അദ്ധ്യായം 1 – ഭദ്രദീപം

 
അസ്തമയസന്ധ്യയുടെ നേരിയ കുങ്കുമനിറം ആകാശത്തെങ്ങും പാറിക്കിടക്കുന്നു. പ്രകൃതി എന്ന ചിത്രകാരൻ വരച്ച അതിസുന്ദരമായ ചിത്രം. ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു, തുറന്ന ജനാലയിലൂടവൾ. ഓർമകളുടെ ഇടനാഴിയിലൂടെ ആരുടെയോ കാലൊച്ചകൾ അകന്നകന്ന്‌ പോകുന്നതവൾ അറിയുന്നു. അവ്യക്തമായ ആ രൂപം വിളക്കേന്തി മുന്നേറുമ്പോൾ അരണ്ട വെളിച്ചത്തിൽ തെളിയുന്നു കല്ലിൽ കൊത്തിയ രൂപങ്ങൾ. മുന്നിൽ തെളിയുന്ന ഓരോ രൂപത്തിനും ഓരോ ഭാവങ്ങൾ. ഓരോന്നും ഭൂതകാലത്തിന്റെ ഓരോ ഏടുകൾ. ഓരോ നിറഭേദങ്ങളും കടന്നുപോകുമ്പോൾ നെടുവീർപ്പിടുന്നുണ്ട് അവൾ ഇടയ്ക്കിടെ. തീർത്തും ഏകാകിയാണവൾ ഇന്ന് – തോന്നലുകളിലെങ്കിലും.
 
ഒന്ന് നോക്കിയാൽ ഓരോ ബന്ധങ്ങളുടെ നൂലിഴകളും പൊട്ടിച്ചെറിയാനാണ് അവൾ ഇന്ന് ആഗ്രഹിക്കുന്നത്, കഴിയില്ല എന്നറിയാമായിരുന്നിട്ട് കൂടി. പക്ഷെ വീണ്ടും അവ ഇഴുകിച്ചേരുന്നു. കടമകളിൽ നിന്നും മുക്തിയുണ്ടോ മനുഷ്യന് ജീവിതത്തിന്റെ അന്ത്യയാമം കുറിക്കുന്ന നിമിഷം വരെ? വിശ്വാസാചരടുകൾ ഓരോന്നായി പൊട്ടുമ്പോഴും മനപ്പൂർവം പൊട്ടിച്ചെറിയാൻ ശ്രമിക്കുമ്പോഴും ദുഖിതയാവുന്നില്ല അവളിന്ന് പണ്ടത്തെപ്പോലെ. കാരണം അവ ഇന്ന് അവളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു.
 
തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു, ഒരൽപം വിജനമായ വീഥിയിലാണ് അവളുടെ ‘ഭദ്രദീപം’. പട്ടണം വളരെ അകലെയല്ല. എന്നാലും അവൾ ഇഷ്ടപ്പെടുന്നത് തിരക്കൊഴിഞ്ഞ ഈ നാട്ടിൻപുറം തന്നെ. എത്ര കാലമായി ആഗ്രഹിക്കുന്നു, ഇതുപോലുള്ളൊരു സ്ഥലത്തെ വാസം. അതിനൊത്തിട്ട് ഇപ്പോൾ കുറച്ചു വര്ഷങ്ങളേ ആയിട്ടുള്ളു. പട്ടണത്തിന്റെ ഹൃദയഭാഗത്തിലെ ഒരു അക്കൗണ്ടിംഗ് സ്ഥാപനത്താണ് ജോലി. ധാരാളം സുഹൃത്തുക്കൾ ഉണ്ടെങ്കിലും അവൾ തേടുന്നതോ ഈ ഏകാന്തനിമിഷങ്ങളെ. അവൾ എന്നും ഇവളുടെ പ്രിയകൂട്ടുകാരി. ഒഴിവു ദിവസങ്ങളിൽ അവൾ കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കുന്നു. അവ രണ്ടും ദൈവത്തിന്റെ അനുഗ്രഹമായി അവൾ കണക്കാക്കുന്നു, ഒപ്പം അധ്യാപനം പുണ്യമായും.
 
നാലുകെട്ട് പോലുള്ള ആ വീട് ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്നു. അവൾ പ്രത്യേകം തിരഞ്ഞെടുത്തതാണ്. പഴയ വീടായതിനാൽ വാടകയും കുറവ്. എന്നാൽ അസൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല, എല്ലാം ആവശ്യത്തിലും കൂടുതൽ.
 
വീട്ടുമുറ്റത്തൊരു തുളസിത്തറയുണ്ട്. അതിൽ ദിനവും സന്ധ്യക്ക് ദീപം തെളിയാറുണ്ട്. തുളസിയും മുല്ലയും റോസയുമെല്ലാം വിരിയുന്ന ഒരു ചെറിയ പൂന്തോട്ടവുമുണ്ട്. ചുവര്ചിത്രങ്ങളും കൊത്തുപണികളാലും സമ്പന്നമായ ആ വീട്ടിൽ നീണ്ട ഇടനാഴികളും കളപ്പുരയും അകത്തലവുമെല്ലാം ഉണ്ട്. പണ്ടേയുള്ള ഒരു സ്വപ്നമായിരുന്നു, ഇടനാഴികളുള്ള ഒരു വീട് പണിയുക. ചിന്തകൾ മനസിനെ കുത്തിനോവിക്കാൻ ശ്രമിക്കുമ്പോൾ ഇരുൾ വീണ ഇടനാഴികളിലൂടെ ഉലാത്തുക അവളുടെ പതിവാണ്. 
 

സാമാന്യം വലിപ്പമുള്ള ഇരുനിലകെട്ടിടം. മുകളിൽ രണ്ട മുറികളേ ഉള്ളൂ. പഴക്കം ചെന്നതെങ്കിലും ഇന്നും രാജകീയ പ്രൗഢിയോടെ നിലനിൽക്കുന്നു. എന്നാൽ അവിടെ ജീവനുള്ളവർ രണ്ടുപേർ മാത്രം – മീരയും അമ്മിണിയമ്മയും. ജീവനുണ്ടെങ്കിലും ഒരു ജീവച്ഛവമായി താൻ മാറിക്കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത് ഒരാൾ മാത്രം – മീര! പലപ്പോഴും ചിരിക്കുന്നു, കരയാൻ ശ്രമിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. എന്തിന്‌? തനിക്ക് ജീവനുണ്ടെന്ന് സ്വയം സമാധാനിക്കാനോ? അതോ, മറ്റുള്ളവരെ ബോധിപ്പിക്കാനോ? പലകുറി സ്വയം ചോദിച്ചിട്ടും ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താൻ അവൾക്ക് കഴിയുന്നില്ല. ഓരോ കടമകളും ചെയ്തുതീർക്കാനാവുന്നു എന്നത് മാത്രം ബോധ്യമായ സത്യം!

ദാ അമ്പലമണികൾ മുഴങ്ങുന്നു. കീർത്തനങ്ങളും കേൾക്കാം. ദീപാരാധനയ്ക്ക് സമയമായെന്ന് തോന്നുന്നു. കുട്ടിക്കാലത്തേയുള്ള ഒരു സ്വപ്നമാണ്, ഒരു അമ്പലത്തിനടുത്തുള്ള വീട്. അധികം ആരവങ്ങൾ ഇല്ലാത്ത തിരക്കൊഴിഞ്ഞ ഒരു കൊച്ചു അമ്പലം. ‘സുപ്രഭാതം’ കേട്ടുണരുക, രാവിലെയോ വൈകുന്നേരമോ പതിവായി അമ്പലത്തിൽ തൊഴാൻ പോവുക. ഭക്തിഗാനങ്ങൾ കേൾക്കുന്നതുതന്നെ മനസ്സിന് എന്തൊരു സുഖമാണ്. ചുറ്റമ്പലത്തിനുചുറ്റും ഏകയായി വെറുതെ നടക്കുക, ഓരോന്ന് ചിന്തിച്ചുകൊണ്ട് അല്ലെങ്കിൽ ഭഗവാനോട് ഓരോന്ന് പറഞ്ഞുകൊണ്ട്, അത് അവൾ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ഇഷ്ടദേവനാണ് ഇവിടത്തെയും പ്രതിഷ്ഠ, സാക്ഷാൽ അനന്തപദ്മനാഭൻ. ഏകാന്തതകളിൽ തനിക്കുള്ള കൂട്ടുകാരനാണ് കൃഷ്ണൻ എന്നൊരു തോന്നൽ. അമ്പലമണികളും ശംഖുനാദവും കേൾക്കുമ്പോൾ തന്നെ മനസ്സ് ആത്മീയമായ മറ്റൊരുലോകത്തേക്ക് പറന്നുയരുന്നതുപോലെ.      

(Visited 58 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: