയപ്പെടുത്തി,

“ഹലോ, എന്റെ പേര് കൃഷ്ണ. പേരെന്താ?”

“മീര” – ഒരു നിസ്സംഗഭാവം അപ്പോൾ മീരയുടെ മുഖത്ത്.

തന്റെ കയ്യിലിരുന്ന നിലക്കടല മീരയുടെ നേർക്ക് നീട്ടിക്കൊണ്ടവൾ പറഞ്ഞു,
“അത്ഭുതമായിരിക്കുന്നു. നമ്മുടെ പേരുകൾ തമ്മിൽ എത്ര അഭേദ്യമായൊരു ബന്ധമുണ്ട്! ശരിയല്ലേ?”

മീര കടല വാങ്ങാൻ വിസമ്മതിച്ചിരുന്നു.

“ഞാനിവിടെ ഇരുന്നോട്ടെ?” കൃഷ്ണ മീരയോട് അനുവാദം ചോദിച്ചു.

“അതിനെന്താ?”

കൃഷ്ണ മീരയുടെ അടുത്തിരുന്നു. അവൾ സംസാരിച്ചു തുടങ്ങി,
“ഞാൻ പലപ്പോഴും ഇവിടെവച്ച് കണ്ടിട്ടുണ്ട് കേട്ടോ. അപ്പോഴൊക്കെ കരുതാറുണ്ട്, ഒന്ന് പരിചയപ്പെടണമെന്ന്. ഇപ്പോഴാ തരപ്പെട്ടത്. ഞാൻ ടൗണിൽ ഒരു പ്രൈവറ്റ് ഫേമിൽ വർക്ക് ചെയ്യുന്നു, റിസപ്ഷണലിസ്‌റ്റായി. വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ താമസം. മീര എന്തുചെയ്യുന്നു?”

ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇത്രയേറെ സംസാരിക്കുന്ന കൃഷ്ണയെ മീരയ്‌ക്കൊരുപാട് ഇഷ്ടമായി. മനസ്സിൽ എന്തോ ഒരു അടുപ്പവും തോന്നി.

“ഞാനും ഈ നഗരത്തിൽ തന്നെയാ. ഒരു പ്രൈവറ്റ് ഫേമിൽ തന്നെയാണ് എന്റെയും ജോലി.”

“താമസം?”

“ഭദ്രദീപത്തിൽ. എല്ലാരും അങ്ങ് നാട്ടിലല്ലേ.”

“ആ വീട്ടിൽ തനിച്ചോ?” കൃഷ്ണക്ക് തന്റെ വിസ്മയം മറച്ചുവയ്ക്കാനായില്ല.

“അടുത്തടുത്ത് വീടുകൾ ഉണ്ടല്ലോ, പിന്നെ അമ്പലവും. സഹായത്തിനൊരാൾ കൂടെയുണ്ട്, അമ്മിണിയമ്മ. അമ്മുവേട്ടത്തി എന്നാണ് ഞാൻ വിളിക്കാറ്. ഒരു അകന്ന ബന്ധു. ഏട്ടത്തി വരാമെന്നേറ്റതുകൊണ്ട് മാത്രമാണ് അവിടെ തങ്ങാൻ അച്ഛൻ അനുവാദം തന്നത്. ഹോസ്റ്റൽ ജീവിതം! ഹോ! അത് ആലോചിക്കാനേ വയ്യ. ഒരു തടവറ”, മീര വാക്കുകളിൽ വാചാലയായി.

കൃഷ്ണയുടെ മുഖത്ത് ദൃശമായ വിസ്മയം ഇപ്പോഴും മാഞ്ഞിട്ടില്ല.

“എന്തേ? ഒറ്റപെട്ടതു പോലുള്ള ജീവിതം എന്നോർത്താനോ?”

“ഒരു ഭാർഗ്ഗവീനിലയം, അല്ലേ മീരേ?”

“ഏതാണ്ടതുപോലൊക്കെ തന്നെ. എന്താ?”

കൃഷ്ണ (എന്തോ ഓർത്തിട്ടെന്നപോലെ): അല്ലെങ്കിലും എല്ലാരും തനിച്ചാ.

അവൾ അവിടെയല്ല എന്ന് മീരക്ക് തോന്നി. ഒരു ‘രവിവർമ’ ചിത്രം പോലെയവൾ ഇരിക്കുന്നു. അവളുടെ ഇളംനീല സാരിയുടെ തുമ്പ് കാറ്റത്ത് ഇളകിയാടുന്നത് കാണാം, മറ്റൊരു നീല സമുദ്രം പോലെ. ചിന്തകളിൽ നിന്നും മനസ്സിനെ പിൻവലിപ്പിച്ച് കൃഷ്ണ അവളോട് ചോദിച്ചു,

“മീരയുടെ വീട്ടിൽ ആരൊക്കെയുണ്ട്?”

“അച്ഛൻ, അമ്മ, അനിയൻ, പിന്നെ ഒരു അനിയത്തിയും. അച്ഛൻ ഫോറസ്ട്രിയിൽ ആയിരുന്നു, ഇപ്പോൾ റിട്ടയേർഡ് ആയി. അമ്മ സ്കൂൾ അധ്യാപികയാണ്, ഇനി ഒരു വർഷം കൂടെയുണ്ട്. അനിയനും അനിയത്തിയും പഠിക്കുന്നു.”

“ഒരു കൊച്ചു സന്തുഷ്ട കുടുംബം. അല്ലേ മീരേ?”

“ഉം. കൃഷ്ണയ്ക്ക് ആരൊക്കെയുണ്ട്?”

പെട്ടന്നവളുടെ മുഖം, കാർമേഘങ്ങൾ വന്നണഞ്ഞ നീലാകാശം പോലെയാകുന്നത് മീര ശ്രദ്ധിച്ചു. അതുവരെ മുഖത്ത് തിളങ്ങിനിന്ന പുഞ്ചിരി എങ്ങോ അസ്തമിച്ചു. രണ്ട് കണ്ണുനീർത്തുള്ളികൾ അവളുടെ മിഴിക്കോണുകളിൽ തുളുമ്പി നിൽക്കുന്നത് മീര കണ്ടു. താൻ അരുതാത്തതെന്തെങ്കിലും പറഞ്ഞുവോ? മീര സ്വയം ചോദിച്ചു. മൗനം അവർക്കിടയിൽ ഭിത്തി കെട്ടുന്നതവൾ അറിഞ്ഞു, വാക്കുകളെ അതിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട്. അത് ഭഞ്ജിച്ചത് കൃഷ്ണ തന്നെയായിരുന്നു…..

“മീരേ, എനിക്ക് സ്വന്തമെന്നു പറയാൻ ഈ ലോകത്ത് ആരും തന്നെ ഇല്ല കുട്ടീ…..”

എന്തു പറയണമെന്നറിയാതെ മീര കുഴങ്ങി. കൃഷ്ണ തുടർന്നു,

“നമുക്ക് സ്വന്തമെന്ന് പറയാൻ എല്ലാവരും ഉള്ളപ്പോൾ അതിന്റെ വില അറിയണമെന്നില്ല. എന്നാൽ ഒരു നിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെടുമ്പോൾ…….”

മീരയുടെ മുഖം വാടി. അത് വായിച്ചെടുത്ത കൃഷ്ണ പെട്ടെന്ന് തന്റെ പുഞ്ചിരി വീണ്ടെടുത്തു. അത് വെറുമൊരു പൊയ്മുഖമാണെന്നു മീര തിരിച്ചറിഞ്ഞു. കൃഷ്ണ തുടർന്നു,

“അല്ലെങ്കിലും ഞാൻ ഇതൊക്കെ പറഞ്ഞ് എന്തിനാ മീരയെ കൂടുതൽ വിഷമിപ്പിക്കുന്നത്? ഞാൻ പോട്ടെ, പിന്നീടൊരിക്കൽ കാണാം നമുക്ക്. കാണണം.”

ആരെക്കുറിച്ചും ഒന്നുമറിയാൻ ആഗ്രഹിക്കാത്ത മീര. പക്ഷെ കൃഷ്ണയെ കൂടുതലറിയാനുള്ള ജിജ്ഞാസ അവളുടെ കണ്ണുകളിൽ തങ്ങി. പക്ഷെ അതെങ്ങനെയാ തീർത്തും അപരിചിതയായ കൃഷ്ണയോട് ചോദിക്കുക? അത് മനസ്സിലാക്കിയിട്ടെന്നപോലെ കൃഷ്ണ പറഞ്ഞു,

“എന്നെ കുറിച്ച് അറിയണമെന്നുണ്ടോ മീരയ്ക്ക്? എല്ലാം പറയാം, പിന്നീടൊരിക്കൽ. ഇപ്പോൾ പോകാൻ സമയമായി.”

അവർ എണീറ്റു, മണൽപ്പരപ്പിലൂടെ ദീർഘദൂരം നടന്നു, ഒന്നും മിണ്ടാതെ. പലയിടത്തും കാൽ താഴ്ന്നു പോകുന്നു, നല്ല കാറ്റുമുണ്ട്‌. നടക്കാൻ അൽപം പ്രയാസം. അവർ കൈകോർത്തു നീങ്ങി. അവിടെ നിന്നും ഒരു പുതിയ സൗഹൃദത്തിന് നാന്ദി കുറിക്കുകയായി.

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: